pregnent

ഹൈദരാബാദ്: ഗ്രാമത്തിനും ഗ്രാമവാസികൾക്കും ദുർനിമിത്തങ്ങളുണ്ടാവുമെന്ന് ഭയന്ന് പൂർണഗർഭിണിയായ യുവതിയുടെ മൃതദേഹം കാട്ടിൽ ഉപേക്ഷിച്ചു. ആന്ധ്രാപ്രദേശിലെ രുദ്രവാരം ഗ്രാമത്തിലായിരുന്നു ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ഗ്രാമത്തിലെ മുതിർന്നവരുടെ നിർദ്ദേശപ്രകാരമായിരുന്നു മൃതദേഹം ഉപേക്ഷിച്ചത്. ലാവണ്യ എന്ന യുവതിയാണ് മരിച്ചത്. കാട്ടിനുള്ളിൽ മൃതദേഹം കണ്ട ചിലർ പൊലീസിനെ വിവരമറിയിച്ചതോടെയാണ് കൊടുംക്രൂരത പുറത്തറിഞ്ഞത്.

ധർമേന്ദ്ര എന്ന കൂലിപ്പണിക്കാരനായിരുന്നു ലാവണ്യയുടെ ഭർത്താവ്. പ്രസവവേദനയെ തുടർന്ന് ലാവണ്യയെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. പക്ഷേ, അല്പസമയം കഴിഞ്ഞപ്പോൾ മരിച്ചു. നിയമ നടപടികൾ പൂർത്തിയാക്കിയശേഷം സംസ്കാരത്തിനായി മൃതദേഹം ധർമേന്ദ്രയുടെ ഗ്രാമത്തിലേക്ക് കൊണ്ടുപോയി. സംസ്കാരത്തിനുള്ള ഒരുക്കങ്ങൾ നടക്കവെ ഗ്രാമത്തിലെ മുതിർന്നവരിൽ ചിലർ എതിർപ്പുമായി എത്തി. ഗർഭിണിയുടെ മൃതദേഹം സംസ്കരിച്ചാൽ ഗ്രാമത്തിനും ഗ്രാമവാസികൾക്കും പ്രശ്നങ്ങളുണ്ടാവുമെന്നും അതിനാൽ മൃതദേഹം സംസ്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഇതിനെ ധർമേന്ദ്രയുടെ ബന്ധുക്കൾ എതിർത്തെങ്കിലും കാര്യമുണ്ടായില്ല. ഊരുവിലക്ക് ഏർപ്പെടുത്തുമെന്ന് പറഞ്ഞതോടെ എതിർപ്പുകൾ പൂർണമായും ഇല്ലാതായി. തുടർന്ന് മൃതദേഹം കാട്ടിൽ ഉപേക്ഷിച്ചു.

മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് ഗ്രാമത്തിലെത്തിയ പൊലീസ് ധർമേന്ദ്രയുടെ ബന്ധുക്കളെ ചോദ്യംചെയ്തെങ്കിലും ആദ്യമൊന്നും അവർ ഒന്നും തുറന്നുപറഞ്ഞില്ല. ഗ്രാമത്തിലെ മുതിർന്നവരുൾപ്പെടെയുള്ള ചിലരുടെ പേരിൽ പൊലീസ് കേസെടുത്തു. ഇവരെ അറസ്റ്റുചെയ്തോ എന്ന് വ്യക്തമല്ല.