ന്യൂഡൽഹി: ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ കൊവിഡ് വാക്‌സിന് മനുഷ്യരിൽ പരീക്ഷണം നടത്താൻ ഇന്ത്യൻ ഡ്രഗ്സ് കൺട്രോളർ ജനറൽ (ഡി.സി.ജി.ഐ)അനുമതി നൽകി. ജുലായ് മാസത്തിൽ ഒന്നും രണ്ടും ഘട്ട വാക്‌സിൻ പരീക്ഷണം ആരംഭിക്കും. ഐ.സി.എം.ആറുമായി ചേർന്ന് ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരതി ബയോടെക് എന്ന ബയോ ടെക്‌നോളജി കമ്പനിയാണ് 'കൊവാക്‌സിൻ' എന്ന് പേരുളള കൊവിഡ് വാക്‌സിൻ വികസിപ്പിക്കുന്നത്.
രാജ്യത്ത് നിലവിൽ വിവിധ സ്ഥാപനങ്ങളാണ് വാക്‌സിൻ വികസനത്തിനായി ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്നത്. കേന്ദ്ര സർക്കാർ മേയ് മാസത്തിൽ അറിയിച്ചതനുസരിച്ച് മുപ്പതോളം കമ്പനികളാണ് ഇതിനായി രംഗത്തുളളത്. ത്വരിത ഗതിയിലാണ് വാക്‌സിൻ ഗവേഷണം മുന്നേറുന്നത്. സാധാരണ ഗതിയിൽ പതിനഞ്ച് വർഷത്തോളമെടുത്താണ് ഇത്തരം പഠനങ്ങൾ പൂർത്തിയാക്കുക. 300 മില്യൺ അമേരിക്കൻ ഡോളറാണ് ഇതിനായി ചിലവാകുക.
ലോകമാകെയുളള കാര്യം നോക്കിയാൽ വിവിധ രാജ്യങ്ങൾ കൊവിഡ് വാക്‌സിനായുളള മത്സരത്തിൽ മുന്നിലുണ്ട്. പുതിയ രോഗമായതിനാൽ വാക്‌സിൻ കണ്ടെത്തുന്നതിന് ഓരോ ഘട്ടത്തിലും നിരവധി പ്രതിബന്ധങ്ങൾ ഗവേഷകർ മറികടക്കേണ്ടതുമുണ്ട്. ലോകാരോഗ്യ സംഘടന നൽകുന്ന വിവരമനുസരിച്ച് ബ്രിട്ടീഷ് ഔഷധ നിർമ്മാണ സ്ഥാപനമായ ആസ്ട്ര സെനെക്കയുടെ വാക്‌സിനാണ് ഇതിനുമുന്നിൽ. വൻതോതിലുളളതും ചെറിയ രീതിയിലും മനുഷ്യനിൽ പരീക്ഷണം നടത്തുന്ന ഘട്ടമെത്തിയിട്ടുണ്ട് ഈ വാക്‌സിൻ. ഓക്‌സ്‌ഫോർഡ് സർവ്വകലാശാല ഗവേഷകരാണ് ഈ വാക്‌സിൻ നിർമ്മിക്കുന്നത്. മോഡേണ എന്ന അമേരിക്കൻ കമ്പനി നിർമ്മിക്കുന്ന വാക്‌സിനാണ് രണ്ടാമത്. ജുലായ് മധ്യത്തോടെ മൂന്നാംഘട്ട കൊവിഡ് വാക്‌സിൻ പരീക്ഷണം മനുഷ്യരിൽ നടത്താനാണ് കമ്പനിയുടെ തീരുമാനം.
രോഗം പൊട്ടിപ്പുറപ്പെട്ട ചൈനയിലും വാക്‌സിൻ കണ്ടെത്താനുളള ശ്രമം ഊർജ്ജിതമാണ്. അന്താരാഷ്ട്ര മാധ്യമമായ റോയിറ്റേഴ്സ് കണ്ടെത്തിയ വിവരം അനുസരിച്ച് കാൻസിനോ ബയോളൊജിക്‌സ് എന്ന കമ്പനിയുമായി ചേർന്ന് നിർമ്മിച്ച വാക്‌സിൻ പരീക്ഷണത്തിന് ചൈനീസ് സേന അനുമതി നൽകി കഴിഞ്ഞു. Ad5-nCoV എന്ന മരുന്ന് ഫലം ശുഭസൂചനയാണെന്നാണ് ചൈനയിൽ നിന്നും ലഭിക്കുന്ന വിവരം.
അമേരിക്കൻ ബയോ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഗിലെഡ് സയൻസസ് ഇൻകോർപറേറ്റഡ് നൽകുന്ന വിവരമനുസരിച്ച് ആന്റി വൈറൽ മരുന്നായ റെംഡെസിവിർ അഞ്ച് ദിവസം കഴിച്ചാൽ തീക്ഷ്ണത കുറഞ്ഞ കൊവിഡ് രോഗികളിൽ അസുഖം ഭേദപ്പെടുന്നതായാണ് കാണുന്നത്. കൊവിഡ് രോഗികളിൽ ആദ്യം നല്ല ഫലം തന്ന മരുന്നും ഇതുതന്നെയാണ്.
എന്നാൽ വേഗം കണ്ടെത്തുന്ന വാക്‌സിനുകളിലൂടെ രോഗം മാറിയാലും അവയ്‌ക്ക് എന്തെങ്കിലും പോരായ്‌മകളുണ്ടാകുന്നതിനും സാധ്യതയുണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ലോകമാകെ ഒരു കോടിയിലധികം ജനങ്ങളെ ബാധിക്കുകയും അഞ്ച് ലക്ഷത്തിലേറെ മനുഷ്യരുടെ മരണത്തിന് കാരണമാകുകയും ചെയ്‌തുകഴിഞ്ഞു കൊവിഡ് മഹാമാരി. ഇന്ത്യയിൽ അഞ്ചര ലക്ഷം പേർക്ക് രോഗബാധയുണ്ടായി. 16,475 പേരുടെ ജീവൻ രോഗത്താൽ നഷ്ടമായി. ലോകരാജ്യങ്ങളിലും ഇന്ത്യയിലും സാമ്പത്തികമായും അല്ലാതെയും സൃഷ്ടിച്ച ആകുലതകൾ വേറെ. ഇവയിൽ നിന്നെല്ലാം മോചനത്തിനായി വാക്‌സിനായുളള കാത്തിരിപ്പിലാണ് ലോക രാജ്യങ്ങൾക്കൊപ്പം ഇന്ത്യയും.