മലപ്പുറം: അസിസ്റ്റന്റ് കളക്ടറായി ഔദ്യോഗിക ജീവിതമാരംഭിച്ച നാളിൽ മലപ്പുറം സിവിൽ സ്റ്റേഷനിൽ താൻ നട്ട മാവിൻതൈ വളർന്ന് പന്തലിച്ചത് കണ്ടപ്പോൾ കളക്ടർ കെ.ഗോപാലകൃഷ്ണന്റെ മുഖത്ത് ആത്മസംതൃപ്തിയുടെ ചിരി. ചുമതലയേറ്റ ആദ്യദിനം തന്നെ തിരക്കിനിടയിലും കളക്ടർ അന്ന് നട്ട മാവിന്റെ അരികിലെത്തി. 2014ൽ മലപ്പുറത്ത് അസിസ്റ്റന്റ് കളക്ടറായിട്ടായിരുന്നു ആദ്യ ചുമതല. അതിനാൽ മലപ്പുറത്തിന്റെ മനസ് നന്നായിട്ടറിയാം. പിന്നീട് കോഴിക്കോട് സബ് കളക്ടർ, ജലനിധിയിൽ എക്സിക്യൂട്ടീവ് ഡയറക്ടർ, കേന്ദ്ര സർവീസിൽ കമ്മ്യൂണിക്കേഷൻ ആന്റ് ഇൻഫർമേഷൻ അസിസ്റ്റന്റ് സെക്രട്ടറി, സർവേ ഡയറക്ടർ, ഡെപ്യൂട്ടി സെക്രട്ടറി (പൊതുഭരണം) എന്നീ സ്ഥാനങ്ങൾ വഹിച്ചു. ജില്ലാ കളക്ടർ ജാഫർ മാലിക്കിന് പകരക്കാരനായാണ് നേരത്തെ തിരുവനന്തപുരം ജില്ലാ കളക്ടറായിരുന്ന കെ. ഗോപാലകൃഷ്ണൻ മലപ്പുറത്ത് ചുമതലയേറ്റത്. തമിഴ്നാട്ടിലെ നാമക്കൽ സ്വദേശിയായ ഗോപാലകൃഷ്ണൻ മെക്കാനിക്കൽ എൻജിനീയറിംഗിൽ ബിരുദവും ഫിനാൻഷ്യൽ മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ദീപയാണ് ഭാര്യ. ആതിര, വിശാഖൻ എന്നിവർ മക്കളാണ്. കൊവിഡ് പ്രതിരോധത്തിനും മഴക്കാലത്തോടനുബന്ധിച്ചുള്ള മുൻകരുതൽ പ്രവർത്തനങ്ങൾക്കുമാണ് പ്രഥമ പരിഗണന നൽകുന്നതെന്ന് കളക്ടർ പറഞ്ഞു. ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളും കാലവർഷ മുൻകരുതലുകൾ നടപടികൾ സംബന്ധിച്ചും റവന്യൂ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗം കളക്ടറുടെ നേതൃത്വത്തിൽ ചേർന്നു.
മലപ്പുറത്തെ പ്രതീക്ഷകൾ
2014ൽ മലപ്പുറത്ത് സബ്കളക്ടറായി പ്രവർത്തിച്ച അനുഭവമുള്ളതിനാൽ ഇവിടത്തെ ജനങ്ങളെ കുറച്ചുകൂടി നന്നായി മനസ്സിലാക്കാൻ സാധിക്കും. ഈ അനുഭവം തുണയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊവിഡും മൺസൂണും ഉയർത്തുന്ന വെല്ലുവിളിയുണ്ട്. ഈ വർഷം മൺസൂൺ കൂടുതലാവുമെന്ന പ്രവചനമുണ്ട്. രണ്ട് വിഷയങ്ങളും നന്നായി കൈകാര്യം ചെയ്യാനാവുമെന്ന പ്രതീക്ഷയിലാണ്. ഇവിടെ നല്ലൊരു ടീമും സംവിധാനങ്ങളുമുണ്ട്. തിരുവനന്തപുരം ജില്ലാ കളക്ടറായിരുന്നപ്പോൾ നേരിട്ടതും പഠിച്ച പാഠങ്ങളും സഹായകമാവും. ജില്ല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പഠിക്കേണ്ടതുണ്ട്. ഇതിനുശേഷമേ മുൻഗണനാ വിഷയങ്ങൾ പറയാനാവൂ. എൻ.എച്ച് വികസനത്തിന് പ്രാധാന്യമേകും.