china

ന്യൂഡൽഹി: വീഡിയോ ഷെയറിംഗ് സോഷ്യൽ മീഡിയാ ആപ്പ് ആയ ടിക് ടോക് ഉൾപ്പെടെയുള്ള 59 ചൈനീസ് ആപ്പുകൾ നിരോധിച്ച ഇന്ത്യൻ നടപടിക്കെതിരെ പ്രതികരണവുമായി ചൈന. ആപ്പുകൾ നിരോധിച്ചതിലൂടെ ഇന്ത്യ ലോകവ്യാപാര സംഘടനയുടെ ചട്ടങ്ങൾ ലംഘിച്ചുവെന്നാണ് ചൈന ആരോപിക്കുന്നത്. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തെ ഇത് ബാധിക്കുമെന്നും 'വ്യാപാര ബന്ധത്തിൽ ഇന്ത്യ മര്യാദകൾ പാലിക്കണ'മെന്നും ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ് പറയുന്നു.

അതേസമയം തങ്ങൾ ഇന്ത്യൻ ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തി ചൈനയ്ക്ക് നൽകിയിട്ടില്ലെന്നും ഇന്ത്യയിലെ നിയമങ്ങൾ അനുസരിച്ചാണ് തങ്ങൾ പ്രവർത്തിച്ചതെന്നും ടിക് ടോക് 'ഇന്ത്യാ ഹെഡ്' ആയ നിഖിൽ ഗാന്ധി വിശദീകരിച്ചു. ഇക്കാര്യത്തിൽ വിശദീകരണങ്ങളും പ്രതികരണങ്ങളും നൽകാൻ ഇന്ത്യൻ സർക്കാർ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുന്നതിനായി ക്ഷണം ലഭിച്ചിട്ടുണ്ടെന്നും ഗാന്ധി അറിയിച്ചു.

ഇന്നലെയാണ് ടിക് ടോക് ഉൾപ്പെടെയുള്ള 59 ചൈനീസ് ആപ്പുകൾ ഇന്ത്യ നിരോധിച്ചത്. ശേഷം ഇന്ന് ആപ്പ് പൂർണമായും പ്രവർത്തനം അവസാനിപ്പിച്ചിട്ടുണ്ട്. സ്വകാര്യതാ പ്രശ്നങ്ങളും മറ്റും പരിഗണിച്ചാണ് ആപ്പുകൾ രാജ്യത്ത് നിരോധിച്ചത്. കേന്ദ്ര ഐ.ടിമന്ത്രാലയമാണ് ഈ ആപ്പുകൾ നിരോധിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.ഐ.ടി നിയമപ്രകാരമാണ് ആപ്പുകൾ നിരോധിച്ചിരിക്കുന്നത്. രാജ്യത്ത് യുവാക്കൾക്കിടയിൽ ഏറ്റവും പ്രചാരമുള്ള ആപ്പാണ് ടിക് ടോക്.

യു.സി ബ്രൗസർ, വീ ചാറ്റ്, യൂ ക്യാം, വിവ വീഡിയോ, ക്‌ളീൻ മാസ്റ്റർ, എം.എ കമ്മ്യൂണിറ്റിഷെയർ ഇറ്റ്, ഹലോ, കാം സ്‌കാനർ, എക്സെൻഡർ, വീബോ, മി വീഡിയോ കാൾ, ക്ലാഷ് ഓഫ് കിംഗ്‌സ് തുടങ്ങിയ ആപ്പുകളും നിരോധിച്ച ചൈനീസ് ആപ്പുകളുടെ പട്ടികയിലുണ്ട്. ലഡാക്കിലെ ഗാൽവാൻ അതിർത്തിയിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ചൈനീസ് ഉത്പന്നങ്ങൾ ഇന്ത്യയിൽ ബഹിഷ്‌ക്കരിക്കണമെന്ന ആവശ്യം ജനങ്ങൾക്കിടയിൽ വ്യാപകമായി ഉയർന്നിരുന്നു.