ബീജിംഗ്:ചൈനയിലെ മുസ്ലീം ജനസംഖ്യ കുറയ്ക്കാനുള്ള രഹസ്യ അജണ്ടയുടെ ഭാഗമായി സിൻജിയാങ് പ്രവിശ്യയിൽ അടിച്ചമർത്തപ്പെട്ട് കഴിയുന്ന ന്യൂനപക്ഷ ഉയിഗുർ ജനതയിൽ വന്ധ്യംകരണവും ഗർഭച്ഛിദ്രവും സ്‌ത്രീകളുടെ ഗർഭപാത്രത്തിൽ ഗർഭ നിരോധന ഉപാധികളും അടിച്ചേൽപ്പിക്കുന്നു. അതേസമയം, ചൈനയിലെ ഭൂരിപക്ഷമായ ഹാൻ വംശജരെ കൂടുതൽ കുട്ടികൾക്ക് ജന്മം നൽകാൻ ഭരണകൂടം പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.
വാർത്താ ഏജൻസിയായ എ. പിയുടെ അന്വേഷണ റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ.വളരെ സാവധാനം ആസൂത്രിതമായി നടത്തുന്ന വംശഹത്യയാണിതെന്ന് റിപ്പോർട്ടിൽ പറയുന്നു.
സിൻജിയാങ് പ്രവിശ്യയിൽ നാല് വർഷമായി ഉയിഗുർ മുസ്ലീങ്ങളെ ഇത്തരം കിരാത നടപടികൾക്ക് വിധേയമാക്കുകയാണ്. ഉയിഗുർ സ്ത്രീകളെ ഭരണകൂടം നിരന്തരം ഗർഭ പരിശോധനയ്‌ക്ക് വിധേയരാക്കുന്നു. ആയിരക്കണക്കിന് സ്‌ത്രീകളെയാണ് ഗർഭഛിദ്രത്തിന് വിധേയരാക്കിയത്. ചൈനയിലെമ്പാടും ഗർഭനിരോധന മാർഗങ്ങൾ കുറഞ്ഞു വരുമ്പോൾ സിൻജിയാങ്ങിൽ അത് കുത്തനെ ഉയരുകയാണ്. തടങ്കൽ ഭീഷണി മുഴക്കിയാണ് അനുസരിപ്പിക്കുന്നത്.അനുസരിക്കാത്തവരെ ശിക്ഷയായി തടങ്കൽ പാളയങ്ങളിൽ അടയ്‌ക്കുന്നു.മൂന്നോ അതിൽ കൂടുതലോ കുട്ടികളുള്ളവർക്ക് വലിയ പിഴ വിധിക്കും. പിഴ നൽകിയില്ലെങ്കിൽ തടങ്കലിലാക്കും. മാതാപിതാക്കൾ കുട്ടികളെ വീടുകളിൽ ഒളിപ്പിച്ചാണ് വളർത്തുന്നത്. എത്ര കുട്ടികളുണ്ടെന്നറിയാൻ പൊലീസ് നിരന്തരം വീടുകൾ റെയ്ഡ് ചെയ്യും.
2015 മുതൽ 2018 വരെ ഉയിഗുർ വംശജരിൽ ജനന നിരക്ക് 60 ശതമാനമാമായിരുന്നു. 2019-ൽ അത് 24 ശതമാനമായി കുത്തനെ കുറഞ്ഞു. ഉയിഗുർ വംശജരെ ഭീകരപ്രവർത്തകരായാണ് ചൈന കാണുന്നത്. അതിനാൽ അവരുടെ ജനസംഖ്യ പരമാവധി കുറയ്ക്കാനാണ് ശ്രമിക്കുന്നതെന്നാണ് ആരോപണം.
അതേസമയം എ. പിയുടെ റിപ്പോർട്ട് കെട്ടിച്ചമച്ചതാണെന്ന് ചൈനീസ് അധികൃതർ ആരോപിച്ചു.