അങ്ങാടിപ്പുറം: അങ്ങാടിപ്പുറത്ത് യുവാവിനെയും കുടുംബത്തെയും ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. വലമ്പൂർ സ്വദേശികളായ കളംപറമ്പിൽ മുഹമ്മദ് മുർഷിദ് (24), കളംപറമ്പിൽ ഇർഷാദ് അലി (ബോക്​സ് അലി -32), മാമ്പ്ര വീട്ടിൽ അബുതാഹിർ(37), മൂന്നാക്കൽ നൗഷാദ് (38), മുണ്ടക്കൽ സുനിൽകുമാർ (അമ്മാവൻ- 43) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ 28ന് രാത്രി എട്ടോടെ അങ്ങാടിപ്പുറം വലമ്പൂരിലുള്ള പരാതിക്കാരന്റെ വീടിന് സമീപം വച്ച് പ്രതികൾ മദ്യപിച്ച് ബഹളം വച്ചത് ചോദ്യം ചെയ്തപ്പോഴായിരുന്നു സംഭവം. മാരകായുധം കൊണ്ട് മർദ്ദിച്ച് മുഖത്തെ എല്ല് പൊട്ടിക്കുകയും തടയാൻ ചെന്ന അമ്മയെയും സഹോദരിയെയും കൈയേറ്റം ചെയ്യുകയും മൊബൈൽ ഫോൺ അപഹരിക്കുകയും ചെയ്തെന്നാണ് പരാതി.
പ്രതികൾ പെരിന്തൽമണ്ണ സ്റ്റേഷനിലെ സമാനമായ പത്തോളം കേസുകളിൽ പ്രതികളാണ്. നിരവധി പൊലീസ് സ്‌​റ്റേഷനുകളിൽ അടിപിടി, വധശ്രമം എന്നിവയ്ക്കും കേസുണ്ട്. പ്രതികളുടെ പേരിൽ കാപ്പ ഉൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കുമെന്ന് പെരിന്തൽമണ്ണ ഡിവൈഎസ്പി പി.സി. ഹരിദാസൻ, സി.ഐ. ശശീന്ദ്രൻ മേലേയിൽ എന്നിവർ അറിയിച്ചു. പ്രതികളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കും.