ഏറ്റവും കൂടുതൽ കണ്ണുനീർ വീണിട്ടുള്ളത് എവിടെയാണെന്നറിയാമോ? കരഞ്ഞു കലങ്ങിയ ആ കണ്ണുകളെ നോക്കി നിന്നിട്ടുള്ളത് ആരെന്നറിയാമാേ? രണ്ടിനും ഒരൊറ്റ ഉത്തരമേയുള്ളൂ. അത് നമ്മുടെ വിമാനത്താവളങ്ങൾ. കണ്ണീർപൂവിന്റെ കവിളിൽ തലോടിയ മുത്തശ്ശിയാണ് നമ്മുടെ വിമാനത്താവളങ്ങൾ. ഇവിടെ കരഞ്ഞു പിരിയാത്തവരുണ്ടോ. അതും ഗൾഫിന്റെ മരുഭൂമിയിലേക്ക് പറന്നുയരുമ്പോൾ. പണ്ടൊക്കെ ഗൾഫിൽ പോകുക എന്ന് വച്ചാൽ അത് വല്ലാത്തൊരു ചടങ്ങായിരുന്നു. കുടുംബസമേതം യാത്രയാക്കാനെത്തും. പോകുന്നത് ഒരാള്. യാത്രയ്ക്കയാക്കാനെത്തുന്നത് ഒരുപട. ഗൾഫ് ഏതോ സ്വപ്നം പോലെയായിരുന്ന കാലത്ത് കടൽ കടന്ന് ഒരാൾ പോകുന്നത് വേദനയോടെ കരഞ്ഞുനോക്കി നിന്നവർ.
പോകുന്നയാളിനും കൊണ്ടാക്കാനെത്തിയവർക്കും കരച്ചിൽ ഒരുപോലെ. തിരിച്ചെത്തുമ്പോഴോ നേരെ തിരിച്ചും. കെട്ടിപ്പിടിച്ചും മുത്തം നൽകിയും സന്തോഷപെരുമഴ. അതൊരു ഗൾഫ് ചന്തവും പൊങ്ങച്ചവുമായി വിമാനത്താവളങ്ങളും അഭിമാനം കൊണ്ട് നിന്നു. ഗൾഫുകാരന്റെ പകിട്ടിൽ നാട് ആർത്തുല്ലസിച്ച് നിന്നനാളുകൾ. മകൻ നാളെ ഗൾഫിൽ നിന്ന് വരുമെന്ന് തെല്ല് ഗമയാേടെ മാതാപിതാക്കളും മറ്റും പറഞ്ഞു നടന്നിരുന്ന കാലം. അറിഞ്ഞോ നമ്മുടെ സോമൻ നാളെ ഗൾഫിൽ നിന്ന് വരുന്നു. അത് നാടാകെ പാട്ടായി. സോമന്റെ വരവും കാത്തിരിക്കുന്ന നാട്ടുകാർ. സോമനെ വിളിക്കാൻ വിമാനത്താവളത്തിലേക്ക് കുതിക്കുന്ന ബന്ധുക്കൾ.
സോമന്റെ വരവ് ആകാംക്ഷയോടെ കാക്കുന്ന ബന്ധുക്കൾക്ക് നിന്നിട്ട് നിൽപ്പ് വരുന്നില്ല. വിമാനത്താവളത്തിലെ വിസിറ്റിംഗ് ഗ്യാലറിയിൽ കയറി നിന്ന് വരവ് ഉറപ്പിക്കുന്നവർ. എയറോബ്രിഡ്ജ് വരുന്നതിന് മുമ്പുള്ള കാലമായതിനാൽ റൺവേയിൽ വിമാനത്തിന്റെ പടിയിറങ്ങി വരുന്നത് ഇങ്ങകലെ കണ്ണാടിയിൽ കൂടി നോക്കി നിൽക്കുന്ന ബന്ധുക്കൾ. ഗ്ളാസിൽ കൂടി കൈപൊക്കി കാണിക്കുന്നു, തൂവാല വീശി കാണിക്കുന്നു. ഭയങ്കര സന്തോഷം. സോമന് ഇതൊന്നും കാണാനാവില്ല. സോമന്റെ ചിന്ത മുഴുവൻ കസ്റ്റംസുകാരുടെ പരിശോധനയെപ്പറ്റിയായിരിക്കും.
