boat
ബോട്ടുകൾക്ക് കടലിലിറങ്ങാനാകാത്ത സ്ഥിതി

പൊന്നാനി: കാലവർഷവും ട്രോളിംഗ് നിരോധവും കൊവിഡ് നിയന്ത്രണങ്ങളുമൊക്കെയായി ട്രിപ്പിൾ ലോക്കായ പ്രതീതിയിലാണ് തീരദേശം. ഈ മാസം ഒമ്പതുമുതലാണ് ട്രോളിംഗ് നിരോധനം ആരംഭിക്കുന്നത്. ഇത് തീരത്തെ വറുതിയിലാക്കും. കാലവർഷം ശക്തി പ്രാപിക്കുന്നതോടെ തീരദേശം കടലാക്രമണത്തിന്റെ പിടിയിലമരും. തീരത്തെ സംരക്ഷിക്കാൻ പ്രത്യേകമായ മുൻകരുതലുകളൊന്നും സാദ്ധ്യമായിട്ടില്ലെന്നത് കടലാക്രമണ ദുരിതം ഇത്തവണവും രൂക്ഷമാക്കും.

കൊവിഡിനെ തുടർന്നുള്ള ഒന്നും രണ്ടും ലോക്ക് ഡൗണിൽ മത്സ്യബന്ധന മേഖല പൂർണ്ണമായി സ്തംഭിച്ചിരുന്നു. പിന്നീട് നിയന്ത്രണങ്ങളോടെ അനുമതി ലഭിച്ചെങ്കിലും കാര്യമായ നേട്ടമുണ്ടാകാറുള്ള മത്സ്യ കയറ്റുമതി രംഗത്ത് മാന്ദ്യം തുടർന്നത് മേഖലയിലെ ഉണർവ്വില്ലാതാക്കി. കാര്യമായി മത്സ്യം കിട്ടുന്ന സമയത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഒന്നര മാസത്തോളം ബോട്ടുകൾക്ക് കടലിലിറങ്ങാനായില്ല. ഇത് തീരദേശത്തിന്റെ നടുവൊടിച്ചു.

നിയന്ത്രണങ്ങളിൽ ഇളവുകളുണ്ടായ ഘട്ടത്തിൽ മത്സ്യത്തിന് വില കുത്തനെ കൂടിയത് ചില്ലറ വിൽപ്പനക്കാരെ ബാധിച്ചു. കൂടിയ വിലയ്ക്ക് മത്സ്യം വാങ്ങാൻ ആളില്ലാത്തതിനാൽ നേരിയ ലാഭമെടുത്ത് ചില്ലറ വിൽപ്പന നടത്തേണ്ട അവസ്ഥയിലായി കച്ചവടക്കാർ. മത്സ്യ കയറ്റുമതി നടക്കാത്തതിനാൽ പിടിച്ചു കൊണ്ടുവരുന്ന മത്സ്യം കുറഞ്ഞ വിലയ്ക്ക് നൽകാൻ ബോട്ടുടമകൾക്കാവുമായിരുന്നില്ല.

അറബിക്കടലിൽ രൂപപ്പെട്ട ഇരട്ട ന്യൂനമർദ്ദത്തെ തുടർന്ന് ഏതാനും ദിവസങ്ങളായി ബോട്ടുകൾ കടലിലിറങ്ങുന്നില്ല. ഇനിയും രണ്ടുമൂന്ന് ദിവസം ഇതു തുടരും. ട്രോളിംഗിനു മുമ്പുള്ള മൂന്നുമാസത്തെ മത്സ്യബന്ധനത്തിൽ നിന്ന് ലഭിക്കുന്നത് മിച്ചംവച്ചാണ് ഒന്നര മാസം നീളുന്ന നിരോധന കാലയളവിലെ ജീവിതം മത്സ്യത്തൊഴിലാളികൾ മുന്നോട്ടുകൊണ്ടു പോകാറ്. ഇത്തവണ കണക്കുകൂട്ടലുകളെല്ലാം താളം തെറ്റി.

കടുത്ത ദുരിതങ്ങളാണ് തീരദേശത്തെ കാത്തിരിക്കുന്നത്. തൊഴിൽ നഷ്ടവും വരുമാന നഷ്ടവും മത്സ്യബന്ധന മേഖലയെ തളർത്തിയിട്ട് കാലമേറെയായി. കഴിഞ്ഞ ഒരു വർഷത്തിനിടെ ഏഴ് മത്സ്യബന്ധന ബോട്ടുകളാണ് പൊളിച്ചുവിറ്റത്.
നഷ്ടം സഹിക്കാനാകാതെ ബോട്ടുകൾ ആഴ്ച്ചകളോളം കടലിലിറക്കാത്ത അവസ്ഥയും പതിവാണ്. വരാനിരിക്കുന്ന ഒന്നര മാസക്കാലം തീരത്തിന് കടുത്ത പരീക്ഷണങ്ങളുടേതാകും.

ദുരിതം ഉറപ്പാണ്

തീരസുരക്ഷയുമായി ബന്ധപ്പെട്ട് യാതൊരു ഒരുക്കങ്ങളും ഇത്തവണയുമില്ല. പ്രഖ്യാപിച്ച പദ്ധതികളൊക്കെയും കടലാസിൽ തുടരുകയാണ്. കടലാക്രമണം പ്രതിരോധിക്കാൻ പൊന്നാനി തീരത്ത് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ജിയോ ട്യൂബ് പദ്ധതി പാതിവഴിപോലും പിന്നിട്ടിട്ടില്ല. കടൽഭിത്തി സ്ഥാപിക്കുന്ന പ്രവർത്തനങ്ങളും അങ്ങനെ തന്നെ. കഴിഞ്ഞ വർഷം രൂക്ഷമായ കടലാക്രമണമാണ് തീരത്തിന് നേരിടേണ്ടി വന്നത്. ഇത്തവണയും അത് തുടരും. കടലാക്രമണ ബാധിതരെ മാറ്റി പാർപ്പിക്കാനായി പ്രഖ്യാപിച്ചിരുന്ന പദ്ധതികളും തുടങ്ങിയയിടത്തു തന്നെയാണ്. പൊന്നാനി ഫിഷിംഗ് ഹാർബറിൽ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ച ഭവന സമുച്ചയം പദ്ധതി തറക്കല്ലിൽ തുടരുകയാണ്. ഫിഷർമെൻ കോളനിയുടെ പുനരുദ്ധാരണവും ഒന്നുമായില്ല.