devika-

മലപ്പുറം: സ്‌മാർട്ട് ഫോണും വെബ് കാമറയുമായി ഓൺലൈൻ പഠനത്തിന്റെ കൗതുകത്തിനു മുന്നിൽ എല്ലാവരും കൗതുകത്തോടെ കണ്ണുമിഴിച്ചിരുന്നപ്പോൾ, വളാഞ്ചേരി മാങ്കേരി ദളിത് കോളനിയിലെ വീട്ടിൽ ഈ സൗകര്യങ്ങളില്ലാത്തതിനാൽ പഠനം മുടങ്ങുമെന്ന ആശങ്കയിൽ ആത്മാഹുതി ചെയ്ത ഒമ്പതാം ക്ളാസുകാരി ദേവിക കേരളത്തിന്റെ നെഞ്ചു പൊള്ളിക്കുന്ന നൊമ്പരമാകുന്നു. ഇരുമ്പിളിയം ജി.എച്ച്.എസ്.എസ് വിദ്യാർത്ഥി ദേവികയാണ് (14)​ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കിയത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഓൺലൈൻ പഠനത്തിന് വീട്ടിൽ സംവിധാനങ്ങളില്ലാത്ത 26 കുട്ടികളുടെ പട്ടികയിലെ ഒരാളായിരുന്നു,​ ​ പഠനത്തിൽ സമർത്ഥയായിരുന്ന ദേവിക.

സംസ്ഥാനത്ത് ചരിത്രം കുറിച്ച് ഓൺലൈൻ അദ്ധ്യയന വർഷത്തിന് തുടക്കം കുറിച്ച തിങ്കളാഴ്ച വൈകിട്ടാണ് പഠിക്കാൻ സ്‌മാർട്ട് ഫോണോ ടി.വിയോ ഇല്ലാത്തതിന്റെ നിസഹായതയിൽ ദേവിക ജീനൊടുക്കിയത്. സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി മലപ്പുറം ഡി.ഡി.ഇയോട് റിപ്പോർട്ട് തേടി.

തിങ്കളാഴ്ച വൈകിട്ടോടെ ദേവികയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ തിരച്ചിൽ നടത്തിയിരുന്നു. വില്ലേജ് ഓഫീസിൽ നിന്ന് മടങ്ങിയ അമ്മൂമ്മ നൂറുമീറ്റർ അപ്പുറത്തുള്ള ആളൊഴിഞ്ഞ ഒറ്റമുറി വീടിന്റെ മുറ്റത്ത് മൃതദേഹം കണ്ടെത്തിയെങ്കിലും മുഖം കത്തിക്കരിഞ്ഞതിനാൽ തിരിച്ചറിഞ്ഞില്ല. അവർ അടുത്തുള്ളവരെ അറിയിച്ചെങ്കിലും അവർക്കും തിരിച്ചറിയാനായില്ല. പിന്നീട് പിതാവ് ബാലകൃഷ്ണൻ എത്തിയാണ് തിരിച്ചറിഞ്ഞത്.

വീട്ടിലെ മണ്ണെണ്ണപ്പാത്രം സമീപത്തുനിന്ന് പൊലീസ് കണ്ടെത്തി. നോട്ടുബുക്കിൽ 'ഞാൻ പോകുന്നു' എന്ന ആത്മഹത്യാ കുറിപ്പും കണ്ടെത്തി.

@ മരണം ലാസ്റ്റ് ബെല്ലടിച്ചു

ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാനാവില്ലെന്ന സങ്കടം ദേവിക വീട്ടിൽ പറഞ്ഞിരുന്നു. വീട്ടിലെ പഴയ ടി.വി കേടാണ്. സ്മാർട്ട്‌ ഫോണും ഇല്ല. ക്ലാസ് തുടങ്ങും മുമ്പ് ടി.വി നന്നാക്കാമെന്ന് രക്ഷിതാക്കൾ സമാധാനിപ്പിച്ചെങ്കിലും പണമില്ലായിരുന്നു. അടുത്ത വീട്ടിൽ പോയി ടി.വി കാണാമെന്ന് അമ്മ ഷീബ ആശ്വസിപ്പിച്ചപ്പോൾ അവരാരും വിളിച്ചില്ലെന്നായിരുന്നു ദേവികയുടെ സങ്കടം.

പഠനം തടസപ്പെടുമോയെന്ന ആശങ്ക മകൾക്കുണ്ടായിരുന്നെന്ന് ബാലകൃഷ്ണൻ വിതുമ്പിക്കൊണ്ട് പറഞ്ഞു. അയ്യങ്കാളി സ്‌കോളർഷിപ്പടക്കം പുരസ്‌കാരങ്ങൾ ദേവിക നേടിയിട്ടുണ്ട്.

മറ്റ് സംശയങ്ങളില്ല

പൊള്ളലേറ്റുള്ള മരണമാണെന്നും ദുരൂഹതകളില്ലെന്നുമാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ആളൊഴിഞ്ഞ വീട്ടിൽ കയറി തീ കൊളുത്തിയപ്പോൾ പ്രാണവേദനയിൽ പുറത്തേക്ക് ഓടിയതാവാം. സാമ്പത്തിക പ്രതിസന്ധിയും ഭാവി സംബന്ധിച്ച ആശങ്കകളും ആത്മഹത്യയ്ക്ക് കാരണമാകാമെന്ന് വളാഞ്ചേരി സി.ഐ എം.കെ.ഷാജി പറഞ്ഞു..

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.

ചോർന്നൊലിക്കുന്ന വീട്

പുറംചുമര് തേക്കാത്ത രണ്ടു മുറികളുള്ള ചോർന്നൊലിക്കുന്ന വീടാണ്. അമ്മൂമ്മ,​ എട്ടാംക്ലാസ്‌കാരി ദേവനന്ദ,​ നാല് വയസുള്ള ദീക്ഷിത്, ഏഴു മാസം പ്രായമുള്ള കുഞ്ഞ് എന്നിവരടങ്ങുന്നതാണ് കുടുംബം. ലോട്ടറി വിൽപ്പനയായിരുന്നു ബാലകൃഷ്ണന്. പിന്നീട് തേപ്പുപണിക്ക് സഹായിയായി. ലോക്ക്ഡൗണിൽ ജോലിയില്ലാതായതോടെ നിത്യവൃത്തി കഷ്ടത്തിലായി. മാസം തികയാതെ പ്രസവിച്ച ഇളയകുഞ്ഞിന്റെ ചികിത്സയ്ക്കായി ഒരുലക്ഷം രൂപയുടെ കടമുണ്ട്. അമ്മ ഷീബ തയ്യൽ ജോലിക്ക് പോയിരുന്നെങ്കിലും കുഞ്ഞുള്ളതിനാൽ വീട്ടിലാണ്.

വീട്ടിൽ ഓൺളൈൻ പഠന സൗകര്യമില്ലാത്ത വിഷമം കുട്ടിക്കുണ്ടായിരുന്നു. വീട്ടുകാരുമായും അദ്ധ്യാപകരുമായും സംസാരിച്ച് തയ്യാറാക്കിയ റിപ്പോർട്ട് വിദ്യാഭ്യാസ മന്ത്രിക്ക് സമർപ്പിക്കും. എല്ലാ കുട്ടികൾക്കും സൗകര്യങ്ങൾ ഒരുക്കാനുള്ള തീവ്രശ്രമത്തിലാണ്.

കെ.എസ്.കുസുമം,​ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