tik

ബീജിംഗ്: ടിക് ടോക്ക് ഉൾപ്പടെ 59 ചൈനീസ് ആപ്പുകൾ നിരോധിച്ച ഇന്ത്യൻ നടപടിയോട് ശക്തമായി പ്രതികരിച്ച് ചൈന. ഇന്ത്യയുടെ നടപടിയിൽ കടുത്ത ഉത്‌കണ്ഠയുണ്ടെന്നും സാഹചര്യം പരിശോധിച്ചുവരികയാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയൻ പറഞ്ഞു. ചൈനീസ് ബിസിനസുകൾ പിന്തുണയക്കാനുള്ള ഉത്തരവാദിത്തം ഇന്ത്യയ്ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിങ്കളാഴ്ചയാണ് സുരക്ഷാ കാരണങ്ങൾ മുൻനിർത്തി ആപ്പുകൾക്ക് ഇന്ത്യ നിരോധനമേർപ്പെടുത്തിയത്. ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നടപടി. ടിക് ടോക്, യുസി ബ്രൗസർ, വി ചാറ്റ് തുടങ്ങി 59 ആപ്പുകൾക്കാണ് ഇന്ത്യ നിരോധനമേർപ്പെടുത്തിയത്. ഇതേതുടർന്ന് ഉപയോക്താക്കളുടെ വിവരങ്ങൾ തങ്ങൾ ചൈനീസ് സർക്കാരിന് നൽകുന്നില്ലെന്ന് ടിക്ടോക് പ്രസ്താവന ഇറക്കിയിരുന്നു.

ഇന്ത്യൻ വെബ്സൈറ്റുകൾ ചൈനയിൽ കിട്ടുന്നില്ല

ചൈനീസ് സർക്കാർ വെർച്വൽ പ്രൈവറ്റ് നെറ്റ് വർക്ക് (VPN)തടസപ്പെടുത്തിയതിനാൽ ഇന്ത്യൻ വെബ്സൈറ്റുകൾ ചൈനയിൽ ഉപയോഗിക്കാനാവുന്നില്ലെന്ന് റിപ്പോർട്ട്. കഴിഞ്ഞ രണ്ടുദിവസമായി ചൈനയിലെ ഐ ഫോണിലും ഡെസ്ക്ടോപ്പുകളിലും എക്‌സ്പ്രസ് വി.പി.എൻ പ്രവർത്തിക്കുന്നില്ല.

ഐ.പി. ടി.വി വഴി ഇന്ത്യൻ ടെലിവിഷൻ ചാനലുകൾ വീക്ഷിക്കാൻ സാധിക്കുമെന്ന് ബീജിംഗിലെ നയതന്ത്രവൃത്തങ്ങൾ പറയുന്നു. ഇന്ത്യ-ചൈന സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യൻ വെബ്സൈറ്റുകൾക്ക് ചൈന നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത് എന്നാണ്‌ വിലയിരുത്തൽ.

ആപ്പുകൾ മാത്രമല്ല..

ചൈനീസ് ആപ്പുകൾക്ക് പിന്നാലെ എയർ കണ്ടീഷണർ, ടെലിവിഷൻ സെറ്റ് തുടങ്ങി 12ലധികം ഉത്പന്നങ്ങൾ നിർമിക്കുന്നതിനുള്ള പാർട്‌സുകളുടെ ഇറക്കുമതിക്കും ഇന്ത്യ ഉടനെ നിയന്ത്രണം കൊണ്ടുവന്നേക്കും.വിദേശ ഉത്പന്നങ്ങളെ, പ്രത്യേകിച്ച് ചൈനയിൽ നിന്നുള്ളവയെ അവഗണിക്കുകയാണ് ലക്ഷ്യം. ടയർമുതൽ ചന്ദനത്തിരിവരെയുള്ള ഉത്പന്നങ്ങൾ രാജ്യത്ത് വൻതോതിൽ നിർമിക്കുന്നത്‌ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾ സർക്കാർ നേരത്തെതന്നെ തുടങ്ങിയിരുന്നു. കസ്റ്റംസ് തീരുവ വർദ്ധന, സാങ്കേതിക മാനദണ്ഡങ്ങൾ ചൂണ്ടിക്കാണിച്ച് തടസ്സമേർപ്പെടുത്തൽ തുടങ്ങിയവഴികളും നിർദിഷ്ട തുറമുഖങ്ങളിലൂടെമാത്രം ഇത്തരം ഉത്പന്നങ്ങളുടെ ഇറക്കുമതി പരിമിതപ്പെടുത്തുന്നതിനെക്കുറിച്ചും സർക്കാർ ആലോചിക്കുന്നുണ്ട്.