ന്യൂഡൽഹി: കിഴക്കൻ ലഡാക്ക് അതിർത്തിയിൽ വീണ്ടും പ്രകോപന ശ്രമവുമായി ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി. തർക്കപ്രദേശത്തിന് അവകാശവാദമുന്നയിച്ച് പാൻഗോംഗ് തടാകത്തിലെ ഫിംഗേഴ്സ് മേഖലയിലാണ് ചൈനീസ് ഭാഷയായ 'മാൻഡരിനി'ലെ ചിഹ്നവും ഭൂപടവും വരച്ചുകൊണ്ടാണ് വീണ്ടും പ്രകോപനമുണ്ടായിരിക്കുന്നത്.
'ഫിംഗർ നാലി'നും 'ഫിംഗർ അഞ്ചി'നും ഇടയിൽ സ്ഥിതിചെയ്യുന്ന ഈ രൂപങ്ങൾക്ക് ഏകദേശം 81 മീറ്റർ നീളവും 25 മീറ്റർ വീതിയുമാണ് ഉള്ളതെന്നാണ് കണക്കാക്കപ്പെടുന്നത്. ഉപഗ്രഹങ്ങൾക്ക് കാണാവുന്ന രീതിയിലാണ് ഈ ചിഹ്നങ്ങൾ ചൈനീസ് സൈന്യം രേഖപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യയുടെ ഫിംഗര്‍ ഒന്നിലേക്കും ഫിംഗര്‍ മൂന്നിലേക്കും ചൈനീസ് സേന നീങ്ങുന്നതും ഇവിടെ നിന്നുമുള്ള ഉപഗ്രഹ ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്. പാൻഗോംഗ് തടാകത്തോടു ചേര്‍ന്ന് മേഖലകൾ തരാം തിരിച്ചിരിക്കുന്നത് 'ഫിംഗറു'കൾ എന്ന പേരിലാണ്.
'പ്ലാനറ്റ് ലാബ്‌സ്' രേഖപ്പെടുത്തിയ ചിത്രങ്ങളിൽ ഈ പ്രദേശത്ത് വൻ തോതിലുള്ള ചൈനീസ് സൈനിക വിന്യാസം ഉള്ളതായാണ് കാണുന്നത്. മേയിൽ നടന്ന സംഘർഷങ്ങൾക്ക് ശേഷം സൈന്യത്തെ വിന്യസിച്ചിരിക്കുന്ന ഈ പ്രദേശങ്ങളിൽ പട്രോളിംഗ് നടത്താൻ ഇന്ത്യൻ സേനയെ ചൈനീസ് സൈന്യം അനുവദിച്ചിട്ടില്ലെന്ന് ദേശീയ മാദ്ധ്യമമായ എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു.