അതിർത്തിത്തർക്കമായിരുന്നു നാട്ടിലെ ഏറ്റവും വലിയ പ്രശ്നം. അതില്ലാത്ത ഒരു വീടോ പറമ്പോ ഉണ്ടായിരുന്നില്ല. മതിലുകൾ കെട്ടിത്തുടങ്ങിയപ്പോൾ തർക്കം മൂർച്ഛിച്ചെങ്കിലും ഇപ്പോൾ ഒട്ടും വ്യാപകമല്ല. കൊല്ലും കൊലയും നടന്നിരുന്നതും അതിന്റെ പേരിലായിരുന്നു. അതിരുകൾ ലംഘിക്കുകയും പിടിച്ചടക്കുകയും ചെയ്യുക വഴി നാട്ടുരാജ്യങ്ങൾ നടത്തിപ്പോന്ന നിരന്തര യുദ്ധങ്ങളിൽ പൊലിഞ്ഞ ജീവനുകളുടെ കണക്ക് ആരും അന്വേഷിച്ചില്ല. ബസിലോ ട്രെയിനിലോ യാത്രചെയ്യുമ്പോൾ സ്വന്തം ഇരിപ്പിടം ഉറപ്പിക്കുന്നതിൽപോലും അതിർത്തിചിന്തയുടെ കടന്നുകയറ്റമുണ്ട്.
കുടുംബബന്ധങ്ങളിലും ഇഷ്ടാനിഷ്ടങ്ങളിലും സ്നേഹബന്ധങ്ങളിലുമെല്ലാം അതുണ്ട്. സ്ത്രീ പുരുഷബന്ധങ്ങളുടെ അതിരുകൾ സംബന്ധിച്ച സങ്കല്പങ്ങൾ മാറിമറിയുകയും പുതിയ ജീവിത സാഹചര്യങ്ങൾ വന്നുചേരുകയും ചെയ്തതോടെ അവയുടെ അതിരുകൾ മാറിമറിഞ്ഞു. പക്ഷേ, മണ്ണ് നിശ്ചലവസ്തു ആയതിനാൽ അതിന്റെ പ്രകൃതം മാറുക എളുപ്പമല്ല.
ലോകത്തെമ്പാടും രാജ്യങ്ങൾ തമ്മിൽ പല തരത്തിലുള്ള അതിർത്തിത്തർക്കങ്ങൾ ഇന്നും രൂക്ഷത മങ്ങാതെ നിലനിൽക്കുന്നു. ചൈനയും പാകിസ്ഥാനും നേപ്പാളുമായുള്ള ഇന്ത്യയുടെ തർക്കം എന്തിനുവേണ്ടി എന്ന ചോദ്യം സാധാരണ ജനങ്ങളെ അമ്പരപ്പിക്കുന്ന ഒന്നാണ്.
ചൈനീസ് പ്രധാനമന്ത്രിയായിരുന്ന ചൗ എൻ ലായ് 1962ൽ ഇന്ത്യയിൽവന്ന് പ്രധാനമന്ത്രി നെഹ്രുവുമായി പഞ്ചശീല തത്ത്വങ്ങൾ ഒപ്പുവയ്ക്കുമ്പോൾ ചൈനീസ് പട്ടാളം ഇന്ത്യയുടെ അതിർത്തി ഭേദിച്ചുകയറാൻ പടയൊരുക്കുകയായിരുന്നു. ഇന്ത്യ ചീന ഭായി ഭായി എന്ന് മുദ്രാവാക്യം വിളിച്ച് പാവം ഭാരതീയർ ആനന്ദിക്കേ ചീനപ്പട്ടാളം ഇന്ത്യൻസേനയ്ക്കുനേരെ വെടിയുതിർത്തുകൊണ്ടിരുന്നു. ചൗ എൻ ലായ്ക്ക് ചൈനയിൽ മടങ്ങിയെത്തേണ്ട കാലതാമസമേ അതിനുവേണ്ടിവന്നുള്ളൂ. മുഷാറഫുമായി ഇന്ത്യൻ പ്രധാനമന്ത്രി വാജ്പേയി സൗഹൃദസംഭാഷണത്തിൽ ഏർപ്പെട്ടിരിക്കെയാണ് പാകിസ്ഥാൻ സൈന്യം അതിരുവിട്ട് കാർഗിലിൽ പ്രവേശിച്ചത്. ഈ ചരിത്രയാഥാർത്ഥ്യം മറന്നുകൊണ്ടുള്ള സമാധാന ചർച്ചകൾക്ക് എന്ത് യുക്തിയാണുള്ളതെന്ന് രാജ്യസ്നേഹമുള്ള ഏതൊരു ഭാരതീയനും ചോദിച്ചുപോകും. പ്രതിരോധമന്ത്രിയായിരുന്ന ജോർജ് ഫെർണാണ്ടസ് പറഞ്ഞിട്ടുള്ളതുപോലെ ചൈനയും പാകിസ്ഥാനുമായുള്ള നമ്മുടെ ബന്ധം എന്നും സംശയത്തിന്റെ നിഴലിലാണ്.
