മലപ്പുറം: വിദഗ്ദ്ധ ചികിത്സയ്ക്കു ശേഷം കൊവിഡ് ഭേദമായ 10 പേർ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ഇന്ന് വീടുകളിലേക്ക് മടങ്ങും. കൊവിഡ് മുക്തയായ ശേഷം മേയ് 28ന് മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രസവിച്ച ആലപ്പുഴ ആര്യാട് സ്വദേശിനിയും ഇതിലുൾപ്പെടുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. ഇവർക്കു പുറമെ, കഴിഞ്ഞ ദിവസം രോഗമുക്തരായ തവനൂർ മാണൂർ നടക്കാവ് സ്വദേശി 64 കാരൻ, പൊന്നാനി വെളിയങ്കോട് സ്വദേശി 31 കാരൻ, താനൂർ പരിയാപുരം സ്വദേശി 22 കാരൻ, കൂട്ടിലങ്ങാടി സ്വദേശി 24 കാരൻ, തെന്നല തറയിൽ സ്വദേശി 45 കാരൻ, ആതവനാട് കരിപ്പോൾ സ്വദേശി 59 കാരൻ, തെന്നല കുറ്റിപ്പാല സ്വദേശി 37 കാരൻ, പരപ്പനങ്ങാടി അയ്യപ്പൻകാവ് സ്വദേശിനിയായ 70 വയസുകാരി എന്നിവരാണ് പുതു ജീവിതത്തിലേക്ക് മടങ്ങുന്നത്. ഇവരെല്ലാം ആശുപത്രിയിലെ സ്റ്റെപ്പ് ഡൗൺ ഐ.സി.യുവിൽ തുടർനിരീക്ഷണത്തിലാണ്.