മലപ്പുറം: പ്രളയ ദുരന്തനിവാരണത്തിനായി മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി പ്രത്യേക സമിതി രൂപവത്കരിച്ചു. പരിസ്ഥിതി ദിനമായ ഇന്നുമുതൽ ദുരന്തനിവാരണ സമിതി കർമ്മരംഗത്ത് കൂടുതൽ സജീവമാകുമെന്ന് മുസ്​ലിംലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ,​ ജനറൽ സെക്രട്ടറി അഡ്വ.യു.എ ലത്തീഫ്,​ സെക്രട്ടറി ഇസ്മയിൽ പി മൂത്തേടം എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജില്ലയിൽ വർഷകാലങ്ങളിൽ തുടർച്ചയായുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളും മറ്റു അത്യാഹിതങ്ങളും മുന്നിൽ കണ്ട് പ്രതിരോധ പ്രവർത്തനങ്ങൾ, ദുരിതാശ്വാസം, വൈദ്യസഹായം, വാളന്റിയർ സേവനം, മറ്റു സഹായങ്ങൾ, ബോധവത്കരണം തുടങ്ങിയ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ് ദുരന്തനിവാരണ സമിതിയുടെ പ്രധാന ദൗത്യം.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് ദുരന്ത നിവാരണ സമിതിയുടെ ജില്ലാ ചെയർമാൻ. അഡ്വ. യു.എ ലത്തീഫ് ജനറൽ കൺവീനറാണ്. മുസ്​ലിംലീഗ് ജില്ലാ ഭാരവാഹികൾ അംഗങ്ങളായിരിക്കും.
ജില്ലയിലെ മൂന്ന് പാർലമെന്റ് മണ്ഡലം കേന്ദ്രീകരിച്ച് ഉപസമിതികൾ പ്രവർത്തിക്കും.