valancia-coach

മാഡ്രിഡ്: പ്രമുഖ സ്പാനിഷ് ലാലിഗ ക്ലബ് വലൻസിയ മുഖ്യ പരിശീലകസ്ഥാനത്ത് നിന്ന് ആൽബർട്ട് സെലാഡസിനെ പുറത്താക്കി. ടീമിന്റെ സമീപകാലത്തെ മോശം പ്രകടനത്തെത്തുടർന്നാണ് സെലാഡസിന് സ്ഥാനം നഷ്ടമായത്. അതേസമയം ക്ലബിന്റെ സ്പോർട്ടിംഗ് ഡയറക്ടറായിരുന്ന സീസർ സാഞ്ചസ് രാജിവച്ചു. ക്ലബ് അധികൃതർ ആവശ്യപ്പെട്ടതു പ്രകാരമാണ് സാഞ്ചസിന്റെ രാജിയെന്നാണ് റിപ്പോർട്ടുകൾ. അവസാനം കളിച്ച നാല് മത്സരങ്ങളിൽ മൂന്നിലും തോറ്റ വലൻസിയ ലാലിഗ പോയിന്റ് ടേബിളിൽ നിലവിൽ എട്ടാം സ്ഥാനത്താണ്. അസിസ്റ്രന്റ് കോച്ച് വോറോയ്ക്ക് ടീമിന്റെ താത്കാലിക പരിശീലക സ്ഥാനം നൽകിയിട്ടുണ്ട്. ഇത് ആറാം തവണയാണ് വോറോ ടീമിന്റെ താത്‌കാലിക പരിശീലകസ്ഥാനം ഏറ്രെടുക്കുന്നത്. കഴിഞ്ഞ സെപ്തംബറിലാണ് മാഴ്സെലോയ്ക്ക് പകരം സെലാഡസ് വലൻസിയയുടെ പരിശീലകനായത്. 2014 ഫ്രഞ്ച് കോടീശരൻ പീറ്രർ ലീം വലൻസിയയെ സ്വന്തമാക്കിയ ശേഷം പുറത്താക്കപ്പെടുന്ന ആറാമത്തെ മുഖ്യ പരിശീലകനാണ് സെലാഡസ്.