devika

മലപ്പുറം: വീട്ടിൽ ഓൺലൈൻ പഠന സൗകര്യങ്ങൾ ഒരുക്കാമെന്നും ആശങ്കപ്പെടേണ്ടെന്നും വീട്ടുകാർ മുഖേന ദേവികയെ അദ്ധ്യാപകർ അറിയിച്ചിരുന്നതായി മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർ കെ.എസ്.കുസുമം വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോർട്ട് നൽകി. ഓൺലൈൻ പഠന സൗകര്യമില്ലാത്തതിന്റെ സങ്കടത്തിൽ തിങ്കളാഴ്ച വൈകിട്ടാണ് ഇരിമ്പിളിയം മാങ്കേരി ദളിത് കോളനിയിലെ ഒമ്പതാം ക്ലാസുകാരി ദേവിക ആത്മഹത്യ ചെയ്തത്.

മലപ്പുറം ജില്ലയിൽ 62,​305 വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് വീട്ടിൽ സൗകര്യങ്ങളില്ലെന്നാണ് എസ്.എസ്.എയുടെ വിവര ശേഖരണത്തിൽ കണ്ടെത്തിയത്. ഇതിൽ 26 കുട്ടികൾ ദേവിക പഠിച്ചിരുന്ന സ്കൂളിൽ നിന്നാണ്. ഇവർക്ക് അടിയന്തരമായി പഠന സൗകര്യമൊരുക്കാൻ ഇരിമ്പിളിയം പഞ്ചായത്തുതല വിദ്യാഭ്യാസ സമിതി യോഗം തീരുമാനിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

മേയ് 27ന് വിദ്യാഭ്യാസ വകുപ്പ് വിളിച്ച ബ്ലോക്ക്തല യോഗത്തിൽ ,ജൂൺ അഞ്ചിനകം സൗകര്യങ്ങൾ ഒരുക്കിയാൽ മതിയെന്ന നിർദ്ദേശമാണ് നൽകിയിരുന്നതെന്ന് ഇരിമ്പിളിയം പഞ്ചായത്ത് പ്രസി‌ഡന്റ് റജുല നൗഷാദ് പറഞ്ഞു. പഞ്ചായത്തിൽ ഓൺലൈൻ സൗകര്യമില്ലാത്ത 280 കുട്ടികളുണ്ടെന്ന് പറയുകയല്ലാതെ, ഇവരുടെ പേര് വിവരങ്ങൾ നൽകിയിരുന്നില്ലെന്നും റജുല പറഞ്ഞു.