tyr
തേക്കിൻകോട് സ്വദേശി പൂന്തോടൻ അബ്ദുറഹ്മാൻ

പെരിന്തൽമണ്ണ: ലോക്ക് ഡൗണിൽ പഞ്ചർ കടയിലെ തിരക്ക് കുറഞ്ഞതോടെ വെറുതേയിരിക്കാതെ തന്റെ കലാവിരുത് പൊടിതട്ടിയെടുക്കുകയായിരുന്നു അങ്ങാടിപ്പുറം കോട്ടപ്പറമ്പിൽ തേക്കിൻകോട് പൂന്തോടൻ അബ്ദുറഹ്മാൻ. വാഹനങ്ങൾ കുറയുകയും തമിഴ്‌നാട്ടിലേക്ക് പഴയ ടയറുകൾ കയറ്റിപ്പോവുന്ന സംഘം വരാതാവുകയും ചെയ്തതോടെ വിരസതയകറ്റാൻ പഴയ ടയറുകളുപയോഗിച്ച് ആകർഷകമായ ചെടിച്ചട്ടികളുണ്ടാക്കാൻ തുടങ്ങി. ഇന്നത് ഒരു വരുമാനമാ‌ർഗ്ഗം കൂടിയായിരിക്കുകയാണിത്.

ലോക്ക് ഡൗണിന്റെ വിരസതയിലിരിക്കുമ്പോഴാണ് വീട്ടുകാരുടെ ഗ്രോബാഗിന്റെയും ചെടിച്ചട്ടിയുടെയും ആവശ്യം മനസിൽ വന്നത്. ഉടൻ പഴയ സ്‌കൂട്ടറിന്റെ ഒരു ടയർ ഉപയോഗിച്ച് ഒന്ന് നിർമ്മിച്ചു. ഇതു കണ്ടതോടെ ഇനിയും വേണമെന്ന ആവശ്യമുയർന്നു. ഇങ്ങനെ നിർമ്മിച്ചവ കണ്ടപ്പോൾ കടയിൽ എത്തിയവർക്കും ഏറെ താത്പര്യമായി. അങ്ങനെ കൂടുതൽ എണ്ണം നിർമ്മിക്കാൻ തുടങ്ങി. രണ്ട് മണിക്കൂർ വരെ സമയമെടുക്കും ഒന്ന് നിർമ്മിക്കാൻ. ആകർഷകമായ രീതിയിൽ ടയറിൽ വിവിധ ഡിസൈനുകൾ കട്ട് ചെയ്യുന്നത് കാഠിന്യമുള്ള പണിയാണെന്ന് അബ്ദുറഹ്മാൻ പറയുന്നു. ഗ്രോബാഗുകളും അലങ്കാര വസ്തുക്കളും ഇത്തരത്തിൽ നിർമ്മിക്കുന്നുണ്ട്. ആവശ്യക്കാരേറിയതോടെ പണിക്കൂലി ഈടാക്കി ഇവ വിൽക്കാനിരിക്കുകയാണ് അബ്ദുറഹ്മാൻ.