കൊച്ചി: ഇന്ത്യൻ മോട്ടോര്‍ വിപണിയുടെ പ്രതീക്ഷ വർദ്ധിപ്പിച്ച് ഗ്ലോസ്റ്റര്‍ എസ്യുവിയുടെ ടീസർ എംജിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍. 2020 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ എംജിയുടെ പവലിയനില്‍ അണിനിരന്ന വാഹനങ്ങളില്‍ ഏറ്റവും കേമനായിരുന്നു ഗ്ലോസ്റ്റര്‍ എസ്യുവി.ഇതോടെ എംജിയില്‍ നിന്ന് ഇന്ത്യയിലെത്തുന്ന നാലാമത്തെ മോഡല്‍ ഗ്ലോസ്റ്റര്‍ എസ്യുവിയാണെന്ന് ഉറപ്പായി.എംജി അടുത്തതായി ഇന്ത്യയില്‍ അവതരിപ്പിക്കുന്ന മൂന്നാമത്തെ മോഡല്‍ ഹെക്ടറിന്റെ ആറ് സീറ്റര്‍ പതിപ്പായ ഹെക്ടര്‍ പ്ലസാണ്.ഇതിനുപിന്നാലെ തന്നെ ഗ്ലോസ്റ്റര്‍ എസ്യുവിയുടെയും വരവ് ഉറപ്പിക്കാം.
ഔദ്യോഗിക വെബ്സൈറ്റില്‍ കൊടുത്തിരിക്കുന്ന ടാഗ് ലൈൻ 'ആഡംബര എംജി ഗ്ലോസ്റ്റര്‍ ഉടന്‍ വരുന്നു' എന്നതാണ്.ഗ്ലോസ്റ്ററിന്റെ പരീക്ഷണയോട്ടത്തിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.ചൈനയില്‍ മാക്സസ് D90 എന്ന പേരില്‍ ഇറക്കിയിട്ടുള്ള എസ്യുവിയായിരിക്കും ഇവിടെ ഗ്ലോസ്റ്റര്‍ ആകുന്നത്. ഇന്ത്യയില്‍ ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡവര്‍, വരാന്‍പോകുന്ന ടാറ്റയുടെ ഗ്രാവിറ്റാസ് എന്നീ എസ്യുവികളെയാണ് എന്നിവയെയാണ് ഗ്ലോസ്റ്റര്‍ ലക്ഷ്യമിടുന്നത്.ഗ്ലോസ്റ്ററിന് അഞ്ചു മീറ്ററില്‍ കൂടുതല്‍ നീളമുണ്ട്. 5,005 മില്ലിമീറ്റര്‍ നീളം, 1,932 മില്ലിമീറ്റര്‍ വീതി, 1,875 മില്ലിമീറ്റര്‍ ഉയരം എന്നിങ്ങനെയാണ് അളവുകള്‍. ശ്രേണിയിലെ മറ്റ് വാഹനങ്ങള്‍ക്ക് ഇല്ലാത്ത എല്‍.ഇ.ഡി ഹെഡ്‌ലാമ്പുകളും ഗ്ലോസ്റ്ററിൽ ഉണ്ടാകും.
ഹെക്ടറിലെ വലിയ ടച്ച് സ്‌ക്രീന്‍ എന്റര്‍ടെയിന്‍മെന്റ് ഇതിലുമുണ്ടാകും. ഗ്ലോസ്റ്ററിന്റെ ചൈനീസ് പതിപ്പായ മാക്‌സസില്‍ ഇപ്പോഴുള്ളത് 12.3 ഇഞ്ച് വലിപ്പമുള്ള ടച്ച്‌സ്‌ക്രീനാണ്. മൂന്ന് സോണുള്ള ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ്, 360 ഡിഗ്രി ക്യാമറ തുടങ്ങിയ വിപണിയിലെ ആദ്യഘടകങ്ങള്‍ ഇതില്‍ ഒത്തുചേരുന്നുണ്ട്.2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലായിരിക്കും ഗ്ലോസ്റ്റര്‍ ഇന്ത്യയില്‍ എത്തുന്നത്. ഇത് 218 ബിഎച്ച്പി പവറും 480 എന്‍എം ടോര്‍ക്കുമേകും.