patna

പാറ്റ്ന:കൊവിഡ് ബാധിച്ച് നവവരൻ മരിച്ചു. ബീഹാറിലെ പാറ്റ്നയിലായിരുന്നു സംഭവം. വിവാഹം കഴിഞ്ഞ് രണ്ടാംദിവസമാണ് യുവാവ് മരിച്ചത്. വിവാഹത്തില്‍ പങ്കെടുത്ത 95 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഗുരുഗ്രാമിൽ സോഫ്റ്റ് വെയര്‍ എൻജിനീയറായി ജോലിനോക്കുന്ന മുപ്പതുകാരനാണ് മരിച്ചത്. കൊവിഡ് പരിശോധന നടത്താതെയാണ് യുവാവിന്റെ മൃതദേഹം അടക്കിയത്.

നവവരന് കൊവിഡ് ലക്ഷണങ്ങൾ ഉണ്ടെന്ന് ചടങ്ങിൽ പങ്കെടുത്ത ചിലർ സംശയം പ്രകടിപ്പിച്ചു. ഇതിനെത്തുടർന്നാണ് അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും പരിശോധനയ്ക്ക് വിധേയരാക്കിയത്. ആദ്യ പരിശോധനയിൽ പതിനഞ്ചുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സമ്പർക്കപ്പട്ടികയിലുള്ള നൂറോളംപേരെ പരിശോധനയ്ക്ക് വിധേയരാക്കി. ഇതിലാണ് എൺപതുപേർക്ക് രോഗം സ്ഥിരീകരിച്ചത്. യുവാവിന്റെ മരണം ബന്ധുക്കള്‍ ജില്ലാ ഭരണകൂടത്തെ അറിയിച്ചില്ലെന്നും അനുമതി ലഭിക്കുന്നതിന് മുന്‍പ് തന്നെ മൃതദേഹം മറവുചെയ്തതാണ് ഇത്രയും ഗുരുതര സാഹചര്യത്തിലേക്ക് എത്തിച്ചതെന്നുമാണ് അധികൃതര്‍ അറിയിച്ചത്.

വിവാഹവുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസമാണ് യുവാവ് നാട്ടിലെത്തിയത്. ഈ സമയം രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല. ഇയാൾക്ക് എവിടെനിന്നാണ് രോഗം ബാധിച്ചതെന്നും വ്യക്തമല്ല.

പ്രദേശത്ത് അതി ജാഗ്രത പ്രഖാപിച്ചിരിക്കുകയാണ്. കൂടുതൽ പേർക്ക് രോഗം ബാധിച്ചിട്ടുണ്ടോ എന്നറിയാൻ കൂടുതൽ പരിശോധന നടത്താൻ ഒരുങ്ങുകയാണ് അധികൃതർ.