വിമാനത്താവളത്തിന് പുറത്തിറങ്ങുന്ന സോമന് സ്വർഗം കിട്ടിയതുപോലെയായിരിക്കും. കൊടുംചൂടിൽ വിയർത്ത് ജോലി ചെയ്തതിൽ നിന്ന് കിട്ടിയൊരു മോചനം. സോമന് ആ വരവ് ഒരു പരോൾ കിട്ടിയതുപോലെയാണ്. കാറിന്റെ മുകളിലും ഡിക്കിയിലും പെട്ടികൾ അടുക്കി വച്ച് സോമന്റെ കാറ് നാട്ടിലെത്തുമ്പോൾ ആർപ്പോ ഇർറോ വിളിക്കും പോലെയായിരിക്കും കണ്ണും നട്ടിരുന്ന നാട്ടുകാരുടെ ഉള്ള്. സോമന്റെ വീട് അങ്ങനെ ഗൾഫുകാരന്റെ വീടായി മിന്നി. പൗഡറും സോപ്പും മിഠായിയും പെർഫ്യൂമും വരയൻ ലുങ്കിയും സാരിയുമൊക്കെ സോമന്റെസമ്മാനങ്ങളായി അയൽവക്കത്തെ വീടുകളിലും നാട്ടിലും പരന്നു. പഴയ വീട് പൊളിച്ച് മാളികയാക്കി. സോമൻ സ്ഥലത്തെ പ്രധാനപൗരനായി. സംഘടനകളുടെയും ഉത്സവങ്ങളുടെയും സംഭാവന കൂപ്പണുകളുടെ ഉദ്ഘാടകനായി. സോമന്റെ വാക്കുകൾക്ക് നോട്ടുകെട്ടിന്റെ വിലയായി. സോമൻ അങ്ങനെ സോമൻസാറായി. സോമരസത്തിൽ നാട് പുളകം കൊണ്ടു. സോമന്റെഓരോ വരവും കെട്ടുകാഴ്ചകളായി.
സോമൻ വീണ്ടും തിരിച്ചു ഗൾഫിലേക്ക് പോയി. യാത്രയാക്കാൻ സോമന്റെ വീട്ടിലെത്തിയത് നാട്ടിലെ പൊതുസമൂഹം. ആ സോമൻ കഴിഞ്ഞദിവസം നാട്ടിൽ തിരിച്ചെത്തി. നാട്ടുകാരുടെ കണ്ണിൽപ്പെടാതെ രാത്രി ഒളിച്ച് ഒളിച്ച്. ചാർട്ടേഡ് വിമാനത്തിൽ ദുബായിൽ നിന്നെത്തിയിരിക്കുകയാണ്. വരുന്ന വിവരം സോമൻ ആരെയും അറിയിച്ചില്ല. പറഞ്ഞത് ഭാര്യയോട് മാത്രം. ആരെയും അറിയിക്കരുതെന്ന് സോമന്റെ മുന്നറിയിപ്പും. ഗൾഫുകാർ ആരെങ്കിലും വരുന്നുണ്ടോ എന്ന് കണ്ണുംനട്ടിരിക്കുകയാണ് നാട്ടുകാർ. സ്വീകരിക്കാനല്ല, പൊക്കി ആരോഗ്യ വകുപ്പിനെ ഏൽപ്പിക്കാൻ. അവരുടെ കണ്ണ് വെട്ടിച്ച് പാതിരാത്രിയിൽ സോമൻ രഹസ്യമായി വീടിന് മുന്നിലെത്തി. മക്കളും സോമന്റെ മാതാപിതാക്കളുമെല്ലാം ഉറക്കത്തിൽ. ഉറങ്ങാതെ സോമൻെറ ഭാര്യ ശോഭ ആ വരവും കാത്തിരിക്കുകയാണ്. പുറത്തെ ലൈറ്റെല്ലാം ഓഫാക്കി സി.സി.ടിവിയിലൂടെ ദൃശ്യങ്ങൾ നോക്കി.
