വളാഞ്ചേരി: ഡോക്ടറാകാൻ കാത്തുനിൽക്കാതെ സ്വപ്നങ്ങളില്ലാത്ത ലോകത്തേക്ക് ദേവിക മടങ്ങി. കമ്പ്യൂട്ടറോ ടിവിയോ സ്മാർട്ട് ഫോണോ ഇല്ലാത്തതിനാൽ ഓൺലൈൻ ക്ളാസിൽ പങ്കെടുക്കാൻ കഴിയാതിരുന്നതിനാലാണ് ദേവിക ജീവനൊടുക്കിയത്. ഞാൻ പോകുന്നു എന്ന ഒറ്റവരി കുറിപ്പു മാത്രമാണ് ബാക്കിവച്ചത്. ക്ളാസിൽ പങ്കെടുക്കാനാവുമോ എന്ന വേവലാതിയിലായിരുന്നു ദേവിക. ആദ്യദിവസം ക്ളാസ് മുടങ്ങിയതോടെ താൻ ഭയന്നിടത്തേക്ക് തന്നെയാണ് കാര്യങ്ങളെത്തുന്നതെന്ന ആശങ്ക ആ ഹൃദയത്തെ വേട്ടയാടി. തുടർന്നാവാം വൈകിട്ടോടെ ദേവിക ജീവനൊടുക്കിയതാണ് വീട്ടുകാരുടെയും പൊലീസിന്റെയും നിഗമനം. സ്കൂൾ തയ്യാറാക്കിയ ടിവിയും സ്മാർട്ട് ഫോണും ഇല്ലാത്തവരുടെ ലിസ്റ്റിൽ ദേവികയുമുണ്ടായിരുന്നു. എന്നാൽ ബദൽ സംവിധാനങ്ങളൊരുക്കും മുമ്പ് ക്ളാസ് ആരംഭിച്ചതാണ് ദേവികയെ വിഷമിപ്പിച്ചത്.

ദേവികയുടെ മൃതദേഹം വൻജനാവലിയുടെ സാന്നിദ്ധ്യത്തിൽ ഇരിമ്പിളിയം തിരുനിലത്തെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. ജനപ്രതിനിധികൾ,​ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ,​ രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങി നിരവധി പേരാണ് ദേവികയുടെ വീട്ടിലെത്തിയത്.

തിങ്കളാഴ്ച വൈകിട്ടോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. തൊട്ടടുത്ത ആളൊഴിഞ്ഞ വീട്ടിൽ പോയി മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തിയാണ് ദേവിക ആത്മഹത്യ ചെയ്തത്. കുട്ടിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തെരച്ചിലിലാണ് ആളൊഴിഞ്ഞ വീടിന്റെ മുറ്റത്ത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അടക്കമുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തി. ചൊവ്വാഴ്ച രാവിലെ വളാഞ്ചേരി പൊലീസ് സ്റ്റേഷൻ ഓഫീസർ എം.കെ. ഷാജി ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം വൈകിട്ട് നാലരയോടെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. ദളിത് പിന്നാക്ക വിഭാഗത്തിൽപ്പെട്ട കുട്ടിയുടെ വിയോഗമറിഞ്ഞു സമൂഹത്തിന്റെ നാനാതുറകളിൽ നിന്നായി നൂറുകണക്കിന് ആളുകളാണ് വീട്ടിലെത്തിയത്. ഇ.ടി. മുഹമ്മദ് ബഷീർ എം.പി,​ . എം.എൽ.എമാരായ പ്രൊഫ: ആബിദ് ഹുസൈൻ തങ്ങൾ, വി.ടി. ബൽറാം, എ.പി. അനിൽ കുമാർ, ഷാഫി പറമ്പിൽ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണിക്കൃഷ്ണൻ, മുൻ എം.എൽ.എ. വി. ശശികുമാർ, ഡി.സി.സി. പ്രസിഡന്റ് വി.വി. പ്രകാശ്, യു.ഡി.എഫ്. ജില്ലാ കൺവീനർ പി.ടി. അജയ് മോഹൻ, മുസ്ലിം ലീഗ് ജില്ലാപ്രസിഡന്റ് സാദിഖലി തങ്ങൾ , കെ.പി.സി.സി. സെക്രട്ടറി വി.എ. കരീം, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ, ട്രഷറർ എം.എ. സമദ്, എസ്.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സാനു, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഇ.പി. രാജീവ്, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് മെമ്പർ വി.പി. സക്കറിയ, വളാഞ്ചേരി ഏരിയ സെക്രട്ടറി കെ.പി. ശങ്കരൻ, കെ.എസ്.ടി.എ. സംസ്ഥാന സെക്രട്ടറി കെ. ബദറുന്നീസ, കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂർ, എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറി കെ.എ. സക്കീർ, എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് എന്നിവർ വീട്ടിലെത്തിയിരുന്നു.