മലപ്പുറം: ജില്ലയിൽ 11 പേർക്ക് കൂടി ഇന്നലെ കൊവിഡ്- 19 സ്ഥിരീകരിച്ചു. ദുബായിൽ നിന്നെത്തിയ മൂന്നുപേർക്കും കുവൈത്തിൽ നിന്നെത്തിയ രണ്ടുപേർക്കും ജോർദാനിൽ നിന്ന് തിരിച്ചെത്തിയ ഒരാൾക്കും ബംഗളൂരുവിൽ നിന്ന് ജില്ലയിലെത്തിയ രണ്ട് പേർക്കും ചെന്നൈ, കോയമ്പത്തൂർ, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് മടങ്ങിയെത്തിയ ഓരോരുത്തർക്കുമാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. ഇവർ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

ദുബായിൽ നിന്ന് കൊച്ചി വഴി മേയ് 23ന് രക്ഷിതാക്കൾക്കൊപ്പം വീട്ടിലെത്തിയ മങ്കട കടന്നമണ്ണ സ്വദേശിനി മൂന്ന് വയസുകാരി, മേയ് 22ന് ദുബായിൽ നിന്ന് കൊച്ചിയിലെത്തിയ പൊന്മുണ്ടം സ്വദേശി( 61), മേയ് 28ന് ദുബായിൽ നിന്ന് കൊച്ചിയിലെത്തിയ പൊന്നാനി ഈഴവത്തുരുത്തി സ്വദേശിനി( 26), കുവൈത്തിൽ നിന്ന് കരിപ്പൂർ വഴി 26ന് നാട്ടിലെത്തിയ ഒഴൂർ ഓമച്ചപ്പുഴ സ്വദേശി(36), കുവൈത്തിൽ നിന്ന് 27ന് കൊച്ചി വഴിയെത്തിയ പുഴക്കാട്ടിരി സ്വദേശി(57), ജോർദ്ദാനിൽ നിന്ന് കൊച്ചി വഴി 22ന് തിരിച്ചെത്തിയ പാണ്ടിക്കാട് വെട്ടിക്കാട്ടിരി വള്ളുവങ്ങാട് സ്വദേശി( 58), ബംഗളൂരുവിൽ നിന്ന് 22ന് സ്വകാര്യ ബസിലെത്തിയ പോരൂർ ചാത്തങ്ങോട്ടുപുറം പാലക്കോട് സ്വദേശി(35), ബംഗളൂരുവിൽ നിന്ന് 15ന് സ്വകാര്യ വാഹനത്തിലെത്തിയ മാറഞ്ചേരി മാസ്റ്റർപ്പടി സ്വദേശി(20), ചെന്നൈയിൽ നിന്ന് 19ന് തിരിച്ചെത്തിയ വേങ്ങര കുറ്റൂർ പാക്കടപ്പുറായ സ്വദേശി(34), കോയമ്പത്തൂരിൽ നിന്ന് സ്വകാര്യ ബസിൽ 21ന് തിരിച്ചെത്തിയ എടയൂർ പൂക്കാട്ടിരി സ്വദേശി(24), ഡൽഹിയിൽ നിന്നുള്ള പ്രത്യേക തീവണ്ടിയിൽ കോഴിക്കോട് വഴി 26ന് തിരിച്ചെത്തിയ മലപ്പുറം മേൽമുറിസ്വദേശി(27), ബി.എസ്.എഫ് ജവാൻ( 28) എന്നിവരെയാണ് ഐസൊലേഷനിൽ പ്രവേശിപ്പിച്ചത്.

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തിൽ സമ്പർക്കമുണ്ടായവർ വീടുകളിൽ പ്രത്യേക മുറികളിൽ നിരീക്ഷണത്തിൽ കഴിയണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവർത്തകരെ അറിയിക്കണം. വീടുകളിൽ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവർക്ക് സർക്കാർ ഒരുക്കിയ കൊവിഡ് കെയർ സെന്ററുകൾ ഉപയോഗപ്പെടുത്താം. ജില്ലാതല കൺട്രോൾ സെൽ നമ്പറുകൾ: 0483 2737858, 2737857, 2733251, 2733252, 2733253.