ബീജിംഗ്: കൊവിഡിന് പിന്നാലെ മറ്റൊരു അപകടകാരിയായ വൈറസിനെ കൂടി ചൈനയിൽ കണ്ടെത്തി. പുതിയ ഇനം പന്നിപ്പനി വൈറസിനെയാണ് കണ്ടെത്തിയതെങ്കിലും ഇവ അതിവേഗം മനുഷ്യരിലേക്ക് പടരാൻ സാദ്ധ്യതയുള്ളതാണെന്ന് മുന്നറിയിപ്പുണ്ട്. G4EA H1N1 എന്നാണ് ഈ വൈറസിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
പന്നികളിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന വൈറസാണിതെന്നും മുൻ കരുതലില്ലെങ്കിൽ ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് എളുപ്പത്തിൽ വ്യാപിക്കുന്നതാണിതെന്നും ആഗോളതലത്തിൽ പടർന്നേക്കാമെന്നും ഗവേഷകർ മുന്നറിപ്പ് നൽകിയിട്ടുണ്ട്. 2009ൽ ലോകത്ത് പടർന്ന പന്നിപ്പനിയോട് സാമ്യമുള്ള കൂടുതൽ അപകടകാരിയായ മറ്റൊരുതരം വൈറസാണിതെന്നാണ് റിപ്പോർട്ടുകൾ. മനുഷ്യർക്ക് ഈ വൈറസിനോട് പ്രതിരോധ ശേഷി ഇല്ലെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. വൈറസ് തത്കാലം ഭീഷണി ഉയർത്തുന്നില്ലെങ്കിലും സൂക്ഷ്മത പുലർത്തണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.