മലപ്പുറം: കാറും ബൈക്കും സ്വന്തമായുണ്ട്. പക്ഷേ, കൊണ്ടോട്ടി മേലങ്ങാടി സ്വദേശിയും മലപ്പുറം ഫയർ സ്റ്റേഷനിലെ ഫയർ ആന്റ് റെസ്‌ക്യൂ ഓഫീസറുമായ എ. ലിജു ദിവസവും 24 കിലോമീറ്റർ സൈക്കിൾ ചവിട്ടിയാണ് ഓഫീസിൽ പോകുന്നത്. കഴിഞ്ഞ അഞ്ചുമാസമായി ഇങ്ങനെയാണ് ഓഫീസ് യാത്ര.
അപകട മേഖലകളിൽ രക്ഷാപ്രവർത്തനങ്ങളിലേർപ്പെടുന്ന തന്നെപ്പോലുള്ളവർക്ക് ശാരീരിക ക്ഷമതയും മാനസികമായ കരുത്തും നിലനിറുത്താൻ അനുയോജ്യമാണ് സൈക്കിൾ സവാരിയെന്ന് ലിജു പറയുന്നു. കൃത്യമായി വ്യായാമം ചെയ്യാനാവാത്തതു മൂലമുള്ള പ്രശ്നങ്ങളും മറികടക്കാം. വഴിയോരക്കാഴ്ചകൾ ആസ്വദിച്ചുള്ള സൈക്കിൾ സവാരി നല്ലൊരു വിനോദം കൂടിയാണ്. അറിയാത്ത ആളുകളിൽ നിന്നുപോലും പുഞ്ചിരി ലഭിക്കാറുണ്ട്. ഇന്ധനവിലയും ലാഭിക്കാം - ലിജു പറയുന്നു.
34000 രൂപയുടെ ട്രൈബൽ ആർ.സി 120 മോഡൽ സൈക്കിളാണ് ലിജു ഉപയോഗിക്കുന്നത്. കാര്യമായ മെയിന്റനൻസും ആവശ്യമായി വന്നിട്ടില്ല.