india-bans-tik-tok

ന്യൂഡൽഹി: പ്രധാന ചൈനീസ് ആപ്പുകൾക്കെല്ലാം മുട്ടൻ പണി കൊടുത്ത് കേന്ദ്ര സർക്കാർ. ചൈനയുടെ പ്രധാന ആപ്പുകളായ വീ ചാറ്റ്, ടിക് ടോക്, യു.സി ബ്രൗസർ എന്നിവ ചൈനയുടെ ഏറ്റവും വരുമാനവും പ്രചാരവുമുള്ള ആപ്പുകളാണെന്ന് മാത്രമല്ല, ഉപഭോക്താക്കളുടെ വിവരങ്ങൾ ഏറ്റവും കൂടുതലായി ചോർത്തുന്ന കാര്യത്തിലും ഈ ആപ്പുകൾ മുൻപിൽ തന്നെയാണ്. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും, സുരക്ഷയ്ക്കും, പരമാധികാരത്തിനും, പൊതു വ്യവസ്ഥയ്ക്കും ഭീഷണിയാകുന്നു എന്ന് കണ്ടാണ് കേന്ദ്ര സർക്കാർ ഈ ശക്തമായ തീരുമാനം കൈക്കൊണ്ടത്.

ലഡാക്കിലെ ഗാൽവാനിൽ നിലനില്ക്കുന ഇന്ത്യ-ചൈനാ സംഘർഷവും ഈ തീരുമാനത്തിന് പിന്നിലുണ്ട്. ഇതാദ്യമായാണ് ഇന്ത്യ ചൈനീസ് കമ്പനികൾക്കെതിരെ ഇത്രയും ശക്തവും പരസ്യവുമായി ഒരു നടപടി കൈക്കൊള്ളുന്നത്. ഐ.ടി ആക്ടിലെ 69 എ അനുച്ഛേദം ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ഇന്ത്യ ചൈനയ്‌ക്കെതിരെ ഈ നീക്കം നടത്തിയിരിക്കുന്നത്.

'ഡാറ്റാ സുരക്ഷ സംബന്ധിച്ചും 130 കോടി ഇന്ത്യക്കാരുടെ സ്വകാര്യത സംബന്ധിച്ചും കാര്യമായ ആശങ്കകൾ ഉയർന്നിരുന്നു. രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംബന്ധിച്ചും ഇത്തരത്തിലുള്ള ആശങ്കകൾ നിലനിനിന്നിരുന്നു. ആൻഡ്രോയ്‌ഡ്, ഐ.ഒ.എസ് പ്ലാറ്റ്ഫോമുകളിൽ കൂടി ലഭിച്ചിരുന്ന ഏതാനും ആപ്പുകൾ ഉപഭോക്താക്കളുടെ ഡാറ്റ രാജ്യത്തിന് പുറത്തുള്ള സർവറുകളിലേക്ക് അയക്കുന്നതായുള്ള പരാതികളും ലഭിച്ചിരുന്നു.'ഐ.ടി വമന്ത്രാലയം വ്യക്തമാക്കുന്നു.

'ഇത്തരത്തിലുള്ള ഡാറ്റ ശേഖരിക്കുന്നതും അത് പ്രോസസ് ചെയ്യുന്നതും ഇന്ത്യയുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന ശക്തികളാണ്. ഇത് വൻ ആശങ്കയ്ക്ക് കാരണമായതിനാൽ വേണ്ട നടപടികൾ സ്വീകരിക്കേണ്ടതുണ്ട്' ഐ.ടി മന്ത്രാലയം ചൂണ്ടിക്കാട്ടി.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സൈബർ ക്രൈം കൊഓർഡിനേറ്റ് സെന്ററും ചൈനീസ് ആപ്പുകൾ ബ്ലോക്ക് ചെയ്യണമെന്ന് കേന്ദ്ര ഐ.ടി മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. സമാനമായ രീതിയിൽ സർക്കാർ ചാനലുകൾ വഴി സാധാരണ പൗരന്മാരും ഐ.ടി മന്ത്രാലയത്തോട് ഡാറ്റ ചോർച്ചയെക്കുറിച്ച് ആശങ്കകൾ പങ്കുവച്ചിരുന്നു. 2015 മുതൽ 19 വരെയുള്ള കാലഘട്ടത്തിൽ രാജ്യത്ത് ആലിബാബ, ടെൻസെന്റ്, ടി.ആർ ക്യാപിറ്റൽ, ഹിൽഹൗസ് ക്യാപിറ്റൽ, എന്നീ ചൈനീസ് കമ്പനികൾ 5.5 ബില്ല്യൺ ഡോളറിന്റെ നിക്ഷേപം നടത്തിയിരുന്നു.