anwer
പ്രളയ മുന്നൊരുക്കത്തിന്റെ ഭാഗമായി നിലമ്പൂരിൽ ചേർന്ന വിവിധ വകുപ്പ് മേധാവികളുടെ യോഗത്തിൽ പി.വി.അൻവർ എം.എൽ.എ സംസാരിക്കുന്നു.

​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​നിലമ്പൂർ: മേഖലയിൽ ഈ വർഷം പ്രളയമുണ്ടായാൽ അതിജീവിക്കാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി പി.വി.അൻവർ എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. നിലമ്പൂർ തഹസിൽദാർ, പഞ്ചായത്ത് പ്രസിഡന്റുമാർ, പൊലീസ്, ആരോഗ്യവകുപ്പ്,ഫയർഫോഴ്സ്, ഭക്ഷ്യ വകുപ്പ്, വില്ലേജ് ഓഫീസർമാർ തുടങ്ങി വിവിധ വകു​പ്പ് ഉദ്യോഗസ്ഥർ നിലമ്പൂർ ടി.ബിയിൽ ചേർന്ന യോഗത്തിൽ പങ്കെടുത്തു.
കോവിഡ് 19 ഭീതി നിലനിൽക്കുന്നതിനാൽ രക്ഷാപ്രവർത്തനവും പ്രതിരോധ പ്രവർത്തനവും ഏറെ ദുഷ്‌കരമാവുമെന്നതിനാൽ അത് മുൻകൂട്ടി കണ്ടുള്ള മുൻ കരുതൽ നടപടികളാണ് ആസൂത്രണം ചെയ്തത്.
തീരുമാനങ്ങൾ:​
കോവിഡ് സാഹചര്യത്തിൽ പ്രളയബാധിത പ്രദേശങ്ങളിലുള്ളവരെ താമസിപ്പിക്കുന്ന ക്യാമ്പുകൾ നാല് കാറ്റഗറിയായി തരം തിരിക്കും. പ്രായമായവർ, കുട്ടികൾ, രോഗബാധിതർ, അല്ലാത്തവർ എന്നിവരെ പ്രത്യേകമായ കെട്ടിടങ്ങളിൽ താമസിപ്പിക്കും.
റവന്യൂ വകുപ്പും പഞ്ചായത്തും ചേർന്ന് സ്ഥലങ്ങൾ മുൻകൂട്ടി കണ്ടെത്തണം. കഴിഞ്ഞ പ്രളയത്തിൽ പുഴകളിൽ അടിഞ്ഞ് കൂടിയിരിക്കുന്ന തടികൾ ഉൾപ്പെടെ അടിയന്തരമായി റവന്യൂ അധികൃതർ നീക്കണം.
പൊലീസ്, അഗ്നിശമന സേന, ആരോഗ്യ വകുപ്പ് എന്നിവർ ദുരിതബാധിതരെ പുനരധിവാസ കേന്ദ്രങ്ങളിലെത്തിക്കണം. ദുരിതാശ്വാസ കേന്ദ്രങ്ങളിൽ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ ഭക്ഷണം വിതരണം ചെയ്യണം.
ഉൾവനങ്ങളിലെ കോളനികളിൽ കുടുങ്ങാൻ സാദ്ധ്യതയുള്ള ആദിവാസി കുടുംബങ്ങളെ നേരത്തെ സുരക്ഷിത സ്ഥാനങ്ങളിൽ എത്തിക്കണം.
ആദിവാസികൾക്ക് രണ്ട് മാസത്തെ ഭക്ഷണം വനം, ഐ.ടി.ഡി.പി. വകുപ്പുകൾ മുൻകൂട്ടി ചെയ്യണം.
വില്ലേജ് പരിധിയിലുള്ള ജെ.സി.ബികളുടെ കണക്കും, നമ്പറുകളും റവന്യൂ വകുപ്പ് കരുതണം. ക്യാമ്പുകളിലേക്കുള്ള പച്ചക്കറികൾ ഹോർട്ടി കോർപ്പ് മുഖേന എത്തിക്കും. സെൻസർ സിസ്റ്റമില്ലാത്ത ലോറികളുടെ ലിസ്റ്റ് ശേഖരിച്ച് പ്രളയ സമയത്ത് ഉപയോഗിക്കണം.
അപകടം മുൻപേ ഒഴിവാക്കുന്നതിന് വീടിന് മുകളിലേക്കും പാതയോരത്തേക്കും ചാഞ്ഞു നിൽക്കുന്ന മരക്കമ്പുകൾ വെട്ടിമാറ്റണം. റോഡിൽ വെള്ളം കയറിയുള്ള യാത്രാ തടസ്സം പരിഹരിക്കുന്നതിന് ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ ഫൈബർ ബോട്ടുകൾ കരുതണം. വിവിധ വകുപ്പു മേധാവികളുടെ നിർദ്ദേശം കൂടി കണക്കിലെടുത്താണ് തീരുമാനങ്ങൾ.
പഞ്ചായത്ത് തലത്തിൽ വിവിധ വകുപ്പ് മേധാവികളെ ഉൾപ്പെടുത്തി അടുത്ത ദിവസം തന്നെ യോഗം ചേർന്ന് തീരുമാന പ്രകാരമുള്ള സൗകര്യങ്ങൾ ഒരുക്കാനുള്ള നടപടി പൂർത്തീയാക്കും.
കഴിഞ്ഞ പ്രളയത്തിലെ കുടുംബങ്ങളുടെ പുനരധിവാസം വൈകിയത് റവന്യൂ വകുപ്പിന്റെ ഗുരുതര വീഴ്ച്ച മൂലമാണെന്ന് എം.എൽ.എ യോഗത്തിൽ കുറ്റപ്പെടുത്തി.
രണ്ടു ദിവസത്തിനുള്ളിൽ കളക്ടർ മണ്ഡലത്തിലെത്തി സ്ഥിതിഗതികൾ വിലയിരുത്തുമെന്നും എം.എൽ.എ യോഗത്തിൽ അറിയിച്ചു.