kid

ബീജിംഗ് : രാജ്യത്തെ മുസ്ലീം ജനസംഖ്യ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഉയിഘറുകളുടെയും മറ്റ് ന്യൂനപക്ഷങ്ങളെയും മേൽ കടുത്ത ജനന നിയന്ത്രണ നടപടികൾ അടിച്ചേൽപ്പിച്ച് ചൈനീസ് സർക്കാർ. പടിഞ്ഞാറൻ സിൻജിയാംഗ് മേഖലയിലെ ന്യൂനപക്ഷവിഭാഗത്തിൽപെട്ട സ്ത്രീകളെ ചൈനീസ് അധികൃതർ നിർബന്ധിതമായി വന്ധ്യംകരണം നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. തിങ്കളാഴ്ച പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം പുറത്ത് വന്നത്. ഇതോടെ, മേഖലയിലെ ചൈനയുടെ നയങ്ങളെക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഒരുവിഭാഗം അന്താരാഷ്ട്ര നിയമനിർമ്മാതാക്കൾ രംഗത്തുവന്നു. സിൻജിയാംഗിലെ വംശീയ വിഭാഗങ്ങളുടെ അവകാശങ്ങൾ ചൈന ചവിട്ടിമെതിക്കുന്നുവെന്നാണ് ആരോപണം.അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടിരിക്കുന്നത് എന്ന് ചൈന പ്രതികരിച്ചു. ഗർഭാശയ ഗർഭനിരോധന മാർഗങ്ങൾ ഘടിപ്പിക്കുന്നതായും വന്ധ്യംകരണ ശസ്ത്രക്രിയ സ്വീകരിക്കാൻ നിർബന്ധിതരാകുന്നുവെന്നും ചില സ്ത്രീകൾ പറഞ്ഞതായും റിപ്പോർട്ടിൽ ഉണ്ട്.