beef-biriyani

ബീഫ് വിഭവങ്ങൾ ഇഷ്ടമില്ലാത്ത മലയാളികൾ കുറവാണ്. ബീഫ് കറി, ബീഫ് റോസ്റ്റ്, ബീഫ് ഫ്രൈ തുടങ്ങി നിരവധി നാടൻ വിഭവങ്ങൾ മലയാളികളുടെ ഇഷ്ടവിഭവങ്ങളിലൊന്നാണ്. ഇന്ന് വ്യത്യസ്ഥമായൊരു ബീഫ് ദം ബിരിയാണി തയ്യാറാക്കിയാലോ?

ആവശ്യമുള്ള ചേരുവകൾ

ബീഫ് - ഒന്നര കിലോ
സവാള ചെറുതായി അരിഞ്ഞത് - രണ്ടെണ്ണം

തക്കാളി മുറിച്ചത് - മൂന്നെണ്ണം

പച്ചമുളക് അരിഞ്ഞത് - നാലെണ്ണം

ഇഞ്ചി - ഒരു കഷ്ണം

വെളുത്തുള്ളി - ഒന്ന്

മല്ലിയില - ഒരു പിടി

പുതിനയില - ഒരു പിടി

മല്ലിപ്പൊടി - രണ്ട് ടീസ്പൂൺ

മുളകുപൊടി - ഒരു ടീസ്പൂൺ

ഗരം മസാല പൊടി - ഒരു ടീസ്പൂൺ

മഞ്ഞൾ പൊടി - അര ടീസ്പൂൺ

ഉപ്പ് - ആവശ്യത്തിന്

തൈര് - മൂന്ന് ടേബിൾ സ്പൂൺ

ബസുമതി റൈസ് - അഞ്ചു കപ്പ് ( അര മണിക്കൂർ വെള്ളത്തിലിട്ട് കുതിർക്കുക)

സവാള നീളത്തിലരിഞ്ഞത് - രണ്ട് എണ്ണം

അണ്ടിപ്പരിപ്പ് - ഒരുപിടി

മുന്തിരി -ഒരു പിടി

നെയ്യ് -ഒരു ടേബിൾസ്പൂൺ

നെയ്യ്- മൂന്ന് ടേബിൾസ്പൂൺ

ബേ ലീവ്സ്- 3

ഗ്രാമ്പൂ- അഞ്ച്

പട്ട -രണ്ട് കഷണം

ഏലക്ക -5

ജാതിപത്രി മൂന്നാല് കഷണം

ജാതിക്ക -1

ഉപ്പ് ആവശ്യത്തിന്

മല്ലിയില -കുറച്ച്

പുതിനയില -കുറച്ച്

തയ്യാറാക്കുന്ന വിധം

ഒരു പ്രഷർകുക്കർ ചൂടാക്കിയ ശേഷം ഒരു ടേബിൾസ്പൂൺ നെയ്യ് ഒഴിച്ച്, സവാളയും അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തു കോരി മാറ്റി വയ്ക്കുക. ശേഷം അരിഞ്ഞുവച്ചിരിക്കുന്ന സവാളയും തക്കാളിയും പച്ചമുളകും ഇടുക. ഇഞ്ചിയും, വെളുത്തുള്ളിയും, മല്ലിയിലയും, പുതിനയും, തൈരും, പേസ്റ്റായി അരച്ച് കുക്കറിലേക്ക് ചേർത്തുകൊടുക്കുക. ഇതിലേയ്ക് ബീഫ് ചേർത്ത ശേഷം മല്ലിപ്പൊടിയും മഞ്ഞൾപൊടിയും ഗരംമസാല പൊടിയും മുളകുപൊടിയും ആവശ്യത്തിന് ഉപ്പും, അരക്കപ്പ് വെള്ളവും കൂടി ചേർത്ത് നന്നായി യോജിപ്പിച്ച് കുക്കർ മൂടിവച്ച് ഏഴ് വിസിൽ വരുന്നതു വരെ വേവിക്കുക.

ശേഷം കുക്കറിന്റെ മൂടി തുറന്ന് ഇതിൽ നിന്നും ഗ്രേവി വേർതിരിച്ചെടുക്കുക. ഇതിലേക്ക് അരി തിളയ്ക്കാൻ ആവശ്യമുള്ള വെള്ളം ( അരിയുടെ ഇരട്ടി വെള്ളം) കൂടി ചേർത്ത് കുക്കറിലേക്ക് ഒഴിക്കുക. ഇതിലേയ്ക്ക് ഏലക്കയും ഗ്രാമ്പുവും ബേ ലീവ്സും ജാതിക്കയും ജാതിപത്രിയും നെയ്യും ചേർത്ത് കഴുകി വച്ചിരിക്കുന്ന അരി ഇടുക. കുറച്ചു മല്ലിയില പൊതിനയില ഇട്ടു കുക്കർ വീണ്ടും മൂടിവെച്ച് ഹൈ ഫ്ളേമില്‍ വിസിലിന് തൊട്ടുമുൻപ് ഓഫ് ചെയ്ത് കുക്കര്‍ മാറ്റി വയ്കുക. ശേഷം വറുത്തുവച്ചിരിക്കുന്ന അണ്ടിപ്പരിപ്പും മുന്തിരിയും സവാളയും ചേർത്ത് ചൂടോടെ വിളമ്പാം.