അഭിനയരംഗത്ത് പത്തുവർഷം
പൂർത്തിയാക്കുന്ന യുവതാരം നിവിൻ പോളി
നിലപാടുകൾ വ്യക്തമാക്കുന്നു
പ്രണയവും കുസൃതിയും ഒളിപ്പിച്ച കള്ളച്ചിരിയുള്ള റൊമാന്റിക് ഹീറോ. എതിരാളികളെ അടിച്ച് നിലംപരിശാക്കുന്ന ആക്ഷൻ ഹീറോ. ഏത് വിശേഷണവും യോജിക്കും നിവിൻ പോളിക്ക്. പ്രേക്ഷകരെ ആവേശക്കൊടുമുടിയിൽ എത്തിക്കുന്ന നിവിൻ മാജിക്കിന് പിന്നിൽ അഭിനയത്തിന്റെ ഈ അനായാസ സൗന്ദര്യമുണ്ട്. ഭാഷയും വേഷവും ഏതാണെങ്കിലും കാണികളുടെ കൈയടി ഉറപ്പാണ് ഈ യുവനായകന്. രാജീവ് രവിയുടെ തുറമുഖമാണ് ഇനി നിവിന്റേതായി റിലീസാകാനുള്ളത്.
സണ്ണിവയ്ൻ നിർമ്മിക്കുന്ന പടവെട്ട് ചിത്രീകരണം പൂർത്തിയാകാനുണ്ട്. ഒന്നിനൊന്നു വ്യത്യസ്ത കഥാപാത്രങ്ങളുമായി കളംനിറയുന്ന നിവിൻ ഒരിടവേളയ്ക്ക് ശേഷം മനസുതുറക്കുന്നു...
അഭിനയരംഗത്തെത്തിയിട്ട് പത്തുവർഷമാകുന്നു. ഒരു നടൻ എന്ന നിലയിൽ സ്വയം വിലയിരുത്താറുണ്ടോ?
അഭിനയത്തിൽ എത്രത്തോളം പുരോഗതിയുണ്ടായി എന്നൊന്നും അറിയില്ല. പക്ഷേ, ഇനിയും മെച്ചപ്പെടാനുണ്ട്. കൂടുതൽ പ്രൊഫഷണലാകണം. ഇതുവരെയുള്ള അനുഭവങ്ങളിൽ നിന്ന് ഞാൻ പഠിച്ചതൊക്കെ പ്രാവർത്തികമാക്കാനുള്ള ശ്രമങ്ങൾ വരും നാളുകളിലുണ്ടാവും. പക്ഷേ, തിരഞ്ഞെടുത്ത സിനിമകളുടെ പേരിൽ ഒരിക്കലും ദുഃഖിക്കാറില്ല. ഓരോ സിനിമയും സന്തോഷത്തോടെയാണ് സ്വീകരിക്കുന്നത്. ചിലത് തിയേറ്ററുകളിൽ വിജയമായില്ലെങ്കിൽ കൂടി ഒരു നടൻ എന്ന നിലയിൽ എനിക്ക് ഗുണം ചെയ്തിട്ടുണ്ടാകും. അല്ലെങ്കിൽ നല്ല കുറേ സൗഹൃദങ്ങൾ ആ സിനിമ സമ്മാനിച്ചിട്ടുണ്ടാകാം. അതൊക്കെ പ്രധാനമാണ്.
റൊമാന്റിക് – ആക്ഷൻ ഹീറോ ഇമേജിന് അവധി നൽകി, വ്യത്യസ്തമായ സിനിമകളാണല്ലോ തിരഞ്ഞെടുക്കുന്നത്?
പരീക്ഷണങ്ങൾ നടത്താൻ എനിക്കിഷ്ടമാണ്. എപ്പോഴും ഒരേ കാര്യം തന്നെ ചെയ്തുകൊണ്ടിരുന്നാൽ എനിക്കും കാണുന്നവർക്കും ഒരുപോലെ ബോറടിക്കും. മുന്നോട്ട് പോകും തോറും പക്വതയോടെയുള്ള മാറ്റങ്ങൾ ആവശ്യമാണ്. ഭാഗ്യവശാൽ വ്യത്യസ്തമായ കഥാപാത്രങ്ങൾ ലഭിക്കുന്നുണ്ട്. അതൊരു അനുഗ്രഹമായി കാണുന്നു.
യുവതാരങ്ങളിൽ സിനിമാപശ്ചാത്തലമൊന്നും ഇല്ലാത്തയാളാണ്
നിവിൻ?
