ഇന്ന് ദേശീയ ഡോക്ടേഴ്സ് ദിനം. പ്രമുഖ ഡോക്ടറും സ്വാതന്ത്ര്യസമര സേനാനിയും പശ്ചിമബംഗാളിലെ രണ്ടാമത്തെ മുഖ്യമന്ത്രിയുമായ ഡോക്ടർ ബി.സി.റോയിയുടെയ് ജന്മദിനമാണ് ദേശീയ ഡോക്ടർ ദിനമായി ആചരിക്കുന്നത്. ആധുനിക ബംഗാളിന്റെ സൃഷ്ടാവെന്നും ആതുരബന്ധുവെന്നും അറിയപ്പെടുന്ന ബി.സി.റോയിക്ക് രാജ്യം ഭാരതരത്ന നൽകുകയുണ്ടായായി. അദ്ദേഹത്തിന്റെ ചരമദിനവും ജൂലൈ ഒന്ന് ആയിരുന്നുവെന്നുള്ളത് യാദൃശ്ചികം.
വർഷങ്ങളായുള്ള പ്രവർത്തന ഫലമായി വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന നേട്ടങ്ങൾ ആരോഗ്യ മേഖലയിൽ കൈവരിക്കുവാൻ നമ്മുടെ കൊച്ചു കേരളത്തിന് കഴിഞ്ഞിട്ടുള്ളതിന് പ്രധാന കാരണം സേവന തൽപരരായ ഡോക്ടർമാരുടെ അർപ്പണബോധവും നിസ്വാർത്ഥ പ്രവർത്തനവുമാണ്. ആരോഗ്യ സൂചികളുടെ പൊതു മാനദണ്ഡങ്ങളായ നവജാത ശിശു - മാതൃമരണ നിരക്കുകൾ, ആയുർദൈർഘ്യം എന്നിവ കണക്കിലെടുത്താൽ കേരളം ഇന്ത്യൻ ശരാശരിയേക്കാൾ മുന്നിലാണ് .
ഇതുകൂടാതെ, ഡെങ്കിപ്പനി, സാർസ്, എച്ച്1 എൻ1 , നിപ എന്ന സാംക്രമിക രോഗങ്ങളുടെ പ്രതിരോധത്തിനും ചികിത്സയ്ക്കും ഡോക്ടർ സമൂഹം നൽകിയ സേവനം മഹത്തരമാണ്. ലോകത്തെ ഏത് പ്രശസ്തമായ ആശുപത്രിയിൽ പോയാലും അവിടെ മലയാളി ഡോക്ടർമാരുടെയും, നഴ്സുമാരുടെയും സാന്നിധ്യം ഉറപ്പാണ്.
രോഗവും മരണവും പ്രകൃതിയുടെ നിയമമാണെങ്കിൽപ്പോലും രോഗങ്ങൾ ജീവനെ ഭീഷണിപ്പെടുത്തുമ്പോഴാണ് നമ്മൾ ഡോക്ടർമാരെ ദൈവത്തെപ്പോലെ കാണുന്നത്. അറിവും കഴിവും പ്രയോജനകരമായി ഡോക്ടർമാർ ഉപയോഗിക്കുമ്പോഴാണ് സമൂഹത്തിൽ അവർ ദൈവതുല്യരായി മാറുന്നത് .
ലോകം മുഴുവൻ കോവിഡ് 19 എന്ന മഹാമാരിയുടെ പിടിയിലമരുമ്പോൾ കേരളത്തിന് പിടിച്ചു നിൽക്കാൻ കഴിയുന്നത് ഡോക്ടർമാരുടെയും മറ്റ് ആരോഗ്യപ്രവർത്തകരുടെയും സന്നദ്ധസേവനം കൊണ്ടാണ്. കഴിഞ്ഞ നാലുമാസമായി രാപ്പകൽ വ്യത്യാസമില്ലാതെ വീടും വീട്ടുകാരെയും കാണാതെ സേവനത്തിന്റെ പര്യായമായിരിക്കുകയാണ് ഡോക്ടർമാർ.
എന്നാൽ കോവിഡ് വൈറസ് സാമൂഹ്യവ്യാപന ഭീഷണിയുയർത്തുന്ന സമയത്ത് ഡോക്ടർമാരുടെ ത്യാഗസന്നദ്ധതയെയും ജോലിസന്നദ്ധതയെയും തളർത്തുന്ന നടപടികളാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും അടുത്തകാലത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
ലോക്ഡൗൺ കാലയളവിൽ ഡോക്ടർമാർ കുറിപ്പടി നൽകി മദ്യവിതരണം ചെയ്യണമെന്നുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് സർക്കാർ ഡോക്ടർമാർക്ക് കോടതിയെ സമീപിക്കേണ്ടിവന്ന ദു:സ്ഥിതി ഉണ്ടായി. കോവിഡിനെതിരെയുള്ള യുദ്ധത്തിലെ മുന്നണിപ്പോരാളികളായി ഇന്ത്യയിലെ പരമോന്നത കോടതിപോലും പ്രശംസിച്ച ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെ ശമ്പളം സാലറി ചലഞ്ചിലുൾപ്പെടുത്തി കുറവ് വരുത്തിയതെന്നുള്ളത് ഒരു രീതിയിലും ന്യായീകരിക്കാനാവാത്തതാണ്.
ശമ്പളം വെട്ടിക്കുറയ്ക്കുകയല്ല മറിച്ച് കഴിഞ്ഞ മൂന്ന് നാല് മാസങ്ങളായി തുടർച്ചയായി ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്ക് അധിക ഡ്യൂട്ടി ഇൻസൻ്റീവ് നൽകുകയെന്നതാണ് കരണീയം. ന്യായമായ വിശ്രമംപോലും ഇന്ന് അവർക്ക് അന്യമാണ്. ഇത് പരിഹരിക്കാൻ കൂടുതൽ ഡോക്ടർമാരെയും മറ്റ് ജീവനക്കാരെയും സർക്കാർ ആശുപത്രികളിൽ നിയമിക്കണം. ഒഴിവുള്ള തസ്തകകളിൽ പി.എസ്.സി. അഡ്വൈസ് നൽകിയിട്ടും ജോയിൻ ചെയ്യാത്തവർക്ക് പകരം ഉടൻ ഡോക്ടർമാരെ നിയമിക്കണം.
ന്യായമായ ഈ ആവശ്യങ്ങൾക്കായി മഹാമാരിയുടെ ഈ കാലഘട്ടത്തിലും ഡോക്ടേഴ്സ് ദിനത്തിൽപ്പോലും ഒരു മണിക്കൂർ അധിക ജോലി ചെയ്ത് സഹനസമരം നടത്തേണ്ട ഗതികേടിലാണ് കേരളത്തിലെ ഡോക്ടർ സമൂഹം.സർക്കാരിന് ഈ ഡോക്ടേഴ്സ് ദിനത്തിൽ ഡോക്ടർമാർക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ നന്ദി പ്രകടനമാണ് അവരുടെ ന്യായമായ അവശ്യങ്ങൾ നടത്തി കൊടുക്കുകയെന്നുള്ളത്.
(മുൻ ആരോഗ്യമന്ത്രിയാണ് ലേഖകൻ