തനിക്കെതിരെ വ്യാപകമായി വ്യജവാർത്തകൾ ഒരു സംഘം പ്രചരിപ്പിക്കുന്നതായി വാവ സുരേഷ്. ഒരു സംഘടനയാണ് ഇതിന് പിന്നിലെന്നും, തന്റെ ഓർമ്മ ഇല്ലാതാക്കി നശിപ്പിക്കുകയാണ് ഇത്തരക്കാരുടെ ഉദ്ദേശമെന്നും അദ്ദേഹം ആരോപിച്ചു. കൗമുദി ടിവിയുടെ അഭിമുഖ പരിപാടിയായ സ്‌ട്രെയിറ്റ് ലൈനിലാണ് വാവ സുരേഷിന്റെ വെളിപ്പെടുത്തൽ.
അഭിമുഖത്തിൽ നിന്ന്-
'ഒരു സംഘടനാണ് എന്നെ ടാർഗറ്റ് ചെയ്യുന്നത്. കഴിഞ്ഞ പ്രളയത്തിൽ പൊങ്ങി വന്ന ഒരൊറ്റ സംഘനയാണ് എല്ലാത്തിനും പിന്നിൽ. ഇന്ത്യയിൽ ഒരു വ്യക്തിക്കും സംഘടനയ്‌ക്കും ഇതുവരെയും പാമ്പിനെ പിടിക്കാൻ ലൈസൻസ് കൊടുത്തിട്ടില്ല. എന്നാൽ അവർ പറയുന്നത് ആലപ്പുഴ കളക്ടർ അവർക്ക് സർട്ടിഫിക്കറ്റ് കൊടുത്തതിന്റെ പേരിൽ തങ്ങളാണ് എല്ലാം തീരുമാനിക്കുന്നത് എന്നാണ്. എന്നെ ട്രോളാൻ വേണ്ടി മാത്രം അവർ ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിട്ടുണ്ട്. എന്തിനാണ് എന്റെമേൽ കുതിര കയറുന്നതെന്ന് മനസിലാകുന്നില്ല.
കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ഒരു രാജ്യത്ത് കറുത്ത വർഗക്കാരനെ ശ്വാസം മുട്ടിച്ചുകൊന്ന സംഭവമുണ്ടായി. ഇനി ഞാൻ കറുപ്പായതുകൊണ്ടാണോ എന്നെ ഇങ്ങനെ വളഞ്ഞിട്ട് ആക്രമിക്കുന്നതെന്ന് അറിയില്ല. ഇവരുടെയൊക്കെ പല നിയമലംഘനങ്ങളും എന്റെ കൈയിലുണ്ട്. ക്ളിപ്പ് ഉപയോഗിച്ച് പാമ്പിനെ പിടിക്കുന്നു; കൈകൊണ്ട് പിടിച്ചാൽ അതിന്റെ എല്ല് പൊട്ടിപോകുമത്രേ? അവരുടെ പുതിയ കണ്ടുപിടിത്തമാണ്. പാമ്പുവേലായുധൻ ചേട്ടൻ ഉൾപ്പടെയുള്ളവർ വർഷങ്ങളായി കൈകൊണ്ടാണ് പാമ്പിനെ പിടിച്ചു വന്നത്. അതിലൊന്നും ആർക്കും കുഴപ്പമില്ല. വാവ ചെയ്യുമ്പോഴാണ് പ്രശ്‌നം.
കഴുത്തിൽ പെരുമ്പാമ്പിനെ ചുറ്റുന്നതും, പ്രായപൂർത്തിയാകാത്ത മകൻ പാമ്പിനെ എടുത്തുയർത്തുന്നതുമൊക്കെ പ്രൊഫൈൽ ചിത്രങ്ങൾ ആക്കുന്നവരാണ് എന്നെ വിമർശിക്കാൻ വരുന്നത്. എനിക്ക് ആരെയും വേദനിപ്പിക്കാൻ താൽപര്യമില്ല. പക്ഷേ എന്നെ വേദനിപ്പിച്ചാൽ തിരിച്ചുകൊടുക്കേണ്ടി വരും. സത്യത്തിൽ പാമ്പുകളല്ല ഉപദ്രവകാരി ഇത്തരത്തിലുള്ള മനുഷ്യർ മാത്രമാണ്. എന്റെ മെമ്മറി ഇല്ലതാക്കി എന്നെ നശിപ്പിക്കുകയാണവർ'-വാവ പറയുന്നു.