sreenivasan
കളമെഴുത്തുപാട്ടിനെ ജനകീയമാക്കാൻ അശ്രാന്ത പരിശ്രമവുമായി കടന്നമണ്ണ ശ്രീനിവാസൻ.

രജത ജബിലിയുടെ നിറവിൽ

പെരിന്തൽമണ്ണ: മലബാറിലെ ക്ഷേത്രങ്ങളിലെ അനുഷ്ഠാന കലയായ കളമെഴുത്തുപാട്ടിൽ 25 വർഷം പൂർത്തിയാക്കിയതിന്റെ നിറവിലാണ് 32കാരനായ കടന്നമണ്ണ ശ്രീനിവാസൻ. 300 വർഷത്തോളം പഴക്കമുള്ള കലാപാരമ്പര്യത്തിന്റെ കണ്ണിയായ ശ്രീനിവാസൻ തനിമ കൈവിടാതെ തന്റെ കലാസപര്യയെ മുന്നോട്ടുകൊണ്ടുപോവുന്നു. ക്ഷേത്രങ്ങളിൽ മാത്രമൊതുങ്ങിയ കലാരൂപത്തെ ജാതി, മത വ്യത്യാസം കൂടാതെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്താനുള്ള പ്രയത്നമാണ് ശ്രീനിവാസനെ കലാരംഗത്ത് വ്യത്യസ്തനാക്കുന്നത്. കോളേജുകളിലും സ്കൂളുകളിലും കളംപാട്ട് ശിൽപ്പശാല നടത്തി പുതുതലമുറയുടെ നെഞ്ചോടടുപ്പിക്കുകയാണ് ശ്രീനിവാസൻ. പ്രശസ്തമായ നിരവധി കോളേജുകളിലും സ്കൂളുകളിലും ശ്രീനിവാസൻ ശിൽപ്പശാല അവതരിപ്പിച്ചിട്ടുണ്ട്. സർക്കാരിൽ നിന്നോ അക്കാഡമികളിൽ നിന്നോ പ്രോത്സാനങ്ങളൊന്നുമില്ലെങ്കിലും സ്വന്തം പ്രവർത്തനങ്ങളുമായി മുന്നോട്ടുപോവുകയാണ് ഇദ്ദേഹം.

ലോക്ക് ഡൗൺ കാലത്തും തന്റെ പ്രവർത്തനങ്ങൾ ശ്രീനിവാസൻ തുടരുന്നുണ്ട്. ഫേസ് ബുക്ക് ലൈവിലൂടെയാണ് തന്റെ 85-ാമത് കളംപാട്ട് ശിൽപ്പശാല ശ്രീനിവാസൻ പൂർത്തിയാക്കിയത്. ലോക്ക് ഡൗൺ കാലം കളംപാട്ട് കലാകാരന്മാരുടെ
ജീവിതത്തെ ബാധിച്ചെന്നും സാധാരണ ആറുമാസം നീളാറുള്ള കളംപാട്ട് ഇത്തവണ നാലുമാസമേ ഉണ്ടായുള്ളൂ എന്നും ശ്രീനിവാസൻ പറയുന്നു.

കളംപാട്ട് രംഗത്ത് തന്റെ രജത ജൂബിലി വർഷം ആഘോഷിക്കാനിരിക്കുകയാണ് ഈ യുവാവ്.

മങ്കട കടന്നമണ്ണയിലെ കുറുപ്പത്ത് വീട്ടിൽ നാരായണൻ കുട്ടിയുടെയും അലനല്ലൂർ കീഴേപ്പാട്ട് ശാന്തകുമാരിയുടെയും മകനാണ്.

1995ൽ ഏഴാം വയസിൽ പെരിന്തൽമണ്ണ കീഴാറ്റൂരിലെ മുതുകുർശ്ശിക്കാവ് അയ്യപ്പക്ഷേത്രത്തിൽ കളംപാട്ടിന്റെ അരങ്ങേറ്റം നടത്തി.

അച്ഛച്ഛൻ നാരായണക്കുറുപ്പ്, അച്ഛൻ നാരായണൻകുട്ടി എന്നിവരിൽ നിന്നാണ് കളംപാട്ട് സ്വായത്തമാക്കിയത്.

നാരായണക്കുറുപ്പ് മൂന്നുവർഷം മുൻപ് മരിച്ചു. പിതാവിനൊപ്പമാണ് ശ്രീനിവാസൻ കളംപാട്ടിന് പോകാറുള്ളത്.

കളംപാട്ടിനെ കുറിച്ച് പുതുതലമുറയിലെ കുട്ടികൾക്ക് ഒരു ധാരണ കൊടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ശിൽപ്പശാലകൾ നടത്തുന്നത്

ശ്രീനിവാസൻ