ഗേറ്റിന് മുന്നിൽ സോമൻ എത്തുന്നത് സി.സി.ടിവിയിൽ കണ്ട ഭാര്യ മെല്ലേ ഇറങ്ങി മുന്നിലെ വാതിൽ തുറന്നു. പതുക്കെ പതുക്കെ സോമൻ വീടിനുള്ളിൽ കയറി. സോമൻെറ നെഞ്ചിടിച്ചു. ആരെങ്കിലും കണ്ടോ ഭാര്യ ചോദിച്ചു. ആരും കണ്ടില്ല. എങ്കിൽ മുകളിലത്തെ മുറിയിലേക്ക് പോയ്ക്കോ. സമയാസമയം ആഹാരവും മറ്റും ഞാൻ അവിടെ എത്തിച്ചോളാം. പുറത്തിറങ്ങരുത്. സോമൻ തലയാട്ടിക്കൊണ്ട് മുന്നോട്ട് നടന്നു. ഇമ്മിണി അകലമിട്ട് ഭാര്യയും ഒപ്പം നടന്നു. ആ രാത്രി സോമന് ഉറങ്ങാനായില്ല. എത്ര പ്രാവശ്യമാണ് താൻ ഗൾഫിൽ നിന്ന് വന്നിട്ടുള്ളത്. അന്നെല്ലാം ഉത്സവമായിരുന്നു. ഇന്നോ ഉത്സവപ്പിറ്റേന്ന് പോലെയും. ജീവിതത്തിൻെറ അവസ്ഥയോർത്ത് സോമൻ അങ്ങനെ കിടന്നപ്പോൾ ഭാര്യ താഴത്തെ മുറിയിൽ ഒരു കള്ളത്തരം ഒളിപ്പിച്ചതിൻെറ വേവലാതിയിലായിരുന്നു.
നേരം പുലർന്നു. ശോഭ പുറത്തിറങ്ങി ചുറ്റും കണ്ണൊടിച്ചു. ആർക്കെങ്കിലും എന്തെങ്കിലും സംശയമുണ്ടായോ എന്ന നിലയിൽ. ആരും അറിഞ്ഞില്ല എന്ന ധൈര്യത്തിൽ ശോഭ അകത്തുകയറിയതും ഒരു ജീപ്പ് വന്ന് വീടിന് മുന്നിൽ നിന്നു. ചടപടാ എന്ന ശബ്ദത്തിൽ അവർ കയറി വന്നപ്പോൾ ശോഭ അമ്പരന്നു. എവിടെ ഭർത്താവ് വന്നവർ ചോദിച്ചപ്പോൾ ശോഭ നിന്ന് പരുങ്ങി. ഗേറ്റിന് പുറത്ത് പരുങ്ങാതെ നാട്ടുകാരുടെ തല കണ്ടു. സോമൻെറ രഹസ്യ വരവ് പൊളിച്ചതിലുള്ള നാട്ടുകാരുടെ സംതൃപ്തിയായി അത് മാറി. സോമനെ ആരോഗ്യ വകുപ്പ് പിടിച്ച് ക്വാറൻൈറൻ കേന്ദ്രത്തിലാക്കി.
ഇതൊരു ക്വാറൻൈറൻ കഥയുടെ എപ്പിസോഡാണ്. ഗൾഫുകാരൻെറ ജീവിതം പറയുന്ന എപ്പിസോഡ്. ഗൾഫുകാരൻ എന്ന് കേട്ടാൽ ഓടി ഒളിക്കുന്ന നിലയിലേക്ക് കൊവിഡ് കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നു. കൊവിഡ് ഇല്ലെന്ന് ആണയിട്ട് പറഞ്ഞാലും ആരും വിശ്വസിക്കാത്ത അവസ്ഥ.
ഗൾഫിലായിരുന്നപ്പോൾ എങ്ങനെയും നാട്ടിലെത്തിയാൽ മതിയെന്ന ചിന്തയായിരുന്നു. എത്തിയപ്പോഴാേ വരണ്ടായിരുന്നു എന്ന തോന്നൽ. എല്ലാവരും ഭയത്തോടെ നോക്കുകയാണ്. ഗൾഫിൽ നിന്ന് മലയാളികൾ എത്താൻ തുടങ്ങിയതോടെ കേരളത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം പെരുകുന്നത് ഗൾഫുകാരെ പൊള്ളിക്കുകയാണ്. പണത്തിന് മീതേ പരുന്തും പറക്കില്ല എന്ന പഴം ചൊല്ലൊക്കെ വെറും ചൊല്ലായി എന്ന് തിരിച്ചറിയുന്ന കാലം. കൊവിഡ് ജനത്തെ പഠിപ്പിച്ചത് ഒരു പുസ്തകത്തിലുമില്ലാത്ത തത്വസംഹിതകളാണ്. പൊങ്ങച്ചങ്ങളും ജാടകളുമെല്ലാം വീണുടയുമെന്ന സത്യം.
