shi

ബീജിംഗ്:ഹോങ്കോംഗിന്റെ സ്വയംഭരണം അവസാനിപ്പിക്കുമെന്ന ആക്ഷേപത്തിനും ശക്തമായ പ്രതിഷേധത്തിനും ഇടയാക്കിയ വിവാദ സുരക്ഷാനിയമത്തിൽ ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ് ഇന്നലെ ഒപ്പുവച്ചു. ചൈനീസ് പാർലമെന്റ് പാസാക്കിയ നിയമം ഇന്നലെ പാർലമെന്റിന്റെ സ്റ്റാൻഡിംഗ് കമ്മിറ്റിയും അംഗീകരിച്ചു.തുടർന്നാണ് പ്രസിഡന്റ് ഒപ്പിട്ടത്.

ബ്രിട്ടീഷ് നിയന്ത്രണത്തിലായിരുന്ന ഹോങ്കോംഗ് ചൈനയ്‌ക്ക് തിരികെ നൽകിയതിന്റെ വാർഷികമായി ഇന്ന് ( ജൂലായ് 1 )​ ഹോങ്കോങ്ങിന്റെ മിനിഭരണഘടനയുടെ ഭാഗമായി പുതിയ നിയമം പ്രാബല്യത്തിൽ വരും. 1997ജൂൺ 30 അർദ്ധരാത്രിയാണ് ബ്രിട്ടൻ ഹോങ്കോംഗ് ചൈനയ്‌ക്ക് കൈമാറിയത്.

ഭീകര,​ വിഘടന പ്രവർത്തനങ്ങളും തടയാനാണ് നിയമമെന്നാണ് ചൈനീസ് സർക്കാരിന്റെ വാദം. കൂടാതെ അട്ടിമറി, തീവ്രവാദം, വിദേശശക്തികളുമായുള്ള നിയമവിരുദ്ധ കൂട്ടുകെട്ട് എന്നിവയ്ക്ക് പുതിയ നിയമപ്രകാരം കടുത്ത ശിക്ഷ ലഭിക്കും നിയമത്തിന്റെ പൂർണരൂപം ഇന്ന് ഗസറ്റിൽ വിജ്ഞാപനം ചെയ്യും .

ഹോങ്കോംഗിന്റെ സ്വയംഭരണം ഇല്ലാതാക്കുന്ന നിയമമാണിതെന്നാണ് ജനാധിപത്യവാദികൾ ആരോപിക്കുന്നത്.

സ്വയംഭരണാവകാശമുണ്ടെങ്കിലും ഹോങ്കോംഗിനുമേൽ ചൈന ഏർപ്പെടുത്തുന്ന കടുത്ത നിയന്ത്രണങ്ങൾക്കെതിരെ ശക്തമായ പ്രക്ഷോഭമാണ് നടക്കുന്നത്.

ഈ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ കൂടിയാണ് പുതിയ നിയമം എന്നാണ് ജനാധിപത്യവാദികൾ വിശ്വസിക്കുന്നത്.

ഇതിനിടെ ചൈനീസ് സർക്കാരിനെതിരെ കടുത്ത വിമർശനവുമായി യുഎസ് ദേശീയ

സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഒബ്രിയെൻ രംഗത്തെത്തി. സോവിയറ്റ് യൂണിയനിലെ സ്വേച്ഛാധിപതി ആയിരുന്ന ജോസഫ് സ്റ്റാലിനുമായാണ് ബബ്രിയെൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിനെ താരതമ്യപ്പെടുത്തിയത്.

1997ലാണ് ഹോങ്കോംഗിനെ ബ്രിട്ടീഷ് നിയന്ത്രണത്തിൽ നിന്ന് ചൈന ഏറ്റെടുക്കുമ്പോൾ സ്വാതന്ത്ര്യങ്ങൾ സംരക്ഷിക്കുമെന്നായിരുന്നു ഉറപ്പ്. ആ വാഗ്ദാനങ്ങൾ പിന്നീട് ചൈന പാലിച്ചില്ല.