ബംഗളൂരു: കർണാടകയിലെ ബെല്ലാരിയിൽ കൊവിഡ് രോഗബാധിതരായി മരിച്ചവരുടെ മൃതദേഹങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ, കുഴിയെടുത്ത് ഒന്നിച്ച് മറവുചെയ്ത സംഭവത്തിൽ സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രതിഷേധം പുകയുന്നു. ആരോഗ്യപ്രവർത്തകർ മൃതദേഹങ്ങൾ മറവുചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. സംസ്ഥാന ആരോഗ്യമന്ത്രി ബി. ശ്രീരാമലു അന്വേഷണത്തിന് ഉത്തരവിട്ടു.
പി.പി.ഇ കിറ്റ് ധരിച്ച ആരോഗ്യപ്രവർത്തകർ കറുത്ത ഷീറ്റിൽ പൊതിഞ്ഞ മൃതദേഹങ്ങൾ ഒന്നിന് പിറകെ ഒന്നായി, മണ്ണുമാന്തികൊണ്ടെടുത്ത വലിയൊരു കുഴിയിലേക്ക് തള്ളുന്നതാണ് ദൃശ്യങ്ങളിൽ ഉണ്ടായിരുന്നത്. എട്ട് മൃതദേഹങ്ങൾ ഇത്തരത്തിൽ മറവുചെയ്തതായാണ് വിവരം.