അതെപ്പോഴും എന്റെ മനസിലുണ്ട്. അഭിനയത്തിന് വേണ്ടി കഠിനമായി അദ്ധ്വാനിക്കാൻ പ്രേരിപ്പിക്കുന്നതും ആ ചിന്തയാണ്. സിനിമയിൽ പിന്തുണ നൽകാൻ ആരുമില്ലല്ലോ എന്നാലോചിച്ച് ആദ്യ കാലങ്ങളിൽ ടെൻഷനടിച്ചിരുന്നു. പക്ഷേ, ഇപ്പോൾ സംവിധായകരും നിർമ്മാതാക്കളുമൊക്കെയായി ഒരുപാട് നല്ല സുഹൃത്തുക്കളുണ്ട്. അവരെപ്പോഴും എന്റെ കൂടെയുണ്ടാകുമെന്നറിയാം. എന്നാലും ഇടയ്ക്കൊക്കെ അല്പം മടിപിടിക്കുമ്പോൾ ഒരുൾവിളിയുണ്ടാകും.
എന്റെ ജീവിതം ഒരു പ്രചോദനമാണെന്ന് പറഞ്ഞ് ഒരുപാട് യുവാക്കൾ മെസേജ് അയക്കാറുണ്ട്. മനസിൽ ശക്തമായ ഒരു ആഗ്രഹത്തോടെ മുന്നോട്ട് പോയാൽ അത് യാഥാർത്ഥ്യമാകുമെന്നതിന് ഒരു തെളിവാണ് ഞാൻ. കഠിനാദ്ധ്വാനം ചെയ്താൽ വിജയിക്കാമെന്ന് പുതിയ തലമുറയെ മനസിലാക്കി കൊടുക്കാൻ എനിക്ക് കഴിയുമെന്ന് തോന്നുന്നു.
എങ്ങനെയാണ് അഭിനയത്തോട്
ഇത്രയും ആഗ്രഹം വന്നത്?
ഞാൻ എന്നു മുതലാണ് സിനിമയെ ഒരു കരിയറായി കണ്ടു തുടങ്ങിയതെന്ന് അറിയില്ല. ചെറുപ്പത്തിൽ ഞാനും സഹോദരിയും ആലുവയിലുള്ള അച്ഛന്റെ സഹോദരന്റെ വീട്ടിലാണ് വളർന്നത്. അച്ഛനും അമ്മയും സ്വിറ്റ്സർലൻഡിലായിരുന്നു. വെക്കേഷന് അവരുടെ അടുത്ത് പോകുന്നത് സ്വപ്നം കണ്ടാണ് ഒരു വർഷം മുഴുവൻ ജീവിക്കുന്നത്. അന്നൊക്കെ സിനിമ കാണാൻ ഇഷ്ടമാണെന്നല്ലാതെ സിനിമാഭ്രാന്തൊന്നും ഉണ്ടായിരുന്നില്ല. ഒരു ബിസിനസുകാരൻ ആകണമെന്നായിരുന്നു ആഗ്രഹം. പിന്നെപ്പോഴോ സിനിമയെ സ്വപ്നം കണ്ടുതുടങ്ങി. ഒരു ഘട്ടത്തിൽ അവിടെ എത്തിച്ചേരുകയും ചെയ്തു.
നിവിന്റെ അനുഭവത്തിൽ സിനിമയിലെ വിജയഘടകം എന്താണ്?
ജോലി നന്നായി ചെയ്യുക, കൃത്യമായ തീരുമാനങ്ങളെടുക്കുക. ഇത് രണ്ടും പ്രധാനമാണ്. ഒരുപാട് സിനിമകൾ ചെയ്യാനുള്ള സാഹചര്യമുണ്ടാകും. പണം, പ്രശസ്തി തുടങ്ങി പല കാര്യങ്ങളും അതിനായി പ്രലോഭിപ്പിക്കുകയും ചെയ്യും. പക്ഷേ, താത്കാലിക നേട്ടത്തിനായി കരിയറിൽ വിട്ടുവീഴ്ചകൾ ചെയ്യാതിരിക്കുക. പിന്നെ തീർച്ചയായും ഭാഗ്യം ഒരു ഘടകമാണ്.
അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ തീരുമാനങ്ങളെ കുറിച്ച് ഒരുപാട് സംവാദങ്ങൾ നടക്കുന്നുണ്ട്. ആ വിഷയത്തിലെ നിലപാട് എന്താണ്?
ഞാൻ അമ്മയിലെ അംഗമാണ്. മീറ്റിംഗുകളിൽ പങ്കെടുക്കാറുമുണ്ട്. ഒരു അംഗം എന്ന നിലയിൽ അമ്മ കൈക്കൊള്ളുന്ന തീരുമാനങ്ങളെ അംഗീകരിക്കുന്നു. അമ്മ എടുക്കുന്ന തീരുമാനങ്ങളെല്ലാം ശരിയാണെന്നാണ് വിശ്വാസം. അതുപോലെ ഞാൻ എക്സിക്യൂട്ടിവ് കമ്മിറ്റിയിലെ അംഗമല്ലാത്തതിനാൽ കൂടുതൽ കാര്യങ്ങൾ പറയേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.