ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധി മൂലം ഇന്ത്യയുടെ മുഖ്യ വ്യവസായ മേഖലയുടെ വളർച്ച മേയിൽ നെഗറ്റീവ് 23.4 ശതമാനത്തിലേക്ക് കൂപ്പുകുത്തി. ഏപ്രിലിലെ നെഗറ്റീവ് 37 ശതമാനത്തെ അപേക്ഷിച്ച് മേയിൽ വളർച്ച അല്‌പം മെച്ചപ്പെട്ടെങ്കിലും നെഗറ്രീവ് തലത്തിൽ നിന്ന് കരകയറാനാവാത്തത് മേഖലയെ ആശങ്കപ്പെടുത്തുന്നുണ്ട്. 2019 മേയിൽ വളർച്ച പോസിറ്റീവ് 3.8 ശതമാനമായിരുന്നു.
സ്‌റ്റീൽ, സിമന്റ്, വൈദ്യുതി, വളം, ക്രൂഡോയിൽ, പ്രകൃതിവാതകം, റിഫൈനറി ഉത്‌പന്നങ്ങൾ, കൽക്കരി എന്നീ സുപ്രധാന വിഭാഗങ്ങളാണ് മുഖ്യ വ്യവസായ മേഖലയിലുള്ളത്. നെഗറ്റീവ് 4.5 ശതമാനത്തിൽ നിന്ന് പോസിറ്രീവ് 7.5 ശതമാനത്തിലേക്കാണ് വളം ഉത്‌പാദന വളർച്ച. കൽക്കരി (-14 ശതമാനം), ക്രൂഡോയിൽ (-7.1 ശതമാനം), പ്രകൃതിവാതകം (-16.8 ശതമാനം), റിഫൈനറി ഉത്‌പന്നങ്ങൾ (-21.3 ശതമാനം), സ്‌റ്രീൽ (-48.4 ശതമാനം), സിമന്റ് (-22.2 ശതമാനം), വൈദ്യുതി (-15.6 ശതമാനം) എന്നിങ്ങനെയാണ് മറ്രു മേഖലകൾ തളർന്നത്.
ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്‌പാദന സൂചികയിൽ (ഐ.ഐ.പി) 40.27 ശതമാനം പങ്കുവഹിക്കുന്നത് മുഖ്യവ്യവസായ മേഖലയാണ്. ഏപ്രിൽ-മേയ് കാലയളവിൽ വളർച്ച നെഗറ്റീവ് 30 ശതമാനമാണ്. മുൻ വർഷത്തെ സമാന കാലയളവിൽ 4.5 ശതമാനമായിരുന്നു വളർച്ച.
ധനക്കമ്മി
₹4.66 ലക്ഷം കോടി
കേന്ദ്രസർക്കാരിന്റെ ധനക്കമ്മി നടപ്പുവർഷത്തെ ആദ്യ രണ്ടുമാസക്കാലത്ത് ബഡ്‌ജറ്റിൽ ലക്ഷ്യമിട്ടതിന്റെ 58.6 ശതമാനം കവിഞ്ഞു. 4.66 ലക്ഷം കോടി രൂപയാണ് ഏപ്രിൽ-മേയിൽ ധനക്കമ്മി. 2019-20ൽ ധനക്കമ്മി ലക്ഷ്യം ജി.ഡി.പിയുടെ 3.3 ശതമാനമായിരുന്നെങ്കിലും 4.6 ശതമാനത്തിൽ എത്തിയിരുന്നു. കൊവിഡ് പശ്‌ചാത്തലത്തിൽ നടപ്പുവർഷം ഇത് 5 ശതമാനം കവിഞ്ഞേക്കും.