ജനീവ: കൊവിഡ് മഹാമാരിയുടെ ഏറ്റവും രൂക്ഷമായ ഘട്ടം വരാനിരിക്കുന്നതേയുള്ളൂവെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. 'ഏറ്റവും തീവ്രമായ ഘട്ടം വരാനിരിക്കുകയാണെന്ന കാര്യം പറയുന്നതിൽ അതിയായ വിഷമമുണ്ട്. പക്ഷെ നിലവിലെ സാഹചര്യവുമനുസരിച്ച് സ്ഥിതി കൂടുതൽ മോശമാകാൻ സാദ്ധ്യതയുണ്ട്. അപകടകാരിയായ ഈ വൈറസിനെ നേരിടാൻ ഒരുമിച്ച് പ്രവർത്തിക്കേണ്ടത് ആവശ്യമാണ്. കൊവിഡ് ഭീതിയിൽനിന്ന് ലോകം മുക്തമാകാൻ മാസങ്ങളെടുക്കും'. ലോകാരോഗ്യസംഘടനയുടെ മേധാവി ടെഡ്രോസ് അഥാനോം പറഞ്ഞു.
ചില രാജ്യങ്ങളിൽ സമ്പദ്ഘടനയും സമൂഹവും വീണ്ടും തുറന്ന് പ്രവർത്തിക്കാനാരംഭിച്ചതോടെ കൊവിഡ് കേസുകൾ വീണ്ടും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ടെദ്രോസ് അഥാനോം സൂചിപ്പിച്ചു. ഒട്ടേറെ ആളുകൾക്ക് രോഗം വരാമെന്നും വൈറസിനെ നേരിടുന്നതിൽ ചില രാജ്യങ്ങൾ പുരോഗതി പ്രകടിപ്പിച്ചെങ്കിലും ആഗോളതലത്തിൽ കൊവിഡ് വ്യാപനം രൂക്ഷമാകുകയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അതേസമയം, ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1.04 കോടി പിന്നിട്ടു. ഒടുവിലത്തെ റിപ്പോർട്ട് പ്രകാരം 1,04,32,846 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 5,08,803 പേർ മരിച്ചു. 56.91 ലക്ഷം പേർ രോഗമുക്തി നേടി. അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം 26.82 ലക്ഷം കവിഞ്ഞു. 1,28,788 പേർ അമേരിക്കയിൽ ഇതുവരെ മരിച്ചു. ബ്രസീലിൽ 13.70 ലക്ഷം രോഗികൾ. ആകെ മരണം - 58,385. റഷ്യയിൽ ഇന്നലെയും 6000ത്തിലധികം പ്രതിദിന രോഗികൾ. ഇന്നലെ 154 പേർ മരിച്ചു. ആകെ മരണം - 9,320. രോഗികൾ - 647,849. ചൈനയിൽ ഇന്നലെ 19 കേസുകൾ റിപ്പോർട്ട് ചെയ്തു.
മലേറിയയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളായ ഹൈഡ്രോക്സിക്ലോറോക്വിൻ, ക്ലോറോക്വിൻ എന്നിവ കൊവിഡ് ചികിത്സയ്ക്ക് ഫലപ്രദമാണോയെന്നറിയാനുള്ള പരീക്ഷണങ്ങൾ പുനഃരാരംഭിക്കും.