jupi

ഹോങ്കോങ്: ഫ്രൈയിംഗ് പാനിൽ എണ്ണയോ നെയ്യോ ചേർത്ത നല്ല ഒരു മൊരിഞ്ഞ ദോശ. ചട്നി കൂട്ടി ഒരു 'പിടി പിടിച്ചാലോ' എന്ന് പറയാൻ വരട്ടെ. ഇത് സൗരയൂഥത്തിലെ ഭീമൻ ഗ്രഹമായ വ്യാഴത്തിന്റെ ചിത്രമാണ്. ലേൺ സംതിംഗ് എന്ന ട്വിറ്റർ അക്കൗണ്ടിൽ വന്ന ചിത്രം ദോശ പ്രേമികളെയും സയൻസ് പ്രേമികളെയും ഒരു പോലെ ആഹ്ലാദഭരിതരാക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി ഇതിന്മേലുള്ള ചർച്ചകളാണ് ട്വിറ്റർ പേജുകൾ നിറയെ.

എന്നാൽ, ഇതൊരു പുതിയ ചിത്രമല്ല. 20 വർഷം പഴക്കമുണ്ട്. 2000ൽ നാസയുടെ കസിനി സ്‌പേസ് ക്രാഫ്റ്റ് വ്യാഴത്തിന്റെ താഴ് ഭാഗത്തുനിന്ന് പകർത്തിയ ചിത്രമാണിത്.എന്തായാലും ദക്ഷിണേന്ത്യൻ വിഭവമായ ദോശ വീണ്ടും വാർത്തകളിൽ നിറയുകയാണ്. ആ ചിത്രം കണ്ടാൽ നല്ല മൊരിഞ്ഞിരിക്കുന്ന ദോശ ഓർമ്മ വരുമെന്ന കമന്റ് വന്നതോടെ ഇന്ത്യയിലെ ഭക്ഷണപ്രിയർ ചിത്രം ഏറ്റെടുത്തു. 35000 ലൈക്കുകളും ആയിരത്തിലധികം കമന്റുകളുമായി നമ്മുടെ വ്യാഴ ദോശ ചൂടുപിടിച്ച ചർച്ചയായി മുന്നേറുകയാണ്.