മലപ്പുറം: ജില്ലയിൽ 'ഫസ്റ്റ്‌ബെൽ' ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ വീടുകളിൽ മൊബൈൽ ഫോൺ, ടെലിവിഷൻ സൗകര്യങ്ങളില്ലാത്തവർക്ക് തൊട്ടടുത്ത എൽ.പി സ്‌കൂളുകളിൽ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയതായി ഡി.ഡി.ഇ കെ.എസ് കുസുമം അറിയിച്ചു. സ്‌കൂളുകൾക്ക് പുറമെ പ്രാദേശിക ലൈബ്രറികളിലും ആവശ്യമെങ്കിൽ സൗകര്യമൊരുക്കും. സ്‌കൂളുകളിലുള്ള ലാപ്‌ടോപ്പ്, ഇന്റർനെറ്റ് സൗകര്യങ്ങളുടെ സഹായത്തോടെയാകും വിദ്യാർത്ഥികൾക്ക് പഠനം സാദ്ധ്യമാക്കുക. വീടുകളിൽ സൗകര്യമില്ലാത്തവരെ കണ്ടെത്താനും സൗകര്യമൊരുക്കാനും അദ്ധ്യാപകരുടെയും തദ്ദേശസ്ഥാപനങ്ങളുടെയും സഹായത്തോടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.
സൗകര്യങ്ങൾ ലഭ്യമല്ലെന്നത് സംബന്ധിച്ച വിവരം അതത് സ്‌കൂൾ അധികൃതർ കുട്ടിയുടെ തൊട്ടടുത്ത എൽ.പി സ്‌കൂൾ അധികൃതരെ വിവരമറിയിക്കുന്ന മുറയ്ക്കാണ് സൗകര്യം ലഭ്യമാക്കുക. എന്നാൽ ഒന്നുമുതൽ നാലുവരെ ക്ലാസുകളിലെ കുട്ടികൾ വീടുകളിൽ സൗകര്യമില്ലെന്ന കാരണത്താൽ സ്‌കൂളുകളിലെത്തരുത്. ഇവർക്ക് ക്ലസ്റ്റർ കോർഡിനേറ്റർമാരുടെ സഹായത്തോടെ വീടുകളിൽ നേരിട്ടെത്തി ലാപ് ടോപ്പിന്റെ സഹായത്തോടെ ക്ലാസുകൾ കാണിക്കാനാണ് തീരുമാനം.
വിക്ടേഴ്സ് ചാനലിലൂടെ ലഭ്യമാക്കുന്ന ക്ലാസുകൾ പിന്നീട് യൂട്യൂബ് ചാനലിലും ഫേസ് ബുക്കിലും ലഭ്യമാകുമെന്നതിനാൽ ക്ലാസുകൾ നഷ്ടമാകുന്ന സാഹചര്യവും നിലവിലില്ല. ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് അതത് സ്‌കൂളുകളിലെ വിദ്യാർത്ഥികളിൽ നിന്നുള്ള വിവരങ്ങൾ പ്രധാനാദ്ധ്യാപകരിൽ നിന്നും ഇന്ന് ശേഖരിക്കുമെന്ന് ഡി.ഡി.ഇ പറഞ്ഞു. കൂടാതെ ഇതുവരെയുള്ള ക്ലാസുകൾ സംബന്ധിച്ചും പ്രധാനാദ്ധ്യാപകരിൽ നിന്നും വിവരങ്ങൾ ശേഖരിക്കും. തുടർന്നാകും വരുംദിവസങ്ങളിൽ ആവശ്യമായ ക്രമീകരണങ്ങൾ വരുത്തുക.
' ഫസ്റ്റ് ബെൽ' ക്ലാസുകൾ victers.kite.kerala.gov.in എന്ന വെബ് സൈറ്റ് വഴിയോ ഫേസ് ബുക്കിൽ icterseduchannel മുഖേനയോ യൂട്യൂബിൽ itsvicters എന്ന ചാനലിലൂടെയോ ലഭിക്കും. വിക്ടേഴ്സ് ചാനൽ ലഭിക്കുന്ന വിവിധ കേബിൾ ഓപ്പറേറ്റർമാരുടെ പേരും ചാനൽ നമ്പറും ഇങ്ങനെ. ഏഷ്യാനെറ്റ് കേബിൾ 39, യെസ് ഡിജിറ്റൽ 29, ഏഷ്യാനെറ്റ് ഡിജിറ്റൽ 411, വീഡിയോകോൺ ഡി.ടു.എച്ച് 642, കേരള വിഷൻ 42, ഡിഷ് ടിവി 642, ഡെൻ നെറ്റ് വർക്ക് 639, ഡിജി മീഡിയ 149, സഹ്യ 51, സിറ്റി ചാനൽ 116, സൺ ഡയറക്ട് 240. വിദ്യാഭ്യാസ വകുപ്പിന്റെ 'ഫസ്റ്റ്‌ബെൽ' പദ്ധതിക്ക് ജില്ലയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വിദ്യാലയങ്ങൾ അടഞ്ഞുകിടന്നിട്ടും ഒന്നാം തരം മുതൽ 12 വരെയുള്ള കുട്ടികളാണ് ഓൺലൈൻ ക്ലാസുകളിലൂടെ സജീവമായിരിക്കുന്നത്. വീട്ടിലിരുന്നും ടെലിവിഷൻ, മൊബൈൽ ഫോൺ സംവിധാനങ്ങളുടെ സഹായത്തോടെ ക്ലാസുകൾ കാണുന്ന തിരക്കിലാണ് ജില്ലയിലെ കുട്ടികളും.