op
നിരാമയ വെർച്വൽ ഒ പി

പൊന്നാനി: കൊവിഡ് പ്രതിരോധത്തിൽ ആയുർവേദത്തെ
ഉൾപ്പെടുത്തിക്കൊണ്ട് കേരള സർക്കാർ പ്രഖ്യാപിച്ച പദ്ധതികളിലൊന്നായ നിരാമയ വെർച്വൽ ഒ.പി കൗൺസലിംഗിന് സംസ്ഥാനതലത്തിൽ പൊന്നാനിയിൽ തുടക്കമായി. നിരീക്ഷണത്തിൽ ഇരിക്കുന്നവരെയും മറ്റും ഓൺലൈനിൽ കണ്ട് കൗൺസിലിംഗ് നടത്തുന്ന സംവിധാനമാണ് നിരാമയ വെർച്വൽ ഒ.പി.

സംസ്ഥാനത്തൊട്ടാകെയുള്ള സർക്കാർ ആയുർവേദ ആശുപത്രികളിലെ ആയുർ രക്ഷാ ക്ലിനിക്കുകളിലേക്ക് നിരാമയ വെർച്ച്വൽ ഒ.പി സംവിധാനം വിപുലപ്പെടുത്തുന്നതിനെക്കുറിച്ച് സ്റ്റേറ്റ് ആയുർവേദ കൊവിഡ് റെസ്‌പോൺസ്
സെൽ സാദ്ധ്യതകളാരായുന്നുണ്ട്.

കൊറോണ വ്യാപന സാഹചര്യത്തിൽ മാർച്ച് ആദ്യവാരം തന്നെ ക്വാറന്റൈനിൽ ഇരിക്കുന്നവരുടെ മാനസിക സമ്മർദ്ദം പരിഹരിക്കാൻ ടെലി കൗൺസലിംഗ് ആദ്യമായി ആരംഭിച്ച നഗരസഭയാണ് പൊന്നാനി. ആയുർവേദ മാനസികാരോഗ്യ വിദഗ്ദ്ധരായ ഡോക്ടർമാരുടെ ടീം രൂപവത്കരിച്ചാണ് കൗൺസലിംഗ് നടത്തിയത്. സംസ്ഥാന മാതൃകയായ ടെലി കൗൺസലിംഗ് നഗരസഭയിൽ ഇന്നും തുടരുന്നുണ്ട്. . പൊന്നാനി നഗരസഭാ ഓഫീസിൽ വെച്ച് മാനസികാരോഗ്യ വിദഗ്ധൻ ഡോ.പരശുരാമാണ് വെർച്വൽ ഒ.പി കൗൺസിൽ നടത്തിയത്. വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ ഒ.ഒ ഷംസു, നഗരസഭാ കോവിഡ് നോഡൽ ഓഫീസർ എസ്.എ വിനോദ് കുമാർ എന്നിവർ സംബന്ധിച്ചു.

സൗകര്യപ്രദം

ടെലി കൗൺസലിംഗ് ആഗ്രഹിക്കുന്ന വ്യക്തിയുടെ കമ്പ്യൂട്ടറിലോ മൊബൈലിലോ ആപ്പ് ഡൗൺലോഡ് ചെയ്ത് ഡോക്ടറുമായി ഈ സംവിധാനമുപയോഗിച്ച് കണ്ട് സംസാരിക്കാം. കൗൺസലിംഗ് പോലുള്ളവയിൽ സംസാരിക്കുന്നയാളിന്റെ മുഖത്തെ ഭാവമാറ്റങ്ങളെ സൂക്ഷ്മമായി മനസിലാക്കുന്നതും ഒരു പ്രധാന ഘടകമാണ്.
ഗൂഗിൾ പ്ലാറ്റ്‌ഫോമിൽ ഉപയോഗിക്കുന്നതിനാൽ വിവരങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തപ്പെടുന്നുമുണ്ട്.

കൗൺസിലിനൊപ്പം തന്നെ യോഗ, മ്യൂസിക് തെറാപ്പി, നേത്ര വ്യായാമം പോലുള്ളവ രോഗികൾക്ക് വിശദീകരിച്ചു നൽകാൻ നിരാമയയിലൂടെ സാധിക്കും. മറ്റ് സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാർക്കും ഈ സംവിധാനമുപയോഗിച്ച് പരിശോധിക്കാനുള്ള സാദ്ധ്യതകൾ ഇതുവഴി വിപുലപ്പെടുത്തുകയാണ്.

വയോജനങ്ങൾ കൊവിഡ് കാലത്ത് പുറത്തിറങ്ങുന്നത് ഒഴിവാക്കാൻ
വീട്ടിലിരുന്നു തന്നെ ആശുപത്രി ഒ.പിയിലെ ഡോക്ടറെ കണ്ട് സംസാരിക്കാവുന്ന വെർച്വൽ ഒ.പി കളൊരുക്കാൻ പദ്ധതിയുണ്ട്.

സി. പി. മുഹമ്മദ് കുഞ്ഞി

പൊന്നാനി നഗരസഭ ചെയർമാൻ