ദുബായ്: വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്ക് യു.എ.ഇ.യിലേക്ക് മടങ്ങിയെത്താൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ഇന്നു മുതൽ മടങ്ങിവരുന്നവർക്കാണ് നിയമം ബാധകമാവുക.
17 രാജ്യത്തായി 106 നഗരങ്ങളിലുള്ള യു.എ.ഇ. സർക്കാർ അംഗീകരിച്ച ലബോറട്ടറികളിലാകണം പരിശോധന നടത്തേണ്ടത്. യാത്രയ്ക്ക് 72 മണിക്കൂർ മുമ്പെങ്കിലും പരിശോധന നടത്തി ഫലം വിമാനത്താവളങ്ങളിൽ ഹാജരാക്കണം. കൊവിഡ് നെഗറ്റീവ് ടെസ്റ്റ് ഹാജരാക്കാത്തവരെ വിമാനത്തിൽ കയറാൻ അനുവദിക്കില്ല. യു.എ.ഇ. ദേശീയ ദുരന്തനിവാരണ അതോറിട്ടിയും ഫെഡറൽ അതോറിട്ടി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പുമാണ് ഇതുസംബന്ധിച്ച് മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. smartservices.ica.gov.ac യിൽ അംഗീകൃത ലബോറട്ടറികളുടെ പട്ടിക ഉൾപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, പാകിസ്ഥാനിൽ നിന്നുള്ള എല്ലാ വിമാനങ്ങൾക്കും യു.എ.ഇയിൽ താത്കാലിക വിലക്കേർപ്പെടുത്തി. പാകിസ്ഥാനിൽ നിന്നുള്ള ട്രാൻസിറ്റ് വിമാനങ്ങൾക്കും വിലക്ക് ബാധകമാണ്.
യു.എ.ഇയിലേക്കുള്ള എല്ലാ യാത്രക്കാർക്കും കൊവിഡ് പരിശോധന നടത്താനുള്ള ലബോറട്ടറി സംവിധാനം പാകിസ്ഥാൻ ഏർപ്പെടുത്തുന്നത് വരെ വിലക്ക് തുടരുമെന്നാണ് ജനറൽ സിവിൽ ഏവിയേഷൻ അതോറിട്ടി അറിയിച്ചിരിക്കുന്നത്.