news
ഓട്ടോയുമായി യൂസഫ്

തിരൂർ: ചാലിയം ടൗൺ സ്റ്റാന്റിൽ നിറുത്തിയിട്ടിരിക്കുന്ന ഓട്ടോറിക്ഷകളിൽ വേറിട്ടു നിൽക്കുകയാണ് ചാലിയം പടിഞ്ഞാറെ തൊടി മുഹമ്മദ് യൂസുഫിന്റെ ഓട്ടോയായ 'സന ഫാത്തിമ'. കൊവിഡ് പശ്ചാത്തലത്തിൽ ഒരുക്കിയ സുരക്ഷാ ക്രമീകരണമാണ് ഓട്ടോയെ ശ്രദ്ധേയമാക്കുന്നത്. ഭാര്യവീടായ തിരൂരിലും ഓട്ടോയുടെ ചിത്രങ്ങൾ വൈറലായിക്കഴിഞ്ഞു.
കൈ കഴുകാൻ ഓട്ടോയിൽ ഘടിപ്പിച്ച സംവിധാനമാണ് പ്രധാന ആകർഷണം. ഒരു മീറ്റർ നീളവും നാല് ഇഞ്ച് വ്യാസവുമുള്ള പി.വി.സി പൈപ്പിന്റെ ഇരുവശവും അടച്ചു അടിവശത്ത് ചെറിയ ടാപ്പ് ഘടിപ്പിച്ചു. പൈപ്പിനടുത്ത് വച്ചിട്ടുള്ള സോപ്പ് ലായനി കൈയിൽ പുരട്ടി പൈപ്പിൽ ഘടിപ്പിച്ച ടാപ്പിൽ നിന്നും വെള്ളമെടുത്ത് കൈ കഴുകണം. എന്നിട്ടേ ഓട്ടോയിൽ കയറാവൂ. സാനിറ്റൈസറിനേക്കാൾ ഫലപ്രദമാണ് സോപ്പുലായനി എന്നതാണ് ഇതിനെ യൂസഫിനെ പ്രേരിപ്പിച്ചത്. അഞ്ചു ലിറ്റർ വെള്ളം പൈപ്പിലുണ്ടാവും. തീരുന്ന മുറയ്ക്ക് വീണ്ടും നിറയ്ക്കും. വാടകവീട്ടിൽ താമസിച്ചു വരുന്ന യൂസഫ് പ്രവാസ ജീവിതം മതിയാക്കിയാണ് ഓട്ടോറിക്ഷ വാങ്ങിയത്.