rbi

മുംബയ്: ബഡ്‌ജറ്റിൽ ലക്ഷ്യമിട്ട വരുമാന മാർഗങ്ങളെല്ലാം കൊവിഡും ലോക്ക്ഡൗണും മൂലം തകിടംമറിഞ്ഞതോടെ,​ സാമ്പത്തിക ചെലവുകൾക്കായി കേന്ദ്രസർക്കാർ വീണ്ടും റിസർവ് ബാങ്കിന്റെ 'സർപ്ളസിൽ" നോട്ടമിടുന്നു. റിസർവ് ബാങ്കിന്റെ വരുമാനത്തിൽ നിന്നൊരു പങ്കാണ് സാധാരണയായി 'സർപ്ളസ്" (അധിക ലാഭവിഹിതം)​ ഇനത്തിൽ കേന്ദ്രത്തിന് നൽകിയിരുന്നത്. 2018-19 സാമ്പത്തിക വർഷം ലാഭവിഹിതത്തിന് പുറമേ,​ കരുതൽ ധനശേഖരത്തിന്റെ നല്ലൊരു പങ്കും കേന്ദ്രം ആവശ്യപ്പെട്ടത് വൻ വിവാദമായിരുന്നു.

തുടർന്ന്,​ ഇതേപ്പറ്റി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ റിസർവ് ബാങ്കിന്റെ മുൻ ഗവർണർ ബിമൽ ജലാൻ അദ്ധ്യക്ഷനായ പാനലിനെ നിയോഗിച്ചിരുന്നു. അധികപ്പണം സർക്കാരിന് നൽകാമെന്ന് പാനൽ ശുപാർശ ചെയ്‌തു. ഇതുപ്രകാരം കരുതൽ ശേഖരത്തിൽ നിന്ന് കേന്ദ്രത്തിന് 1.76 ലക്ഷം കോടി രൂപ റിസർവ് ബാങ്ക് നൽകി. 28,​000 കോടി രൂപയുടെ സർപ്ളസിന് പുറമേയായിരുന്നു ഇത്. നടപ്പുവർഷവും സമാനരീതിയിൽ അധികപ്പണം തേടാനാണ് കേന്ദ്രനീക്കം. കേന്ദ്രം പുറത്തിറക്കിയ 1.3 ലക്ഷം കോടി രൂപയുടെ കടപ്പത്രങ്ങൾ റിസർവ് ബാങ്ക് വാങ്ങിയിട്ടുണ്ട്. ഇതുവഴി,​ റിസർവ് ബാങ്കിന് കിട്ടുന്ന പലിശ,​ അധികലാഭവിഹിതമായി കണക്കാക്കി കേന്ദ്രത്തിന് കൈമാറിയേക്കും.

സർപ്ളസ് ഇതുവരെ

(തുക കോടിയിൽ)​

2012-13 : ₹30,​010

2013-14 : ₹50,​679

2014-15 : ₹65,​896

2015-16 : ₹65,​876

2016-17 : ₹30,​659

2017-18 : ₹50,​000

2018-19 : ₹1.76 ലക്ഷം

2019-20 : ₹90,​000*

(*കേന്ദ്രം പ്രതീക്ഷിക്കുന്നത്)

₹9.59 ലക്ഷം കോടി

റിസർവ് ബാങ്കിന്റെ കൈവശം 2018-19 പ്രകാരമുണ്ടായിരുന്നത് 9.59 ലക്ഷം കോടി രൂപയുടെ കരുതൽ ധനശേഖരമാണ്. ഇതിൽ,​ 6.91 ലക്ഷം കോടി രൂപ സ്വർണമായും വിദേശ ധനശേഖരവുമായി ആയിരുന്നു. 2.32 ലക്ഷം കോടി രൂപ ഭാവിയിലെ 'അപ്രതീക്ഷിതമോ അടിയന്തരമോ" ആയ ചെലവുകൾക്കായും കരുതിയിരുന്നു. 'അടിയന്തരപ്പണം" നിലനിറുത്തിയ ശേഷം ബാക്കിത്തുക 3-5 വർഷം കൊണ്ട് ഘട്ടംഘട്ടമായി സർക്കാരിന് കൈമാറാമെന്നാണ് ബിമൽ ജലാൻ പാനലിന്റെ നിർദേശം.

വരുമാനം എങ്ങനെ?​

കടപ്പത്രങ്ങൾ,​ വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന വായ്‌പ എന്നിവയിൽ നിന്നാണ് റിസർവ് ബാങ്ക് വരുമാനം നേടുന്നത്.

28%

റിസർവ് ബാങ്കിന്റെ മൊത്തം ആസ്‌തിയുടെ 28 ശതമാനമാണ് കരുതൽ ധനശേഖരം. ആഗോളതലത്തിൽ കേന്ദ്രബാങ്കുകളുടെ കരുതൽശേഖരം ശരാശരി 14-16 ശതമാനമാണ്. റിസർവ് ബാങ്കും ഇതു പാലിക്കണമെന്ന് ചൂണ്ടിക്കാട്ടി,​ 2016-17ലെ സാമ്പത്തിക സർവേയിൽ അന്ന്,​ കേന്ദ്രത്തിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവായിരുന്ന അരവിന്ദ് സുബ്രഹ്മണ്യനാണ് അധിക കരുതൽ ധനം സർക്കാരിന് കൈമാറണമെന്ന് അഭിപ്രായപ്പെട്ടത്.