മലപ്പുറം: കൊവിഡ് ഭീതിക്കിടെ ബസുകളിൽ കയറാൻ ആളുകൾ മടിച്ചതോടെ കെ.എസ്.ആർ.ടി.സിയുടെ വരുമാനം കുത്തനെയിടിഞ്ഞു. ജില്ലയിലെ നാല് ഡിപ്പോകളിലായി ആകെ രണ്ട് ലക്ഷം രൂപയിൽ താഴെയാണ് വരുമാനം. ചില ബസുകളുടെ കളക്‌ഷൻ ഡീസലിന് പോലും തികയുന്നില്ല. ലോക്ക് ഡൗണിന് മുമ്പ് 135 സർവീസുകളിൽ നിന്നായി ശരാശരി 21 ലക്ഷം രൂപ ലഭിച്ചിരുന്ന സ്ഥാനത്താണിത്. അതേസമയം ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ യാത്രക്കാരുടെ എണ്ണം കൂടുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ഇന്നലെ മുതൽ സർവീസുകളുടെ എണ്ണം 51 ആക്കി വർദ്ധിപ്പിച്ചിട്ടുണ്ട്.

ബസുകളുടെ കുറവും യാത്രക്കാരെ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. രാവിലെ ഓഫീസ് സമയം കഴിഞ്ഞാൽ പിന്നെ ബസ് കാത്ത് ഏറെനേരം നിൽക്കേണ്ട അവസ്ഥയാണ്. ഒരുസീറ്റിൽ ഒരാളെന്ന നിബന്ധന മൂലം കൂടുതൽ യാത്രക്കാരെ കയറ്റാനും സാധിക്കാറില്ല.

ഇന്നലെ മുതൽ പൊന്നാനി ഡിപ്പോയിൽ നിന്ന് 11ഉം നിലമ്പൂരിൽ നിന്ന് 15 ഉം പെരിന്തൽമണ്ണയിൽ നിന്ന് 13 ഉം മലപ്പുറത്ത് നിന്ന് 12 ഉം സർവീസുകൾ തുടങ്ങി. ഇതിനൊപ്പം അന്തർജില്ലാ സർവീസിനും തുടക്കമിട്ടിട്ടുണ്ട്. മലപ്പുറത്തു നിന്ന് പാലക്കാട്ടേക്ക് അഞ്ചും തൃശൂരിലേക്ക് ഒന്ന് വീതവും സർവീസ് നടത്തി. എല്ലാ സീറ്റുകളിലും ഇരുന്ന് യാത്ര ചെയ്യാൻ സാധിക്കുന്ന രീതിയിൽ പഴയ ടിക്കറ്റ് നിരക്കിലായിരുന്നു സർവീസുകൾ നടത്തിയത്. ജീവനക്കാർക്ക് മാസ്‌കും സാനിറ്റൈസറുകളും നൽകുന്നുണ്ട്.

സേവന വഴിയിൽ

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയിലെ ആരോഗ്യ പ്രവർത്തകർക്ക് സഞ്ചരിക്കാനായി ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്ന് സർവീസുകൾ നടത്തിയിരുന്നതായി ജില്ലാ ട്രാൻസ്‌പോർട് ഓഫീസർ സി.കെ രത്‌നാകരൻ പറഞ്ഞു. മലപ്പുറം, നിലമ്പൂർ, പെരിന്തൽമണ്ണ എന്നീ ഡിപ്പോകളിൽ നിന്ന് മഞ്ചേരി മെഡിക്കൽ കോളേജിലേക്കും പൊന്നാനി ഡിപ്പോയിൽ നിന്ന് തിരൂർ താലുക്ക് ആശുപത്രിയിലേക്കും സർവീസ് നടത്തിയിരുന്നു. കൂടാതെ, ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശത്തെ തുടന്ന് അന്യസംസ്ഥാന തൊഴിലാളികളെ റെയിൽവേ സ്‌റ്റേഷനുകളിലേക്ക് കൊണ്ടുപോകുന്നതിനായി 80 ബസുകളും സർവീസ് നടത്തിയിരുന്നു.

ഡിപ്പോ വരുമാനം (ലോക്കഡൗണിന് മുമ്പ്)​ നിലവിൽ

മലപ്പുറം - 5 ലക്ഷം - 50,​000

പൊന്നാനി - 4.5 ലക്ഷം - 40,​000

പെരിന്തൽമണ്ണ - 6 ലക്ഷം - 50,​000

നിലമ്പൂർ - 5 - 40,​000