tik-tok-ban


ന്യൂഡൽഹി: ഇന്ത്യയിൽ പൂർണമായും പ്രവർത്തനം അവസാനിപ്പിച്ച് ചൈനീസ് വീഡിയോ ഷെയറിംഗ് സോഷ്യൽ മീഡിയാ ആപ്പായ ടിക് ടോക്. ടിക് ടോക് ഉൾപ്പെടെയുള്ള 59 ചൈനീസ് ആപ്പുകൾ ഇന്നലെ കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നുവെങ്കിലും ഫോണിൽ നേരത്തെ തന്നെ ഇൻസ്റ്റാൾ ചെയ്തിരുന്നവർക്ക് ആപ്പ് ഉപയോഗിക്കാനും വീഡിയോകൾ കാണാനും സാധിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ അതും നിലച്ചതായാണ് അറിയാൻ സാധിക്കുന്നത്.

'പ്രിയപ്പെട്ട യൂസേഴ്സ്, 59 ആപ്പുകൾ നിരോധിക്കാനുള്ള ഇന്ത്യൻ സർക്കാരിന്റെ തീരുമാനം അംഗീകരിക്കുന്നതിന്റെ പാതയിലാണ് ‌‌‌ഞങ്ങൾ. ഇന്ത്യയിലെ ഞങ്ങളുടെ യൂസേഴ്സിന്റെ സുരക്ഷയ്ക്കും സ്വകാര്യതയ്‌ക്കുമാണ് ഞങ്ങൾ ഏറ്റവും വലിയ മുൻഗണന നൽകുന്നത്.' ആപ്പ് തുറക്കുമ്പോൾ 'യൂസർ നോട്ടീസ്' എന്ന പേരിൽ ഇങ്ങനെയുള്ള അറിയിപ്പാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്.

ഇതുകൂടാതെ 'നെറ്റ്‌വർക്ക് എറർ' എന്നും ആപ്പ് തുറക്കുമ്പോൾ കാണുന്നുണ്ട്. ആപ്പിൽ മുൻപത്തേതുപോലെ വീഡിയോകൾ കാണാനും നിലവിൽ സാധിക്കുന്നില്ല. ടിക് ടോക് കമ്പനി തന്നെ മുന്നിട്ട് ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടതായാണ് വിവരം. ടിക് ടോക്കിന്റെ വെബ്സൈറ്റ് രൂപവും നിലവിൽ പ്രവർത്തിക്കുന്നില്ല. വെബ്സൈറ്റിൽ യൂസേഴ്സിനുള്ള സന്ദേശത്തിനു ശേഷം 'ടിക് ടോക് ഇന്ത്യ ടീം' എന്നാണ് കാണാൻ സാധിക്കുന്നത്.