ബീജിംഗ്: ഇന്ത്യ-ചൈന അതിർത്തിയിൽ തർക്കത്തെ തുടർന്ന് ഇന്ത്യ ചൈനീസ് ആപ്പുകൾ നിരോധിച്ചതിനു പിന്നാലെ തിരികെ പ്രകോപനവുമായി ചൈന. വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് (VPN) തടസ്സപ്പെടുത്തിയതുമൂലം ചൈനയിൽ ഇന്ത്യൻ വെബ്സൈറ്റുകൾ ലഭിക്കാനാകില്ല.ഇന്ത്യൻ ചാനലുകൾ ഐ.പി.ടി.വി വഴി കാണാവുന്നതാണെന്ന് ചൈനീസ് അധികൃതർ അറിയിച്ചു. സെൻസർഷിപ്പ് പ്രശ്നങ്ങളില്ലാതെ നിരോധിച്ച വെബ്സൈറ്റുകൾ കാണാവുന്ന സംവിധാനമാണ് വി.പി.എൻ. എക്‌സ്പ്രസ് വി.പി.എനുകൾ കഴിഞ്ഞ രണ്ട് ദിവസമായി ഐഫോണിലോ, ഡെസ്‌ക് ടോപ്പുകളിലോ പ്രവർത്തിക്കുന്നില്ല.
വിപിഎൻ തടസ്സപ്പെടുത്തിയത് ചൈനയിൽ പുതിയ കാര്യമല്ല. ഓൺലൈൻ സെൻസർഷിപ്പ് ചൈനയിൽ പുത്തൻ രീതിയിൽ നടപ്പാക്കുകയാണ് നിലവിലെ ഷി ജിൻ പിങ് സർക്കാർ ചെയ്യുന്നത്. ഹോങ്‌കോങ് പ്രക്ഷോഭ വാർത്തകൾ അന്താരാഷ്ട്ര മാദ്ധ്യമങ്ങളായ സി.എൻ.എനോ ബിബിസിയോ കാണിച്ചാൽ അത്ര നേരം ടിവി സ്ക്രീൻ തടസ്സപ്പെടുകയും തുടർന്ന് ടിവിയിൽ ദൃശ്യങ്ങൾ പ്രത്യക്ഷമാകുകയും ചെയ്യും.
രാജ്യ സുരക്ഷയ്ക്കും പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കാനും കേന്ദ്ര ഗവണ്മെന്റ് കഴിഞ്ഞ ദിവസം ടിക് ടോക് ഉൾപ്പടെ 59 ആപ്പുകൾ നിരോധിച്ചിരുന്നു. ഇത് കടുത്ത ആശങ്കയോടെയാണ് ചൈന കണ്ടത്. വിവര സാങ്കേതികവിദ്യ ചട്ടം 69 എ വകുപ്പ്, 2009ൽ നിലവിൽ വന്ന വിവര നിയന്ത്രണ നിയമം എന്നിവ ഉപയോഗിച്ച് ആപ്പുകളെ ഇന്ത്യ നിരോധിച്ചത്.