പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽ ദേശീയസംസ്ഥാന പാതയോരത്ത് കെട്ടിടങ്ങൾക്ക് മുകളിൽ സ്ഥാപിച്ചിരിക്കുന്ന കൂറ്റൻ പരസ്യബോർഡുകൾ അപകടഭീഷണിയുയർത്തുന്നു. അശാസ്ത്രീയമായാണ് പലതും സ്ഥാപിച്ചിരിക്കുന്നത്. കാലവർഷസമയമായതോടെ യാത്രക്കാർക്കും മറ്റും വലിയ ഭീതിയാണ് ഇവ സൃഷ്ടിക്കുന്നത്. പലയിടത്തും വൈദ്യുതി ലൈറ്റുകളുൾപ്പെടെ കൂറ്റൻ ഹോർഡിംഗുകളാണ് കെട്ടിടത്തിന് മുകളിൽ സ്ഥാപിക്കുന്നത്. ബന്ധപ്പെട്ട കെട്ടിടത്തിന്റെ കോൺട്രാക്ടറുടെ മേൽനോട്ടത്തിലോ അഭിപ്രായം ആരാഞ്ഞോ അല്ല ഇത്തരം ബോർഡുകൾ സ്ഥാപിക്കുന്നത്. അശാസ്ത്രീയമായ സ്ഥാപിക്കൽ കെട്ടിടത്തിന്റെ ബലക്ഷയത്തിന് കാരണമാവുമെന്ന് എൻജിനീയർമാർ അഭിപ്രായപ്പെടുന്നു. കാലവർഷം ശക്തമാകുന്നതോടെ ഇവ നിലം പൊത്താനുള്ള സാദ്ധ്യതയും ഏറെയാണ്. പല ബോർഡുകളും സ്ഥാപിച്ചിരിക്കുന്നത് ഹെവി വൈദ്യുതി ലൈനിന് തൊട്ടടുത്ത് തന്നെയാണ്. വീശിയടിക്കുന്ന കാറ്റിലും മഴയിലും ഫ്ളക്സുകളും ഇവ ബന്ധിക്കാൻ ഉപയോഗിക്കുന്ന കയറുകളും മറ്റും വൈദ്യുതി ലൈനിൽ പതിക്കുന്നതും അപകടങ്ങൾ വിളിച്ചുവരുത്തും. സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിൽ ഒറ്റ ഇരുമ്പുപൈപ്പിൽ ഫ്രെയിമുകൾ സ്ഥാപിച്ച് വയ്ക്കുന്ന ബോർഡുകൾ പലതും വൈദ്യുതി ലൈനിനോട് ചേർന്നാണ് നിൽക്കുന്നത്. കഴിഞ്ഞ വർഷം ഇത്തരം ബോർഡിൽ പരസ്യ ഫ്ളക്സ് മാറ്റി സ്ഥാപിക്കവേ വളാഞ്ചേരിയിൽ ഒരു യുവാവ് ഷോക്കേറ്റ് മരിച്ചിരുന്നു.
അശാസ്ത്രീയമായി സ്ഥാപിച്ച ബോർഡുകൾ എടുത്തുമാറ്റാൻ അധികൃതർ നടപടി ഊർജ്ജിതമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.