fff
.

മലപ്പുറം: ജില്ലയിലെ പാഠപുസ്തക വിതരണം പൂർത്തിയാവാൻ ഇനിയും 43.16 ലക്ഷം പുസ്തകങ്ങൾ കൂടി വേണ്ടിവരും. ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലേക്കായി 5​6.39 ലക്ഷം ഒന്നാം വാല്യം പുസ്തകങ്ങളാണ് ആവശ്യമുള്ളത്. ഇന്നലെ വരെ 13.23 ലക്ഷം പുസ്തകങ്ങളാണ് കാക്കനാട്ടെ പ്രസിൽ നിന്ന് ജില്ലയിലേക്കെത്തിച്ചത്. മലപ്പുറം സിവിൽസ്റ്റേഷനിലെ ജില്ലാ ബുക്ക് ഡിപ്പോയിൽ നിന്ന് പുസ്തകങ്ങൾ ഇൻഡന്റ് അടിസ്ഥാനത്തിൽ കുടുംബശ്രീയുടെ സഹായത്തോടെ വേർതിരിച്ച് സ്കൂൾ സൊസൈറ്റികൾക്ക് കൈമാറുകയാണിപ്പോൾ. ഒന്നുമുതൽ ഏഴുവരെ ക്ലാസുകളിലെ പുസ്തകങ്ങളാണിത്. ഹൈസ്കൂൾ ക്ലാസുകളിലേക്കുള്ള പുസ്തകങ്ങൾ അടുത്ത ആഴ്ചയേ എത്തൂ. ജില്ലയിലെ 17 എ.ഇ.ഒ പരിധികളിൽ 14 ഇടങ്ങളിലും എൽ.പി, യു.പി ക്ലാസുകളിലെ പുസ്തക വിതരണം വൈകാതെ പൂർത്തിയാവുമെന്ന് അധികൃതർ പറയുന്നു. കുറ്റിപ്പുറം, തിരൂർ, പൊന്നാനി എന്നിവിടങ്ങളിൽ പുസ്തക വിതരണം ഇതുവരെ തുടങ്ങിയിട്ടില്ല. മേയ് 14 മുതലാണ് സ്കൂൾ സൊസൈറ്റികളിലേക്ക് പുസ്തകങ്ങൾ കൈമാറി തുടങ്ങിയത്. ഓൺലൈൻ അദ്ധ്യയനം തുടങ്ങിയിരിക്കെ പുസ്തക വിതരണം നീളുന്നതിലെ ആശങ്കയിലാണ് വിദ്യാർത്ഥികളും അദ്ധ്യാപകരും

അച്ചടി ലോക്കായി

ലോക്ക്ഡൗണിൽപ്പെട്ട് ഒന്നര മാസത്തോളം കാക്കനാട്ടെ പ്രസിൽ അച്ചടി വൈകിയതാണ് പുസ്തക വിതരണം നീളാൻ കാരണമെന്ന് ജില്ലാ വിദ്യാഭ്യാസ അധികൃതർ പറയുന്നു. വിവിധ ക്ലാസുകളിലേക്കായി 288 തരം പുസ്തകങ്ങളാണ് അച്ചടിക്കുന്നത്. കഴിഞ്ഞ തവണ സ്‌കൂളുകൾ തുറന്നപ്പോൾ തന്നെ പുസ്തക വിതരണം പൂർത്തിയായിരുന്നു. കെ.ബി.പി.എസിന് ( കേരള ബുക്ക്സ് ആന്റ് പബ്ലിഷിംഗ് സൊസൈറ്റി) ആണ് പാഠപുസ്തക വിതരണ ചുമതല. പുസ്തകങ്ങൾ കിട്ടിയില്ലെന്ന പരാതികൾ ഉയരുന്ന പശ്ചാത്തലത്തിൽ ഈ മാസം 20നകം പുസ്തകങ്ങൾ സ്‌കൂളുകളിൽ എത്തിക്കണമെന്ന നിർദ്ദേശം കെ.ബി.പി.എസിന് വിദ്യാഭ്യാസ വകുപ്പ് നൽകിയിട്ടുണ്ട്. നിലവിലെ സ്ഥിതിയിൽ ജില്ലയിൽ ജൂൺ 30ഓടെ മാത്രമേ പുസ്തക വിതരണം പൂർത്തിയാവൂ. പുസ്തകങ്ങൾ രക്ഷിതാക്കൾ സ്‌കൂളുകളിൽ പോയി വാങ്ങണമെന്നാണ് നിർദ്ദേശം.