patanjali

ന്യൂഡൽഹി: കൊവിഡ് ചികിത്സയ്‌ക്ക് പ്രിതിവിധി കണ്ടെത്തിയെന്ന അവകാശവാദത്തിൽ നിന്ന് പിന്മാറി പതഞ്ജലി അധികൃതർ. കൊറോണിൽ ടാബ്ലറ്റ് ക്ലിനിക്കൽ നിയന്ത്രിത പരീക്ഷണത്തിന് ഉപയോഗിച്ചിട്ടുണ്ടെങ്കിലും കൊവിഡിന് ഫലപ്രദമെന്ന് ഒരിടത്തും അവകാശപ്പെട്ടിട്ടില്ലെന്ന് പതഞ്ജലി സിഇഒ ആചാര്യ ബാലകൃഷ്ണ പറഞ്ഞു. കൊവിഡ് ചികിത്സയ്‌ക്കെന്ന് അവകാശപ്പെട്ട് പതഞ്ജലി പുറത്തിറക്കിയ കൊറോണിൽ വിവാദമായ പശ്ചാത്തലത്തിലാണ് പ്രതികരണം.

കൊറോണിൽ ക്ലിനിക്കൽ നിയന്ത്രിത പരീക്ഷണത്തിന് ഉപയോഗിച്ചിട്ടുണ്ട്. അതുവഴി കൊറോണ രോഗികളെ സുഖപ്പെടുത്തിയിട്ടുമുണ്ട്. ഇക്കാര്യത്തിൽ ആശയക്കുഴപ്പമില്ലെന്ന് ബാലകൃഷ്ണ വ്യക്തമാക്കി. കൊവിഡ് ചികിത്സയ്ക്കു ഫലപ്രദം എന്ന് അവകാശപ്പെട്ട് കൊറോണിൽ ടാബ്ലറ്റ്, സ്വാസാരി വടി എന്നിവയാണ് പതഞ്ജലി വിപണിയിൽ ഇറക്കിയത്. ഇവ പ്രതിരോധ ശേഷി വർധിപ്പിക്കാൻ മാത്രമല്ല, കോവിഡ് മാറ്റാൻ ഫലപ്രദമാണെന്നും ഹരിദ്വാറിൽ നടത്തിയ ചടങ്ങിൽ പതഞ്ജലി അവകാശപ്പെട്ടിരുന്നു. ഇതാണ് ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്.

അതേസമയം, രുന്നിന്റെ വിശദാംശങ്ങൾ നൽകാൻ പതഞ്ജലിക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. മരുന്നിന്റെ ചേരുവകൾ, ഗവേഷണ വിവരങ്ങൾ എന്നിവ നൽകാനാണ് ആയുഷ് വകുപ്പിന്റെ നിർദേശം. അതുവരെ കോവിഡ് മരുന്ന് എന്ന തരത്തിൽ പരസ്യം നൽകരുതെന്നും പതഞ്ജലിയോട് സർക്കാർ നിർദേശിച്ചിട്ടുണ്ട്.