രാത്രിയിൽ സർവ്വേക്കല്ലുകൾ ഇളക്കിമാറ്റുന്ന ലാഘവത്തോടെയാണ് ഇന്നും ഇന്ത്യൻ അതിർത്തികളിൽ പാകിസ്ഥാനും ചൈനയും പെരുമാറുന്നത്. ചൈന ഇന്ത്യയെ ഏകപക്ഷീയമായി ആക്രമിച്ച അവസരത്തിൽ ഇ.എം. എസ് നടത്തിയ ഒരു പാരമാർശം ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. നാം നമ്മുടേതെന്നും അവർ അവരുടേതെന്നും പറയുന്ന മഞ്ഞുമലകളെക്കുറിച്ചാണ് തർക്കം- എന്നായിരുന്നു ഇ.എം.എസിന്റെ പ്രയോഗം. പാറക്കല്ലുകളിൽ ചൈന എന്നെഴുതി ഇന്ത്യൻ ഭൂമിയിലേക്ക് എറിയുകയും ആ കല്ലുകൾ വീണു കിടക്കുന്ന സ്ഥലം തങ്ങളുടേതെന്ന് അവകാശപ്പെടുകയും ചെയ്യുന്ന പ്രവണത ചീനപ്പടയ്ക്കുണ്ടായിരുന്നു. ആ സ്വഭാവത്തിന് ഇന്നും മാറ്റം വന്നിട്ടില്ലെന്നറിയുമ്പോൾ ഇ.എം.എസിന്റെ ആ വാക്കുകൾ ഭാരതീയന്റെ നെഞ്ചിൽ വീണ്ടും വന്നുകൊള്ളുന്നു.
കൊവിഡിന്റെ വരവ് സ്വാഭാവികമായും കൂടുതൽ ഒറ്റപ്പെടുത്തിയത് ചൈനയെയാണ്. ആഹാരരീതിയിൽത്തന്നെ വന്യതയുള്ള ജനസമൂഹമാണ് ചൈനയിലുള്ളത്. അങ്ങനെയുള്ള രാജ്യം ഒറ്റപ്പെടുമ്പോൾ അതിനെ മറികടക്കാനും മറച്ചുപിടിക്കാനും ഏത് ദുർമാർഗ്ഗവും പ്രയോഗിക്കും. അതിന്റെ പ്രത്യാഘാതമാണ് ലഡാക്കിൽ ഉണ്ടായത് എന്നും കരുതാവുന്നതാണ്. അവിടെ നഷ്ടപ്പെട്ട മനുഷ്യജീവനുകൾ ആർക്കും തിരിച്ചുനൽകാൻ പറ്റുന്നതല്ല. നഷ്ടം രാജ്യത്തിന്റേതാണ് എന്ന് അഭിമാനത്തോടെ വിളിച്ചുപറയുമ്പോൾ അവരുടെ കുടുംബങ്ങൾക്കുണ്ടായ നഷ്ടത്തിന്റെയും ദുഃഖത്തിന്റെയും ആഴം മറന്നുപോകുന്നു. അതിനുപകരമായി ഒന്നും കൊടുക്കാൻ ആ പൈശാചികത നടത്തിയവർക്കോ നമുക്കോ സാധിക്കുകയില്ല.
സംഘർഷം നിലനിറുത്താൻ വേണ്ടി മാത്രം കുറേ അതിർത്തിപ്രശ്നങ്ങൾ ലോകത്തെമ്പാടും നിലനിൽക്കുന്നു. മണ്ണിനും മഞ്ഞുമലകൾക്കും വേണ്ടിമാത്രമല്ല, കടലിനും ആകാശത്തിനുംവേണ്ടിയും തർക്കം തുടരുന്നു. ഭരണാധികാരികൾക്ക് രാജ്യസ്നേഹം കാണിക്കാനും സ്വന്തം ജനത നേരിടുന്ന യഥാർത്ഥ പ്രശ്നങ്ങളെ വഴിതിരിച്ചുവിടാനുമുള്ള തന്ത്രവുമാണത്.
ഇന്ത്യയും ചൈനയും തമ്മിൽ ഇപ്പോൾ യുദ്ധമുണ്ടായാൽ ആർക്കായിരിക്കും ജയം എന്നതു സംബന്ധിച്ച് അമേരിക്കയിലെ ഹാർവാഡ് യൂണിവേഴ്സിറ്റി അടുത്തിടെ നടത്തിയ പഠനം പുറത്തുവന്നിരുന്നു. ഇന്ത്യയ്ക്കാവും മേൽക്കൈ എന്നാണ് അതിൽ നീരീക്ഷിച്ചിട്ടുള്ളത്. അതിനർത്ഥം സമാധാനത്തേക്കാൾ ഇന്ത്യക്കു മെച്ചം യുദ്ധം എന്നാണോ? അല്ല. യുദ്ധങ്ങൾ ആരെയും രക്ഷിച്ചിട്ടില്ല. ധർമ്മം സ്ഥാപിക്കാൻ വേണ്ടി നടന്ന കുരുക്ഷേത്ര യുദ്ധംപോലും ആരെയും രക്ഷിച്ചില്ല.
ഞങ്ങളുടെ ഓഫീസിനു സമീപത്തെ പാർക്കിൽ ഉറങ്ങുന്ന ഒരു വൃദ്ധനെ ലോക്ക് ഡൗൺ വന്നപ്പോൾ പൊലീസ് തട്ടിയിളക്കി വിട്ടു. ഓഫീസിനു മുന്നിലെ കടകൾക്കു പിന്നിലായി അയാളുടെ ഉറക്കം. ലോക്ക് ഡൗണിന് ഇളവുവന്നപ്പോൾ കടകൾ തുറന്നു. സ്വാഭാവികമായും അവിടെനിന്നും കുടിയിറക്കപ്പെട്ടു. വയോധികർക്ക് പുറത്തിറങ്ങി സഞ്ചരിക്കാൻ വിലക്കാണല്ലോ. എന്തുചെയ്യും? രാത്രിയിൽ, അനന്തമായ ആകാശത്തെ നോക്കി ചിരിക്കുകയോ കരയുകയോ ചെയ്യാതെ ഭാണ്ഡക്കെട്ടുമായി അയാൾ നടന്നുപോയത് എങ്ങോട്ടാവും? അതിർത്തിത്തർക്കങ്ങളും യുദ്ധവും മുറുകുമ്പോൾ അഭയാർത്ഥികളായി പലായനം ചെയ്ത് പട്ടിണിപ്രേതങ്ങളാകുന്നവരെ മറക്കാതിരിക്കാം. നമ്മുടെ അതിർത്തികൾ കാക്കാൻവേണ്ടി മരണമുനമ്പുകളിൽ രാപ്പകൽ ഉറങ്ങാതിരിക്കുന്ന പടയാളികൾ സമാധാനത്തോടെ മലയിറങ്ങിവരുന്നത് കാണാൻ പ്രാർത്ഥിക്കാം.