മുംബയ്: താജ് ഹോട്ടലുകൾക്ക് ഭീകരാക്രമണ ഭീഷണി ഉണ്ടായതിനെ തുടർന്ന് സുരക്ഷ ശക്തമാക്കി. ദക്ഷിണ മുംബയിലെ രണ്ട് താജ് ഹോട്ടലുകൾക്കു നേരെ ഭീകരാക്രമണം നടത്തുമെന്ന് ഭീഷണിയുള്ള ഫോൺ സന്ദേശം പാകിസ്ഥാനിൽ നിന്നാണ് വന്നത്. കൊളാബയിലെ ദ താജ്മഹൽ പാലസ്, ബാന്ദ്രയിലെ താജ് ലാൻഡ്സ് എൻഡ് ഹോട്ടലുകളിലെ ലാൻഡ് ലൈനിലേക്കാണ് ചൊവ്വാഴ്ച പുലർച്ചെ ഫോൺ സന്ദേശമെത്തിയതെന്ന് മുംബയ് പൊലീസ് അറിയിച്ചു. താൻ പാകിസ്ഥാനിലെ ലഷ്കർ ഇ തൊയ്ബ ഭീകര സംഘടനയിലെ അംഗമാണെന്നും വിളിച്ച വ്യക്തി വെളിപ്പെടുത്തിയിരുന്നു. 2008 നവംബർ 26ന് സമാനമായ രീതിയിലുള്ള അപകടം ഉണ്ടാകുമെന്നാണ് സന്ദേശം ലഭിച്ചത്.
വിളിച്ച ഫോൺ നമ്പർ തിരിച്ചറിയാനുള്ള ശ്രമം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. "ഞങ്ങളുടെ അതിഥികളുടെയും പങ്കാളികളുടെയും സുരക്ഷ ഞങ്ങൾക്ക് അതിപ്രധാനമാണ്. ഭീഷണി സന്ദേശം വന്നയുടൻ ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചു. അന്വേഷണ ഏജൻസിയുമായി സഹകരിക്കുന്നുമുണ്ട്"- താജ് ഹോട്ടലുകൾ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.