കൺവെൻഷൻ സെൻററുകളും തടിച്ചുകൂടുന്ന ജനാവലിയും പനിനീർ തളിക്കാൻ ആനയും ഈവൻറ് മാനേജുമെൻറുമില്ലാതെ വിവാഹം നടത്താമെന്ന സത്യം. വീട് തന്നെ വിവാഹമണ്ഡപമാകാമെന്ന തിരിച്ചറിവ്. മരണാനന്തര ചടങ്ങന്നെ നിലയിൽ കുളി നടത്തി ഇഡ്ഡലിയും സാമ്പാറും മറ്റും വിളമ്പി നാട്ടുകാരെ ഉൗട്ടിയ ദുരാചാരം. ഇതൊന്നുമില്ലാതെ കാര്യങ്ങൾ വളരെ ഭംഗിയായി കൊവിഡ് നടത്തുന്നു. ഉറ്റവരെയും ഉടയവരെയും മാത്രം പങ്കെടുപ്പിച്ചുകൊണ്ട്. വിവാഹത്തിന് 10 പേർ മതിയെന്ന് ശ്രീനാരായണ ഗുരുദേവൻ അരുളി ചെയ്തത് പ്രസംഗിക്കാൻ മാത്രമുള്ളതായി മാറിയപ്പോൾ അത് പ്രാവർത്തികമാക്കാനുള്ളതാണെന്ന് കൊവിഡ് പഠിപ്പിച്ചുതരുന്നു. അറിവുള്ളവരും മഹാത്മാക്കളും പറഞ്ഞു തന്നത് കേട്ട് നടക്കാൻ മറന്നുപോയതാണ് ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ അപചയം.
* * *
ഗൾഫുകാരൻെറ ജീവിതം പത്തേമാരിയാണെന്നാണ് ഒരു ഗൾഫുകാരൻ തന്നെ പറയുന്നത്. അതൊരു പായ്ക്കപ്പലാണ്. കാറ്റുള്ളപ്പോൾ അത് ദിശയെ ലക്ഷ്യമാക്കി പായും. കാറ്റ് കൊടുങ്കാറ്റാകുമ്പോൾ പായ്ക്കപ്പൽ ഉന്നം മറന്ന് തെന്നിക്കളിക്കും. പിന്നെ ആര് രക്ഷിക്കുമെന്ന ചോദ്യവും.
* * *
ചെസ് കളിക്കുമ്പോൾ ആനയേയും കുതിരയേയും വെട്ടില്ല. എന്താകാരണം മൃഗസ്നേഹം. കൊവിഡ് കാലത്ത് ആ സ്നേഹം പോലും ഗൾഫുകാരോട് കാണിക്കുന്നില്ലെന്നാണ് ഒരു പ്രവാസി പറയുന്നത്
* * *
ഒളിച്ചും പാത്തും കുവൈറ്റിൽ നിന്നെത്തിയ പ്രവാസി ഗേറ്റിൽ വലുതായി എഴുതി ഒട്ടിച്ചു. ഞാൻ അകത്തുണ്ട്. ക്വാറൻൈറനിലാണ്. സത്യമായും ക്വാറൻൈറൻ കഴിയാതെ പുറത്തിറങ്ങില്ല. ഉപദ്രവിക്കരുത്. പുറത്തിറങ്ങുന്നോ എന്ന് വീക്ഷിക്കാൻ നാട്ടുകാരുടെ സംഘം ഗേറ്റിന് മുന്നിൽ റോന്ത് ചുറ്റലും.
* * *
സ്വപ്നങ്ങൾ കാണുന്നവരാണ് ഗൾഫുകാർ. ദിവാസ്വപ്നങ്ങൾ. കോടീശ്വരൻമാരാകുക എന്നതാണ് സ്വപ്നം. വലിയ ജോലിയുള്ളവർ അത്തരം സ്വപ്നം കാണുകയും അങ്ങനെ ആയിത്തീരാറുമുണ്ട്. എന്നാൽ ലേബർ ക്യാമ്പുകളിൽ കഴിയുന്നവരും ആ സ്വപ്നങ്ങളിലാണ്. അബുദാബി ബിഗ് ലോട്ടും ദുബായ് ഡ്യൂട്ടിഫ്രീ ലോട്ടറി ടിക്കറ്റുകളുമെടുത്താണ് ഇവർ സ്വപ്നം മെനയുന്നത്. അയ്യായിരത്തിലധികമാണ് ടിക്കറ്റ് വില. വിമാനത്താവളത്തിൽ എത്തുമ്പോഴെല്ലാം ഈ ടിക്കറ്റുകളെടുത്താണ് മടങ്ങുന്നത്. ഓരോ പ്രാവശ്യം ടിക്കറ്റ് എടുക്കുമ്പോഴും അടിക്കുമെന്ന പ്രതീക്ഷ വയ്ക്കുന്നു. വീണ്ടുമെടുക്കുന്നു. വീണ്ടും സ്വപ്നം കാണുന്നു.