shikha-pandey

വനിതാ ക്രിക്കറ്രിന് പ്രചാരം കൂട്ടാൻ നിയമങ്ങൾ ലഘൂകരിക്കണമെന്ന നിർദ്ദേശത്തിനെതിരെ കടുത്ത വിമർശനവുമായി ഇന്ത്യൻ താരം ശിഖ പാണ്ഡെ

ന്യൂഡൽഹി: വനിതാ ക്രിക്കറ്റിനെ ജനപ്രിയമാക്കാൻ കളി നിയമങ്ങൾ ലഘൂകരിക്കണമെന്ന അഭിപ്രായങ്ങൾക്കെതിരെ കടുത്ത വിമർശനവുമായി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമംഗം ശിഖ പാണ്ഡെ. പുരുഷ ക്രിക്കറ്റിന്റെ നിയമങ്ങളിൽ ഇളവുവരുത്തുന്നത് വീര്യം ചോർത്തലാണെന്നും വിപണനരീതികൾ മാറ്രുകയും ഗ്രാസ് റൂട്ട് ലെവലിൽ ഡെവലപ്പ്മെന്റ് നടത്തുകയുമാണ് വനിതാ ക്രിക്കറ്റിനെ പരിപോഷിപ്പിക്കാൻ വേണ്ടതെന്ന് ശിഖ വ്യക്തമാക്കി. വനിതാ ക്രിക്കറ്റിനെ നവീകരിക്കാനുള്ള മാർഗങ്ങൾ തേടി ഐ.സി.സി നടത്തിയ വെബിനാറിൽ പങ്കെടുത്ത ഇന്ത്യൻ യുവ താരം ജമൈമ റോഡ്രിഗസും ന്യൂസീലൻഡ് ക്യാപ്‌ടൻ സോഫി ഡിവൈനും മുന്നോട്ടുവെച്ച ആശയങ്ങൾക്കെതിരെയായിരുന്നു ശിഖയുടെ മറുപടി. വനിത ക്രിക്കറ്റിനെ ആകർഷണീയമാക്കാൻ ചെറിയ പന്തുകൾ ഉപയോഗിക്കണമെന്നും പിച്ചിന്റെ നീളം കുറയ്ക്കണമെന്നുമാണ് ജമൈമയും സോഫിയും അഭിപ്രായപ്പെട്ടത്.

പിച്ചിന്റെ നീളം

ഒളിമ്പിക്സിൽ 100 മീറ്രറിൽ മത്സരിക്കുന്ന വനിതാ താരത്തിന് ജയിക്കാൻ 80 മീറ്രർ ഓടിയാൽ പോരാ. 100 മീറ്ററും ഓടണം. പുരുഷ വിഭാഗം 100 മീറ്ററിൽ ഓടുന്ന താരത്തിന്റെ അതേ സമയം കണ്ടെത്താൻ വനിതകളുടേത് 80 മീറ്ററായി ചുരുക്കുന്നില്ല. അതിനാൽ തന്നെ വനിതാക്രിക്കറ്റിൽ പിച്ചിന്റെ നീളം കുറയ്ക്കണമെന്ന് പറയുന്നത് ശരിയല്ല.

പന്തിന്റെ വലിപ്പം

പന്തിന്റെ വലിപ്പം കുറക്കാനുള്ള ഇയാൻ സ്മിത്തിന്റെ നിർദ്ദേശം നല്ലതാണ്. എന്നാൽ ഭാരം അതേപോലെ തന്നെ നിലനിറുത്തണം.ഇത് ബൗളർമാർക്ക് പന്തിൽ കൂടുതൽ ഗ്രിപ്പ് നൽകും. സ്പിന്നർമാർക്ക് കൂടുതൽ ഗുണം ചെയ്യും.

ബൗണ്ടറി

മികച്ച പവർ ഹിറ്റിംഗിന് കഴിവുള്ള താരങ്ങൾ വനിതാ ക്രിക്കറ്റിലുണ്ട്. അതിനാൽ ബൗണ്ടറിയുടെ നീളം ഇനിയും കുറയ്ക്കരുത്. അടുത്ത കാലങ്ങളിൽ വമ്പനടികൾ കൊണ്ട് ഞങ്ങൾ നിങ്ങളെ ഞെട്ടിച്ചിട്ടുണ്ട്.ഓർമ്മിക്കുക, ഇത് തുടക്കം മാത്രമാണ്. ഞങ്ങൾ ഇനിയും മെച്ചപ്പെടും ക്ഷമയോടെ കാത്തിരിക്കൂ. കഴിവുള്ള വനിതാ താരങ്ങൾ ഒരുപാടുണ്ട്.

രണ്ടും വ്യത്യസ്തം

വനിതാ ക്രിക്കറ്റും പുരുഷ ക്രിക്കറ്റും രണ്ടും രണ്ടാണ്.അതുകൊണ്ട് ദയവു ചെയ്ത് താരതമ്യം ചെയ്യരുത്. കഴിഞ്ഞ ട്വന്റി-20 വനിതാ ലോകകപ്പ് ഫൈനൽ കോടിക്കണക്കിന് പേർ ടിവിയിലും എൺപതിനായിരത്തോളം പേർ നേരിട്ടെത്തിയും കണ്ടതാണ്. നന്നായി മാർക്കറ്ര് ചെയ്താൽ വനിതാ ക്രിക്കറ്റിന് ഏറെ വളരാനാകും. ആഭ്യന്തരതലത്തിൽ താഴേത്തട്ട് മുതൽ അതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങണം.