arnab

മുംബയ്: പാല്‍ഘാര്‍ ആള്‍ക്കൂട്ടക്കൊലയുമായി ബന്ധപ്പെട്ടുള‌ള ചാനൽ ചർച്ചയിൽ വര്‍ഗീയ വിദ്വേഷമുണ്ടാക്കാനും സോണിയ ഗാന്ധിയെ അപമാനിക്കാനും ശ്രമിച്ചെന്ന കേസിൽ റിപ്പബ്ളിക്ക് ടി.വി എഡിറ്റർ ഇൻ ചീഫ് അര്‍ണബ് ഗോസ്വാമിയ്ക്കെതിരെയുള്ള എഫ്.ഐ.ആര്‍ ബോംബെ ഹൈക്കോടതി ഇന്ന് സസ്പെെൻഡുചെയ്തു. അർണബിനെതിരെ പ്രഥമദൃഷ്ട്യാ കേസില്ലെന്നും പുതിയൊരു ഉത്തരവുണ്ടാകുന്നതുവരെ കേസിൽ തുടർനടപടികളുണ്ടാവരുതെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

പാല്‍ഘാര്‍ ആള്‍ക്കൂട്ട കൊലപാതവുമായി ബന്ധപ്പെട്ട് നടത്തിയ ചാനല്‍ ചര്‍ച്ചക്കിടെ സോണിയാ ഗാന്ധിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശം അര്‍ണബ് നടത്തിയെന്ന പരാതിയിലാണ് കേസെടുത്തത്. മൗലവിമാരും ക്രിസ്ത്യന്‍ വൈദികന്‍മാരും ഇത്തരത്തില്‍ കൊലചെയ്യപ്പെടുമ്പോള്‍ ഈ രാജ്യം മൗനം തുടരുമോയെന്നും ഇറ്റലിയിലെ അന്റോണിയ മൈനോ(സോണിയാ ഗാന്ധി) അപ്പോഴും നിശബ്ദയായിരിക്കുമോ എന്നാണ് തനിക്ക് അറിയേണ്ടത് എന്നുമായിരുന്നു അര്‍ണബ് ചര്‍ച്ചക്കിടെ ചോദിച്ചത്.

പരാമർശം വിവാദമായതോടെ അർണബിനെതിരെ കോൺഗ്രസ് രംഗത്തെത്തിയിരുന്നു. ഇതിനിടെ കോൺഗ്രസ് പ്രവർത്തകർ തനിക്കെതിരെ ആക്രമണം നടത്തിയെന്നാരോപിച്ച് അര്‍ണബ് രംഗത്തെത്തുകയും തനിക്ക് എന്തുസംഭവിച്ചാലും അതിന്റെ ഉത്തരവാദി സോണിയാഗാന്ധിക്കായിരിക്കുമെന്ന് പറയുകയും ചെയ്തിരുന്നു.